
ചുങ്കം കോട്ടൺസ് റോഡ്
പാപ്പിനിശ്ശേരി∙ ചുങ്കം കോട്ടൺസ് റോഡിൽ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി പരാതി. ചുങ്കം ഇന്ത്യൻ ബാങ്കിന് സമീപം കവലയിൽ നിന്നു വാഹനങ്ങൾ നിയന്ത്രണമില്ലാതെ കയറിവരുന്നതും, വൺവേ ലംഘിച്ചു വാഹനങ്ങൾ കയറുന്നതുമാണ് കുരുക്കിന് പ്രധാനകാരണം.
രാവിലെയും വൈകിട്ടുമാണ് പ്രധാനമായും കുരുക്ക് അനുഭവപ്പെടുന്നത്. കവലയോടു ചേർന്ന ചുങ്കത്തെ സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാനായി ബസുകൾ നിർത്തിയിടുന്നതോടെ വാഹനക്കുരുക്കാകുന്നു.
റോഡിന്റെ നടുക്കാണു മിക്ക ബസുകളും നിർത്തിയിടുന്നത്.
ചുങ്കത്ത് റോഡിലേക്ക് കയറ്റി വാഹനങ്ങൾ അശ്രദ്ധമായി പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്. ഇരുചക്രവാഹനങ്ങൾ മാത്രം കടന്നുപോകാൻ നിർദേശിച്ച ഇന്ത്യൻ ബാങ്ക് റോഡിലൂടെ കാറുകളും മറ്റും കയറിവരുന്നതും കുരുക്കിനിടയാക്കുന്നു.
ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി ദേശീയപാതയിലെ വാഹനങ്ങളെ വഴിതിരിച്ചു വിട്ടതോടെ കോട്ടൺസ് റോഡിൽ നല്ല തിരക്കാണ്. കെഎസ്ടിപി റോഡിൽ നിന്നുള്ള വാഹനങ്ങളും തളിപ്പറമ്പിലേക്കുള്ള വാഹനങ്ങളും കോട്ടൺസ് റോഡ് വഴിയാണ് കടന്നുപോകേണ്ടത്.
രാവിലെ നിയന്ത്രണമില്ലാതെ ചരക്കുവാഹനങ്ങൾ കടന്നുവരുന്നതോടെ മറ്റു വാഹനങ്ങൾ കുരുക്കിൽപ്പെടും. ചുങ്കം കവലയിൽ നിന്ന് അൽപം മാറി ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റുകയും, വൺവേ നിയന്ത്രണം ലംഘിച്ചു കടന്നുവരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
അഞ്ചരക്കണ്ടി – ചാലോട് റോഡ്
അഞ്ചരക്കണ്ടി∙ അഞ്ചരക്കണ്ടി –ചാലോട് റോഡിൽ ചിറമ്മൽ പീടിക വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു.
റോഡിന്റെ ഇരുവശങ്ങളിലെയും അശാസ്ത്രീയ പാർക്കിങ്ങും ലോഡ് ഇറക്കുന്നതിനു വേണ്ടി ചരക്കു ലോറികൾ ഏറെ സമയം നിർത്തിയിടുന്നതുമാണു കുരുക്കിനു കാരണമാകുന്നത്. അഞ്ചരക്കണ്ടി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് സർവേ നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
കുരുക്ക് പതിവായതോടെ ഇതു വഴി വാഹനങ്ങൾ കടന്നുപോകുന്നത് വളരെയധികം പ്രയാസപ്പെട്ടാണ്. കൂടാതെ ബസ് ഷെൽറ്റർ ഇല്ലാത്തതിനാൽ ചാലോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്തു നിൽക്കേണ്ടത് റോഡരികിലാണ്.
ഇതും വാഹനങ്ങൾ ഓടിക്കുന്നവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് ഈ ഭാഗത്ത് വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഗതാഗതം സുഗമമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]