മട്ടന്നൂർ ∙ പരിയാരം സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹം 25നും തൃക്കാർത്തിക ഉത്സവം ഡിസംബർ രണ്ടിനും ആരംഭിക്കും. പഴക്കമേറെയുള്ളതും ചരിത്രപരമായി ഏറെ പ്രധാന്യമുള്ളതുമായ ക്ഷേത്ര സമുച്ചയമാണ് മട്ടന്നൂർ പരിയാരം സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രം.
ഏഴിമല ആസ്ഥാനമായി ഭരണം നടത്തിയിരുന്ന മൂഷക വംശ കാലത്ത് ചോള നിർമാണ ശൈലിയിൽ പണിത ക്ഷേത്രമാണിത്. മൂഷക രാജവംശവും ചോള ചക്രവർത്തിമാരും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ അടയാളങ്ങളായി ക്ഷേത്ര നിർമാണശൈലിയും ഇവിടെയുള്ള പ്രാചീന വിഗ്രഹങ്ങളും ഇന്നും നിലകൊള്ളുന്നു.
ശൈവ–വൈഷ്ണവ ആരാധനാ സമ്പ്രദായങ്ങൾ ഒത്തു ചേരുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ക്ഷേത്ര പരിപാലനം പരിയാരം സുബ്രഹ്മണ്യ ക്ഷേത്ര സേവാസമിതിയാണു നിർവഹിക്കുന്നത്. വി.കെ.ഗോപിനാഥൻ പ്രസിഡന്റും കെ.വി.ശശിധരൻ സെക്രട്ടറിയും എം.ആർ.മനോജ്കുമാർ ട്രഷററുമാണ്.
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു. പൂർണമായും കരിങ്കല്ലിൽ കൊത്തുപണികളോടുകൂടിയുള്ള ശ്രീകോവിൽ നിർമാണം പൂർത്തിയായി വരുന്നു.
കേരളീയ ചുമർച്ചിത്ര രചനാ ശൈലി രൂപപ്പെടുന്നതിനു മുൻപു തന്നെ കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ചുമർച്ചിത്രങ്ങളുടെ ഗണത്തിൽപെടുത്താവുന്ന അപൂർവ ചിത്രങ്ങൾ ഇവിടത്തെ ശ്രീകോവിലിന്റെ ചുമരുകളിലുണ്ട്. അജന്താ ശിൽപ ശൈലിയിൽ വരച്ച ചിത്രങ്ങളാണിവ.
കാലപ്പഴക്കത്താൽ കുറെ ഭാഗം നശിച്ചുപോയി.
പ്രധാന ആഘോഷങ്ങൾ:
തൃക്കാർത്തിക ഊട്ട് ഉത്സവം വൃശ്ചികത്തിലെ അശ്വതി, ഭരണി, കാർത്തിക നാളുകളിൽ.തിരുവോണ ഊട്ട്: എല്ലാ മാസവും തിരുവോണനാളിൽ വിശേഷാൽ പൂജകളും അന്നദാനവും.ഷഷ്ഠിവ്രതം: ഷഷ്ഠിവ്രതാനുഷ്ഠാന ദിനങ്ങളിൽ നാമജപങ്ങളും പ്രാർഥനയും.സ്കന്ദ ഷഷ്ഠി, തൈപ്പൂയ്യം: സുബ്രഹ്മണ്യ സ്വാമിയുടെ ഉപാസകർക്കു വിശേഷപ്പെട്ട ദിനം.
അഷ്ടമി രോഹിണി, മഹാശിവരാത്രി, നവരാത്രി ആഘോശഷങ്ങൾ.
∙പ്രധാന വഴിപാടുകൾ: നിറമാല, തൃക്കാർത്തിക ഊട്ട്, വലിയ വട്ടളം പായസം, സർപ്പബലി, കാർത്തിക വിളക്ക്, ഭഗവതി സേവ, പാൽക്കുടം സമർപ്പണം, അഷ്ടാഭിഷേകം, കളഭച്ചാർത്ത്,സുബ്രഹ്മണ്യ പൂജ, പഞ്ചാമൃതം, പാൽപായസം, ജന്മ നക്ഷത്ര പൂജ, നിത്യപൂജ, വെള്ളനിവേദ്യം, അഷ്ടദ്രവ്യ ഗണപതി ഹോമം, വേൽ സമർപ്പണം, ആൾരൂപം സമർപ്പണം, നെയ് വിളക്ക്, വെള്ളിവിളക്ക്, പുഷ്പാഞ്ജലി, തേങ്ങമുട്ടൽ, വാഹന പൂജ
ഭാഗവത സപ്താഹം 25ന് തുടങ്ങും
കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് സപ്താഹ പരിപാടികൾ ആരംഭിക്കുക.
വൈകിട്ട് 3.30ന് മുണ്ടയോട് നിന്നും പെരുവയൽക്കരിയിൽ നിന്നും ആരംഭിച്ച് ക്ഷേത്ര പരിസരത്തു സമാപിക്കും. തന്ത്രി ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപ്പാട് സപ്താഹ ദീപം തെളിക്കും. പുതിയില്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
സപ്താഹം ഡിസംബർ ഒന്നിനു സമാപിക്കും.
തൃക്കാർത്തിക ഊട്ട് ഉത്സവം ഡിസംബർ 2 മുതൽ
മൂന്നു ദിവസത്തെ തൃക്കാർത്തിക ഊട്ട് ഉത്സവം ഡിസംബർ 2,3,4 തീയതികളിൽ നടക്കും. 2നു പുലർച്ചെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടയാണു തുടക്കം.
രാത്രി 8.30നു മട്ടന്നൂർ പഞ്ചവാദ്യ സംഘം തായമ്പക അവതരിപ്പിക്കും. 3നു രാവിലെ 9നു നാരായണീയ പാരായണം, വൈകിട്ട് 5നു പുരാണ പാരായണം, 7നു മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, 9.30നു തിരുവാതിരയും കലാപരിപാടികളും.
4ന് ഉച്ചയ്ക്ക് തൃക്കാർത്തിക ഊട്ട്, 5.30നു തൃക്കാർത്തിക ദീപ സമർപ്പണം,
7ന് ചെറുതാഴം ചന്ദ്രൻ മാരാരുടെ തായമ്പക, 8.30നു യു.വി.ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം എന്നിവയാണു പ്രധാന പരിപാടികൾ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

