കണ്ണൂർ ∙ കൃഷിയിടങ്ങളിൽ നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊന്ന് കർഷകർക്കു രക്ഷകരായെങ്കിലും ചെയ്ത ജോലിക്കു കൂലി കിട്ടാതെ ഷൂട്ടർമാർ. പന്നികളെ വെടിവച്ചുകൊല്ലാൻ അനുമതിപത്രം നൽകി വിളിക്കാൻ പഞ്ചായത്ത് ഭരണസമിതികൾ തിടുക്കം കാട്ടുമെങ്കിലും ആ തിടുക്കം കൂലി കൊടുക്കുന്നതില്ല. ജില്ലയിലെ ലൈസൻസുള്ള 82 ഷൂട്ടർമാരിൽ അപൂർവം പേർക്കു മാത്രമേ കൂലി കിട്ടിയിട്ടുള്ളൂ.
ഫണ്ടില്ല, പിന്നീടു തരാമെന്നു പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റുമാർ കൈമലർത്തുകയാണെന്നാണ് ഷൂട്ടർമാർ പറയുന്നു. അതുകൊണ്ടുതന്നെ പന്നിയെ കൊല്ലാൻ വിളിച്ചാൽ പലരും പോകാൻ മടിക്കുന്നുണ്ട്.
ലൈസൻസ് പുതുക്കാനും പ്രയാസം
∙ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചിനു കീഴിൽ 58, കൊട്ടിയൂർ 23, കണ്ണവം ഒന്ന് എന്നിങ്ങനെയാണു ലൈസൻസുള്ള ഷൂട്ടർമാരുടെ കണക്ക്. അഞ്ചു കൊല്ലം കൂടുമ്പോഴാണു ലൈസൻസ് പുതുക്കേണ്ടത്. എഡിഎം ഓഫിസിൽ അപേക്ഷ നൽകിയാലും പൊലീസ് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നതിനാൽ ആറുമാസം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് ഷൂട്ടർമാർ പറഞ്ഞു. കൃഷിസംരക്ഷണത്തിനെന്ന പേരിലാണു ലൈസൻസ് അനുവദിക്കുക.
കാട്ടുപന്നികളെ കൊല്ലുന്നവരാണെന്നു പറഞ്ഞാലും പൊലീസ് പരിശോധന വൈകും. ലൈസൻസ് നേടിയതു കൊണ്ടുമാത്രം പന്നികളെ കൊല്ലാൻ കഴിയില്ല.
ഗോവയിലെ ഷൂട്ടിങ് അക്കാദമിയിൽനിന്നു പരിശീലനം നേടിയവരാണു ഭൂരിഭാഗംപേരും. പലവിധത്തിലുള്ള തോക്കുകൾ കൈകാര്യം ചെയ്യാൻ ഇവർക്കറിയാം.
ഇതിനു പുറമേ വന്യമൃഗ സംരക്ഷണ നിയമത്തെക്കുറിച്ചുള്ള അറിവുമുണ്ടാകണം.
ഷൂട്ടർമാരുടെ പ്രതിഫലം
1,500 രൂപയാണ് ഒരു പന്നിയെ വെടിവച്ചുകൊന്നാൽ ലഭിക്കുക. ഇതിനെ കുഴിയെടുത്തു കുഴിച്ചുമൂടാൻ 2000 രൂപയും.
പന്നി ശല്യമായാൽ
കാട്ടുപന്നിശല്യത്തെക്കുറിച്ചു കർഷകർ വിവരം നൽകിയാൽ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേക അനുമതിപത്രം നൽകി ലൈസൻസുള്ള ഷൂട്ടർമാരെ വിളിക്കും.
പഞ്ചായത്തുകളുടെ തനതുഫണ്ടിൽനിന്നാണ് പണം അനുവദിക്കുക. അഞ്ചോ പത്തോ പേരുള്ള സംഘമായിട്ടാണ് ഷൂട്ടർമാർ വരിക.
മിക്ക സംഘത്തിന്റെ കൂടെ വേട്ടനായ്ക്കളുമുണ്ടാകും. കുറുമാത്തൂരിലുള്ള കർഷകസഹായസേനയെ അറിയിച്ചാൽ 18 പേരടങ്ങുന്ന സംഘമാണു വരിക.
മൂന്നു വേട്ടനായ്ക്കളും. ഇത്രയും പേർ ഒരു കാട്ടുപന്നിയെ കൊന്നാൽ ലഭിക്കുക 1500 രൂപയാണ്.
അതും കടം പറയുന്നതോടെ പലരും പന്നിയെ കൊല്ലാൻ പോകാൻ മടിക്കുകയാണ്.
കൂട്ടിന് വേട്ടനായ
പാലക്കാട്ടു നിന്നുകൊണ്ടുവന്ന നായ്ക്കളെ പ്രത്യേക പരിശീലനം നൽകിയാണ് പന്നി വേട്ടയ്ക്കു കൊണ്ടുപോകുന്നത്. കൃഷിയിടങ്ങൾക്കു സമീപമുള്ള കുറ്റിക്കാടുകളിൽ ഒളിക്കുന്ന കാട്ടുപന്നികളെ ഈ നായ്ക്കൾ ഓടിച്ചു പുറത്തുകൊണ്ടുവരും.
മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ഓരോ പന്നിയെയും കൊല്ലാൻ സാധിക്കുക.
ചില ദിവസങ്ങളിൽ എത്ര ശ്രമിച്ചാലും പന്നിയെ കിട്ടില്ല.
ചെലവുണ്ട്
തോട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണു വെടിവയ്ക്കുക. ഒരു തിരയ്ക്ക് 100–120 രൂപ ചെലവു വരും.
ചിലപ്പോൾ ഒരുവെടിക്ക് പന്നി ചാകും. ചിലപ്പോൾ അഞ്ച് തിര വരെ വേണ്ടിവരും.
അഞ്ച് വെടിവച്ചിട്ടുണ്ടെങ്കിൽ തിരയ്ക്കു മാത്രം 600 രൂപ. ഓടി രക്ഷപ്പെടുന്ന പന്നിയെ ജീവൻ പണയംവച്ചാണു പലരും വെടിവയ്ക്കാനെത്തുന്നത്.
കൊന്ന പന്നിയെ വനംവകുപ്പ് പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചു സംസ്കരിക്കണം. ഇത്രയൊക്കെ ജോലി ചെയ്താലും കൂലി ലഭിക്കാത്തതാണ് പലരെയും ഈ മേഖലയിൽനിന്നു പിന്തിരിപ്പിക്കുന്നത്.
കർഷകർക്കു സഹായമായി കർഷകസഹായസേന
കൃഷിക്കാർക്ക് ആശ്വാസമാണ് കർഷകസഹായസേന.
തളിപ്പറമ്പ് താലൂക്കിലെ ലൈസൻസുള്ള തോക്കുടമകളുടെ കൂട്ടായ്മയാണിത്. പന്നിശല്യം കാരണം കൃഷി ഉപേക്ഷിച്ചിരുന്ന ഒട്ടേറെ കർഷകരെ കൃഷിയിടത്തിലേക്കു തിരിച്ചുകൊണ്ടവരാൻ ഇവർക്കു സാധിച്ചു.
രാത്രിയും പകലുമെന്നില്ലാതെ പന്നികളെ കൊല്ലാൻ ഇവരെത്തും. 18 പേരാണു സംഘത്തിലുള്ളത്. 3 വേട്ട
നായ്ക്കളുമുണ്ട്. പഞ്ചായത്തുകളിൽനിന്നു പണം ലഭിക്കാറില്ലെങ്കിലും കർഷകരോടുള്ള താൽപര്യം കാരണം, അനുമതിപത്രം ലഭിച്ചാൽ വേട്ടയ്ക്കെത്തുമെന്ന് സേനയ്ക്കു നേതൃത്വം നൽകുന്ന ടി.ഡി.തോമസ് മേപ്രക്കാവിൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

