ഇരിട്ടി ∙ 6 മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ആറളം ഫാമിൽ ആനമതിൽ നിർമാണം പുനരാരംഭിച്ചു. സമയബന്ധിതമായി പണി പൂർത്തിയാക്കാത്തതിനെ തുടർന്നു പുറത്താക്കിയ കരാറുകാരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് റദ്ദാക്കിയതിനു പിന്നാലെ മരാമത്ത് കെട്ടിട
നിർമാണ വിഭാഗം റീടെൻഡർ എടുത്ത കരാറുകാർക്ക് വർക്ക് ഓർഡർ നൽകുകയായിരുന്നു. വളയംചാൽ ഭാഗത്ത് പഴയ മതിൽ പൊളിച്ചു പുതിയ മതിൽ നിർമിക്കാൻ അടിത്തറ ഒരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.
6 മാസം ആണ് കരാർ കാലാവധി എന്നും ഈ സമയ പരിധിക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള കർമ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും കരാർ എടുത്ത ഹിൽട്രാക്ക് കൺസ്ട്രക്ഷൻസ് ഡയറക്ടർ അരുൺ ഡേവിഡ് അറിയിച്ചു.
ആറളം ഫാം പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന 9.899 കിലോമീറ്റർ ദൂരത്തിൽ നിർമിക്കേണ്ട ആനമതിലിൽ പഴയ കരാറുകാർ അവശേഷിപ്പിച്ച 6 കിലോമീറ്റർ ദൂരത്തെ പ്രവൃത്തിയാണ് തുടങ്ങിയിട്ടുള്ളത്.
കരിങ്കൽ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ സ്റ്റോക്ക് ചെയ്ത ശേഷം കൂടുതൽ റീച്ചുകളിൽ പണി നടത്തി വേഗം പൂർത്തീകരിക്കുകയാണു ലക്ഷ്യം.
മതിൽ പൂർത്തിയായാൽ ഫാമിലെയും പുനരധിവാസ മേഖലയിലെയും കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. കരാർ നൽകി 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മാത്രം ആയിരുന്നു പഴയ കരാറുകാർ മതിൽ പണി നടത്തിയത്.
ഇതെത്തുടർന്നാണ് കരാർ റദ്ദ് ചെയ്തത്. 6 കിലോമീറ്റർ ദൂരം 29 കോടി രൂപയ്ക്ക് വിളിച്ച റീടെൻഡർ 8 ശതമാനം കുറവിലാണു ഹിൽട്രാക്ക് ടെൻഡർ എടുത്തത്.
ഹൈക്കോടതിയുടെ കർശന ഇടപെടലും കാരണം
∙ആറളത്തെ മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ ബത്തേരി സ്വദേശി ബൈജു പോൾ മാത്യൂസ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ കർശനമായ ഇടപെടൽ നടത്തിയ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.എം.മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിലപാടാണ് ആനമതിൽ നിർമാണം ഇപ്പോഴെങ്കിലും പുനഃരാരംഭിക്കുന്നതിനു പ്രധാന കാരണമായത്.
ആദിവാസി പുനരധിവാസ മേഖലയെന്ന പ്രത്യേക പരിഗണന നൽകിയ കോടതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അസാധാരണമായ നീക്കം ആണു ആറളത്ത് നടത്തിയത്.
ആറളത്ത് പ്രദേശവാസികളുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു ഫാമിലും പുനരധിവാസ മേഖലയിലും നടത്താൻ സാധിക്കുന്ന ഇടപെടലുകൾ സംബന്ധിച്ചു വിവിധ വകുപ്പുകളുടെ വിശദീകരണം തേടി. മാസങ്ങളായി എല്ലാ ബുധനാഴ്ചയും പ്രത്യേക സിറ്റിങ് നടത്തി ആറളത്തെ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നുണ്ട്.
കേസ് പരിഗണിക്കുന്ന ജഡ്ജിമാർ ഫാം സന്ദർശിച്ചു സ്ഥിതിഗതികൾ നേരിട്ടും മനസ്സിലാക്കി. ആനമതിൽ പണി 2026 മാർച്ച് 31നുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് മരാമത്ത് കെട്ടിട
നിർമാണ വിഭാഗം ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങൾക്ക് മറുപടിയായി ജില്ലാ ഭരണകൂടം മുഖേന ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.
ഓരോ ദിവസവും ലക്ഷങ്ങളുടെ നഷ്ടം, ജീവനും ഭീഷണി
∙ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും മനുഷ്യ ജീവനു ഭീഷണിയായി വിഹരിക്കുന്ന കാട്ടാനക്കൂട്ടം ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഓരോ ദിവസവും വരുത്തുന്നത്. 30 – 40 ആനകൾ പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലുമായി തമ്പടിച്ചിട്ടുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ 10 വർഷത്തിനിടെ 14 പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഫാം കൃഷിയിടത്തിൽ മാത്രം 100 കോടിയോളം രൂപയുടെ കൃഷിനാശവും ഉണ്ടായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

