
പയ്യന്നൂർ ∙ കുട്ടികൾക്ക് കായിക മേഖലയിൽ മുന്നേറ്റം കൈവരിക്കാൻ സിന്തറ്റിക് ട്രാക്ക് പയ്യന്നൂരിന് അനിവാര്യമാണ്. സംസ്ഥാന അത്ലറ്റിക് മീറ്റിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച ഒട്ടനവധി താരങ്ങൾ പയ്യന്നൂരിലും പരിസരങ്ങളിൽ നിന്നു വളർന്നുവന്നിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തേതാണ് കോറോത്തെ കെ.കെ.പ്രകാശന്റെയും മഹിജയുടെയും മകൾ മാത്തിൽ ഹൈസ്കൂൾ വിദ്യാർഥിനി പി.വി.നിരഞ്ജന.
സംസ്ഥാന അത്ലറ്റിക് മീറ്റിൽ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 3000 മീറ്റർ നടത്തമത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
നിലവിലുള്ള റെക്കോർഡ് തകർത്താണ് ഈ വിജയം കൊയ്തത്. എന്നാൽ കുട്ടികൾക്ക് പരിശീലനം നടത്താൻ നല്ലൊരു കളിസ്ഥലമില്ല. എല്ലാ വിദ്യാലയങ്ങൾക്കും കളി സ്ഥലം ഉണ്ടെങ്കിലും മഴക്കാലത്ത് ചെളി നിറഞ്ഞ് നിൽക്കുന്നവയാണ് അതെല്ലാം.
വർഷം മുഴുവൻ പരിശീലനം നടത്താൻ ഈ ഗ്രൗണ്ടുകളൊന്നും സജ്ജമല്ല.
പയ്യന്നൂരിൽ മൾട്ടി പർപ്പസ് സ്റ്റേഡിയവും പയ്യന്നൂർ കോളജിൽ ആധുനിക കളിസ്ഥലവുമൊക്കെ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. ഇപ്പോൾ കുട്ടികളെ പരിശീലിപ്പിക്കാൻ രക്ഷിതാക്കൾ ഫീസ് നൽകി 25 കിലോമീറ്റർ അകലെയുള്ള നീലേശ്വരം ഇഎംഎസ് സിന്തറ്റിക് സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുപോകുന്നത്.
ദിവസവുമുള്ള യാത്രാ ചെലവ് ഇനത്തിൽ തന്നെ രക്ഷിതാക്കൾ വലിയൊരു തുക ചെലവഴിക്കേണ്ടി വരുന്നു.
കായിക താരങ്ങളെ വളർത്തിയെടുക്കാൻ കാങ്കോലിലെ ഫാസ്റ്റ് അക്കാദമിയും ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കാൻ പയ്യന്നൂർ ഫുട്ബോൾ അക്കാദമിയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. അതിനാവശ്യമായ ആധുനിക രീതിയിൽ നമ്മുടെ സ്കൂൾ ഗ്രൗണ്ടുകൾ സജ്ജമാക്കിയെടുക്കാൻ കഴിയണം. ഒപ്പം ഒരു കേന്ദ്രത്തിൽ നല്ലൊരു സിന്തറ്റിക് ട്രാക്കും സജ്ജമാക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]