
ശമനമില്ലാതെ മഴ; പലയിടത്തും കനത്ത നാശനഷ്ടം: വിറച്ച് നഗരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി∙ കനത്ത മഴയിലും കാറ്റിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം. റോഡുകളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും കെട്ടിടങ്ങൾക്കും വീടുകൾക്കും മേൽ മരം വീണു. തീര പ്രദേശങ്ങളിലെ വീടുകളിലെ ഓടുകൾ കാറ്റിൽ തെന്നിനീങ്ങി. പ്രദേശങ്ങളിൽ ചില സ്ഥലങ്ങളിൽ കടലേറ്റ ഭീഷണിയുമുണ്ട്. കുയ്യാലി ഭാഗങ്ങളിൽ വെള്ളം കയറിയ ആറോളം വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.
റോഡിൽ വെള്ളം കയറിയപ്പോൾ.
മഞ്ഞോടി കുട്ടിമാക്കൂൽ റോഡ്, പുല്ലമ്പിൽ റോഡ്, കുയ്യാലി ഗുഡ്ഷെഡ് റോഡ്, ഇല്ലത്തുതാഴെ, കൊളശ്ശേരി, കുയ്യാലി റോഡ് എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പുതിയ ബസ് സ്റ്റാൻഡിൽ കടകളിൽ വെള്ളം കയറിയതു മൂലം പലതും അടച്ചു.മാധ്യമപ്രവർത്തകനായ കതിരൂർ കാരക്കുന്നിലെ വൈഷ്ണവിൽ എൻ.പ്രശാന്തിന്റെ വീടിനു മേൽ തെങ്ങ് കടപുഴകി. ഉക്കാസ്മെട്ട ഒതയോത്ത് കോളനിയിലെ ശ്രീകലയുടെ വീടിനു മുകളിലും പുല്യോട് ഈസ്റ്റ് പ്രിയേഷ് നിവാസിൽ പി.വി.ശോഭയുടെ വീടിനു മുകളിലും കമുക് വീണു നാശമുണ്ടായി. പ്രദേശത്തെ റെനിയുടെ വീടിനു മുകളിലും ചാലിൽ ഹൗസ് ശ്യാമളയുടെ വീടിനു മുകളിലും പുല്യോടി ഷാഹിദ ഹൗസിൽ ഇ.നസീമയുടെ വീടിനു മുകളിലും തെങ്ങുവീണു നാശമുണ്ടായി. കോണോർവയലിൽ വെള്ളം കയറി ശാരദാസിൽ കെ.കെ. ശാരദയുടെ വീട്ടുവരാന്തയിലും വെള്ളം കയറി.
ജില്ലയിൽ അതിതീവ്ര മഴയുടെ സാഹചര്യത്തിൽ നഗരസഭ ദുരന്ത നിവാരണസമിതി യോഗം ചേർന്നു നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി.നഗരസഭ അധ്യക്ഷ കെ എം ജമുനാ റാണി അധ്യക്ഷത വഹിച്ചു. സ്റ്റേഡിയം പവിലിയൻ, ബ്രണ്ണൻ ട്രെയ്നിങ് സെന്റർ, നഗരസഭ ടൗൺ ഹാൾ, ചിറക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ സ്കൂൾ, മുബാറക് ഹയർസെക്കൻഡറി സ്കൂൾ, എൻടിടിഎഫ് ട്രെയ്നിങ് സെന്റർ, കോടിയേരി സ്കൂൾ, കോടിയേരി ബാങ്ക് ഓഡിറ്റോറിയം, വയോജന കേന്ദ്രം, കാരാൽതെരു അമൃത സ്കൂൾ ചക്യത്തു മുക്ക്, കോടിയേരി വനിത തൊഴിൽ പരിശീലന കേന്ദ്രം എന്നിവ അത്യാവശ്യ ഘട്ടങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.
നഗരസഭയുടെ നിലവിലുള്ള ദുരന്തനിവാരണം സേന വിപുലീകരിക്കാനും പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാവശ്യ ഉപകരണങ്ങൾ വാങ്ങിക്കാനും തീരുമാനിച്ചു. നഗരസഭാ ഉപാധ്യക്ഷൻ എം.വി ജയരാജൻ, നഗരസഭ സെക്രട്ടറി, പൊലീസ്, അഗ്നിരക്ഷാ സേന, റവന്യു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുത്തു.
പാനൂർ ∙ശക്തമായ മഴയിൽ പാനൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനിടയിലായി. കടവത്തൂർ കൊല്ലക്കൽ പുഴ കരകവിഞ്ഞു. കടവത്തൂർ ടൗണിൽ വെള്ളം കയറി. ഒട്ടേറെ കടകളിലും വെള്ളം കയറി. കടവത്തൂർ കുറുങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.മാഹി പുഴയുടെ ഭാഗമായി പെരിങ്ങത്തൂർ പുഴ കരകവിയൽ ഭീഷണിയിലാണ്. പെരിങ്ങത്തൂരിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഒട്ടേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. സെൻട്രൽ എലാങ്കോട് കടവത്തൂർ റോഡിൽ ഡയാലിസിസ് സെന്ററിനു സമീപം വെള്ളത്തിനിടയിലായി. ഇന്നലെ രാവിലെ വീശിയടിച്ച കാറ്റിൽ പാനൂർ നഗരസഭ ഒന്നാം വാർഡിൽ ചെറിയ കാളാച്ചേരി സതീശന്റെ 60 നേന്ത്രവാഴകൾ നിലംപൊത്തി. പാനൂർ ടൗണിലും പാലക്കൂലിലും വൈദ്യുതി ബന്ധം താറുമായി.
കൂത്തുപറമ്പ് ∙ ശക്തമായ മഴയിൽ പുറക്കളത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകൾക്ക് മുകളിൽ മരക്കൊമ്പ് വീണ് ഓട്ടോ ഭാഗികമായി തകർന്നു. തിങ്കളാഴ്ച കാലത്ത് എട്ടോടെയാണ് സംഭവം. ആളെ കയറ്റുന്നതിന് വേണ്ടി പുറക്കളം പഴയനിരത്ത് ജംക്ഷനിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷകൾ. ഇരുവാഹനങ്ങളിലും ഡ്രൈവർമാർ ഉണ്ടായിരുന്നെങ്കിലും മരക്കൊമ്പ് വീഴുന്നത് കണ്ട് ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിന് കുറുകെ വീണത് കാരണം പുറക്കളം പഴയനിരത്ത് റോഡ് വഴിയുള്ള ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു. കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുനീക്കിയത്.