
കാഞ്ഞങ്ങാട് ∙ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകച്ചോർച്ചയുണ്ടായത് നഗരത്തെയാകെ ആശങ്കയിലാക്കിയത് മണിക്കൂറുകളോളം. പാചകവാതകം ചോരുന്നുവെന്ന വിവരം പുറത്ത് വന്നതോടെ അധികൃതർ ജാഗ്രത കൂട്ടി.
ചുറ്റുവട്ടത്തുള്ള മുഴുവൻ ആളുകളെയും പൂർണമായി ഒഴിപ്പിച്ചു. പ്രദേശത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമേ കയറ്റിയുള്ളൂ.
പ്രദേശത്തെ കടകളും അടപ്പിച്ചു. വാഹനങ്ങൾ അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽനിന്ന് വഴിതിരിച്ചു വിട്ടു.
ദേശീയപാതയിൽ ആറങ്ങാടിയിലും വാഹനങ്ങൾ തടഞ്ഞു.
ഇവിടെനിന്നു വാഹനങ്ങളെ അരയി വഴി കടത്തിവിട്ടു. പടന്നക്കാട് ഭാഗത്തും വാഹനങ്ങളെ തടഞ്ഞു.
വലിയ വാഹനങ്ങൾ പിടിച്ചിട്ടു. അടിയന്തര സാഹചര്യം മുന്നിൽ കണ്ട് ജില്ലാ ഭരണകൂടം ഇന്നലെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. ചോർച്ച സ്ഥിരീകരിച്ചതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകൾക്ക് അവധി നൽകാൻ അധികൃതർ ആവശ്യപ്പെട്ടു.
ഉച്ചയോടെ സ്കൂളുകളിൽനിന്നു വിദ്യാർഥികളെ വീടുകളിലേക്ക് വിട്ടയച്ചെങ്കിലും നിയന്ത്രണ മേഖലയിലെ കുട്ടികൾ വീടുകളിലെത്താൻ ബുദ്ധിമുട്ടി.
ആളുകളെ മാറ്റിപ്പാർപ്പിച്ചു
ടാങ്കർ മറിഞ്ഞ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആറങ്ങാടി കരീമുൽ ഇസ്ലാം എഎൽപി സ്കൂളിലും മുത്തപ്പനാർകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിലുമാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയത്.
200ൽ അധികം പേരെയാണ് ഇരു സ്ഥലങ്ങളിലുമായി താമസിപ്പിച്ചത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ചിരുന്നു.
പരിഹാരം വൈകി
ദേശീയപാതയിൽ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ടാങ്കർ അപകടത്തിൽപെട്ടത്.
മംഗളൂരുവിൽനിന്നു കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുന്ന ടാങ്കർ ലോറിയാണിത്. ദേശീയപാതയിൽ സർവീസ് റോഡിലൂടെ പോകുകയായിരുന്നു.
പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പെട്ടെന്ന് സ്വകാര്യ ബസ് എതിരെ വരികയായിരുന്നു.
ബസിന് സൈഡ് നൽകാൻ ശ്രമിക്കുന്നതിനിടെയാണ് റോഡരികിലെ കുഴിയിലേക്ക് ടാങ്കർ മറിഞ്ഞത്. എൽപിജി ക്വിക് റെസ്പോൺസ് ടീം സ്ഥലത്തെത്തി പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തി.
ചോർച്ചയില്ലാത്തതിനാൽ ഇന്നലെ രാവിലെ 9ന് ഖലാസികളുടെ സഹായത്തോടെ ടാങ്കർ ഉയർത്താനാണ് ശ്രമിച്ചത്. എന്നാൽ, പാചകവാതകം ചോർന്നാൽ സ്വീകരിക്കേണ്ട
മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിരുന്നില്ല.
അധികൃതരുടെ അനാസ്ഥ
ടാങ്കർ മറിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം കാണാതെ നാട്ടുകാരുടെ ആശങ്കകൂട്ടുകയാണ് അധികൃതർ ചെയ്തത്. ടാങ്കർ ഉയർത്തുന്നതിനിടെ പാചകവാതകം ചോർന്നാൽ എന്തു ചെയ്യുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇങ്ങനെവന്നാൽ ടാങ്കറിൽനിന്നു പാചകവാതകം മാറ്റാനുള്ള സൗകര്യംകൂടി ഏർപ്പെടുത്തണമായിരുന്നു.
ഇക്കാര്യം രാഷ്ട്രീയപാർട്ടി നേതാക്കൾ അധികൃതരോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാചകവാതകം ചോർന്ന ശേഷമാണ് എച്ച്പിയുടെ ക്വിക് റെസ്പോൺസ് വാഹനം എത്തിക്കാൻ ശ്രമം തുടങ്ങിയത്.
ഉച്ചയ്ക്ക് 1ന് വിട്ട വാഹനം സ്ഥലത്തെത്താൻ 3 മണിയായി.
ഈ നേരമത്രയും നാടും നാട്ടുകാരും ആശങ്കയിലായിരുന്നു. ചോർച്ച ചെറിയതോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]