∙പേരമകൾ രാഷ്ട്രീയത്തിൽ വരുമെന്നു കണക്കുകൂട്ടിയിട്ടൊന്നുമല്ല പഴയങ്ങാടി വെങ്ങര പരത്തി കണ്ണൻ അവൾക്ക് ഇന്ദിരയെന്ന പേരിട്ടത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു.
അച്ഛൻ പരേതനായ ബാലകൃഷ്ണന് രാഷ്ട്രീയമൊന്നുമില്ലായിരുന്നു. എന്നാൽ കാലം കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇന്ദിര രാഷ്ട്രീയക്കാരിയായി.
വിദ്യാർഥിരാഷ്ട്രീയത്തിലൂടെ സജീവമായി ഇപ്പോൾ കണ്ണൂർ കോർപറേഷനിലെ മേയർ വരെയായി.
2011ൽ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ പട്ടുവത്തെ അരിയിൽ ബൂത്തിൽ ചെന്നപ്പോൾ എതിർപാർട്ടിക്കാർ പെട്രോളൊഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തി. അങ്ങനെയൊരു പതിവ് അവിടെയില്ലായിരുന്നു.
പാർട്ടിഗ്രാമത്തിൽ എതിർപാർട്ടിക്കാർ വരാറില്ല. പക്ഷേ, ഇന്ദിര ചെന്നു.
പെട്രോളുമായി ചെന്നവനോട് ‘അത്രയ്ക്കു ധൈര്യമുണ്ടെങ്കിൽ ഒഴിച്ചു കത്തിക്കൂ’ എന്നു പറഞ്ഞപ്പോൾ വന്നവന്റെ ധൈര്യം കാറ്റായിപ്പോയി. അങ്ങനെയൊരു ധൈര്യത്തിലാണ് വിമതശല്യമുണ്ടായിട്ടും ഇക്കുറി പയ്യാമ്പലം ഡിവിഷനിൽനിന്ന് ജയിച്ചുകയറിയതും.
മേയറായി സ്ഥാനമേറ്റെടുത്ത പി.ഇന്ദിര നഗരവികസനത്തെക്കുറിച്ച് കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
പയ്യാമ്പലത്തിന് പ്രഥമ പരിഗണന
ഏറ്റവും വലിയ പ്രശ്നം പയ്യാമ്പലം ശ്മശാനമാണ്. അതൊന്ന് ശരിയാക്കിയെടുക്കണം.
കെ.സുധാകരൻ എംപി ശ്മശാന നവീകരണം സംബന്ധിച്ചൊരു പദ്ധതി തയാറാക്കുന്നുണ്ട്. വിദഗ്ധരെ കൊണ്ടുവന്ന് ആധുനികരീതിയിൽ നവീകരിക്കും.
ചടങ്ങിനെത്തുന്നവർക്ക് വിശ്രമിക്കാനൊക്കെ സൗകര്യമുള്ള രീതിയിലായിരിക്കും നവീകരിക്കുക. കോഴിക്കോട് കോർപറേഷനിലെ മാതൃകയിൽ ആക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. പയ്യാമ്പലത്തെ ആളുകളുടെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കും നവീകരിക്കുക.
തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാർക്കു നൽകിയ വാക്കാണത്. പാലിച്ചിരിക്കും.
അതുപോലെ പ്രാദേശിക ശ്മശാനങ്ങൾ വികസിപ്പിച്ച് അതതു സ്ഥലത്തുതന്നെ സംസ്കാരം നടത്താനുള്ള സൗകര്യമൊരുക്കും. ചേലോറയിൽ ശ്മശാനത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. ഉടൻ അതു പ്രവർത്തനം തുടങ്ങും
സൗന്ദര്യവൽക്കരണം
ടൗൺ സൗന്ദര്യവൽക്കരണത്തിനു തുടക്കമിട്ടു കഴിഞ്ഞു.
5.5 കോടി രൂപയുടെ പ്രവർത്തനം കാൽടെക്സിൽനിന്നു തുടങ്ങി. കാൽടെക്സ് മുതൽ റെയിൽവേ സ്റ്റേഷൻ വരെ ഇപ്പോൾ നവീകരിക്കും. വികസനത്തിന് എല്ലാ വഴികളും തേടും.
ടൗണിന് ഉൾഭാഗത്തു കൂടിയുള്ള റോഡുകളുടെ വികസനമാണ് വലിയ വെല്ലുവിളി. എവിടെയും സ്ഥലം ലഭിക്കില്ല.
ഉള്ള വീതിയിൽ നവീകരിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. കോഴിക്കോട്ട് ആളുകൾക്കു വന്നിരിക്കാനൊക്കെയുള്ള പാർക്ക് നഗരമധ്യത്തിൽ തന്നെയുണ്ട്.
കണ്ണൂരിൽ ഉള്ളതെല്ലാം ഓരോ സർക്കാർ വകുപ്പുകളുടേതാണ്. നഗരത്തിലെ ഓവുചാലുകളാണ് മറ്റൊരു പ്രശ്നം.
പടന്നത്തോട്ടിലെ മാലിന്യപ്ലാന്റിലേക്ക് എല്ലായിടത്തുനിന്നുമുള്ള അഴുക്കുവെള്ളം എത്തിക്കാൻ കഴിയണം. എല്ലാ വീട്ടിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും മാലിന്യം പ്ലാന്റിലെത്തിക്കണം. മൂന്നോ നാലോ വാർഡിനായി ചെറിയ ട്രീറ്റ്മെന്റ് പ്ലാന്റ് ഉണ്ടാക്കണം.
ഇപ്പോഴത്തെ രീതിയിൽ ഓവുചാലിലേക്ക് മാലിന്യം ഒഴുക്കൽ എന്നും നടക്കില്ല.
ലക്ഷ്യം ജനക്ഷേമം
പലതരം രോഗങ്ങൾ കൊണ്ടു വിഷമിക്കുന്നവരുണ്ട്. അവർക്ക് പരിശോധന, ചികിത്സ, മരുന്ന് എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കുക എന്നത് കോർപറേഷന്റെ പ്രധാന പരിഗണനയിലുള്ളതാണ്. കാൻസർ നിയന്ത്രിത കോർപറേഷൻ എന്ന പദ്ധതി കൊല്ലങ്ങൾക്കു മുൻപേ തുടങ്ങിയതാണ്. വയോജനങ്ങൾക്കായി പ്രത്യേക പദ്ധതി ആലോചിക്കുന്നുണ്ട്. വീടുകളിൽ ഒറ്റയ്ക്കു കഴിയുന്നവർ ധാരാളമുണ്ട് കോർപറേഷൻ പരിധിയിൽ.
പകൽ സമയങ്ങളിൽ വന്ന് സന്തോഷം കണ്ടെത്താനുള്ള ഡേ ഹോമുകൾ ഉണ്ടാക്കും.
പഴയ ബസ് സ്റ്റാൻഡ്
പഴയ ബസ് സ്റ്റാൻഡ് പൊളിച്ചു നിർമിക്കാനുള്ള സമയമായി. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കാനുള്ള പ്രോജക്ട് തയാറാക്കിയിട്ടുണ്ട്.
കൺവൻഷൻ സെന്റർ, മൾട്ടിപ്ലക്സ് തിയറ്റർ, ഫുഡ് കോർട്ട് ഇങ്ങനെയുള്ള കാഴ്ചപ്പാടിലാണ് പോകുന്നത്. നഗരത്തിൽ നൈറ്റ് ലൈഫ് വിപുലമാക്കാനും ആലോചിക്കുന്നുണ്ട്.
എസ്എൻ പാർക്ക് റോഡിൽ ഫുഡ് സ്ട്രീറ്റ് കൊണ്ടുവരും. ഇപ്പോൾ തന്നെ അവിടെ രാത്രിയിൽ ഒട്ടേറെ പേർ ഭക്ഷണം കഴിക്കാൻ എത്തുന്നുണ്ട്.
സ്റ്റേഡിയം നവീകരണം
അടുത്തകാലം വരെ മുനിസിപ്പൽ സ്റ്റേഡിയം ആരും തിരിഞ്ഞുനോക്കാത്ത നിലയിലായിരുന്നു.
അവിടെ സൂപ്പർ ലീഗ് കേരള വന്നപ്പോൾ എത്ര ആയിരം ആളുകളാണു കളി കാണാൻ വന്നത്. സ്റ്റേഡിയവും നവീകരിക്കേണ്ടതുണ്ട്.
അവിടെയുള്ള കച്ചവടക്കാരെ നിലനിർത്തി എങ്ങനെ പ്ലാൻ തയാറാക്കാമെന്നതുസംബന്ധിച്ച് ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ് മോഡലിലായിരിക്കും നടപ്പാക്കുക.
ബിഒടി അടിസ്ഥാനത്തിലാകുമ്പോൾ കോർപറേഷനു വരുമാനൊന്നും ലഭിക്കില്ലല്ലോ. കോർപറേഷന്റെ പുതിയ കെട്ടിടം പണി ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്.
ബീച്ച് നവീകരണം
പയ്യാമ്പലത്ത് റോഡിലെ പാർക്കിങ്ങാണ് വലിയ പ്രശ്നം.
ഇപ്പോഴത്തെ ബങ്കുകൾ റോഡരികിൽനിന്ന് ഉള്ളിലേക്കു മാറ്റി റോഡിൽ യാത്രാസൗകര്യമൊരുക്കും. പ്രത്യേക സ്ട്രീറ്റ് വെൻഡിങ് സോൺ തയാറാക്കും. ഓപ്പൺ സ്റ്റേജും നിർമിക്കും.
ഗതാഗത സംസ്കാരം
നഗരത്തിൽ ഗതാഗതസംസ്കാരം ഇനിയും പ്രാബല്യത്തിലായിട്ടില്ല.
എവിടെയെങ്കിലും പാർക്ക് ചെയ്യുക, നടപ്പാതയിൽ പാർക്ക് ചെയ്യുക എന്നതൊക്കെ സ്ഥിരം കാഴ്ചയാണ്. അത് അവസാനിപ്പിക്കണം.
ഇപ്പോൾ തന്നെ നൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന മൾട്ടിലവൽ കാർ പാർക്കിങ് സെന്ററുണ്ട്. അതിന്റെ താഴെ നിർത്തിയാലും ഇവിടേക്ക് വാഹനം കൊണ്ടുവരില്ല.
ട്രാഫിക് പൊലീസുമായി ചേർന്ന് ഇതിനൊരു നടപടിയാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

