
കണ്ണൂർ ∙ പൊലീസിന്റെ കെ9 സ്ക്വാഡിലെ, ബൽജിയം മെലിനോയി വിഭാഗത്തിൽപെട്ട ആൺനായ ഹണ്ടറാണ് ഇന്നലത്തെ താരം. ഗോവിന്ദച്ചാമിയുടെ തലയണ മണത്ത് ജയിൽ മതിലിന്റെ അടുത്തുവരെ ഓടി.
പിന്നെ പുറത്തേക്ക്. എകെജി ആശുപത്രി വരെ എത്തിയ ഹണ്ടർ അവിടെനിന്നു തിരിഞ്ഞു.
എൽഐസി ഓഫിസിനു സമീപത്തെ കെട്ടിടത്തിനടുത്തെത്തി തിരിച്ചുപോന്നു. വീണ്ടും റോഡിലെത്തി തൊട്ടടുത്ത പറമ്പിലേക്കു കടന്നു. അവിടെ ഗോവിന്ദച്ചാമിയുടെ തുണിക്കെട്ടു കണ്ടെത്തി.
ഇതോടെ ഗോവിന്ദച്ചാമി സമീപത്തുണ്ടെന്നുറപ്പിച്ച പൊലീസും നാട്ടുകാരും പരിശോധന ശക്തമാക്കി.
10.35ന് ഗോവിന്ദച്ചാമിയെ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തുമ്പോൾ ഹണ്ടർ തൊട്ടടുത്ത പറമ്പിലുണ്ടായിരുന്നു. സീനിയർ സിപിഒമാരായ പി.എം.ജിജേഷ്, ശ്യാം മോഹൻ എന്നിവരാണ് ഹണ്ടറുടെ ഹാൻഡ്ലർമാർ. സീനിയർ സിപിഒ വി.എസ്.ഷെറിനും കൂടെയുണ്ടായിരുന്നു. എഎസ്ഐമാരായ ജെയ്സൺ ജോർജ്, പി.വി.ബാബുരാജ് എന്നിവരാണ് കെ9 സ്ക്വാഡിന്റെ ചുമതല വഹിക്കുന്നത്.
തടവുകാരേറെ;ജീവനക്കാർ കുറവ്
കണ്ണൂർ ∙ സെൻട്രൽ ജയിലിൽ ഉൾക്കൊള്ളാവുന്ന തടവുകാരുടെ എണ്ണം 948.
എന്നാൽ നിലവിലുള്ളത് 1113 പേർ. യഥാർഥത്തിലുള്ള തടവുകാരുടെ കാര്യങ്ങൾ നോക്കാൻ വരെ ആളില്ലാത്തപ്പോഴാണ് നിലവിലെ ഉദ്യോഗസ്ഥർ കൂടുതൽ പേരെ ശ്രദ്ധിക്കേണ്ടി വരുന്നത്.
ആൾക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ പരാതി നൽകാറുണ്ടെങ്കിലും നടപടിയൊന്നുമുണ്ടാകാറില്ല.
ഏറ്റവും കൂടുതൽ രാഷ്ട്രീയത്തടവുകാരും ക്രിമിനൽവാസനയുള്ളവരും കണ്ണൂർ സെൻട്രൽ ജയിലാണുള്ളത്. ഇവരെ പലപ്പോഴും ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ പറ്റാറില്ല.
രാഷ്്ട്രീയത്തടവുകാർ തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ ഇടപെടാൻ ഉദ്യോഗസ്ഥർക്കു പേടിയാണ്. മുകളിൽനിന്നുള്ള ഇടപെടൽ പേടിച്ച് പലരും കണ്ടില്ലെന്നു നടിക്കും.
അതേസമയം ക്രിമിനൽസ്വഭാവമുള്ളവരെയും ഉദ്യോഗസ്ഥർക്കു ഭയമാണ്.
വീഴ്ച പഹൽഗാമിലും ഉണ്ടായില്ലേ? പി.ജയരാജൻ
കണ്ണൂർ∙ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ആഭ്യന്തരവകുപ്പിന്റെ വീഴ്ചയായി കണേണ്ടതില്ലെന്ന് കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശകസമിതി അംഗം പി.ജയരാജൻ. സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണ് ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം. വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തുടർന്നുള്ള നടപടിയുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ അതിർത്തി കടന്നെത്തിയ ഭീകരർ കൊലപ്പെടുത്തിയതിലും സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്.
ഇവിടെയും അതുപോലുള്ള വീഴ്ച സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ട്. തുടർ നടപടിയുമുണ്ടാകും.– ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]