ഇരിട്ടി ∙ ഉൾനാടുകളിലേക്ക് പെർമിറ്റ് എടുക്കുകയും ഏതാനും ദിവസം ഓടിയ ശേഷം ഗ്രാമാതിർത്തിയിൽ ട്രിപ്പ് അവസാനിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. 6 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു. പ്രധാനമായും നാട്ടിൻപുറങ്ങളിലേക്കുള്ള അവസാനത്തെ ട്രിപ്പ് മുടക്കുന്ന ബസുകളാണു കുടുങ്ങിയത്.
ഇന്നലെയും മിനിഞ്ഞാന്നും വൈകിട്ട് 4 മുതൽ രാത്രി 9 വരെ വിവിധ സ്ക്വാഡുകളായി ജില്ലയുടെ വിവിധ മേഖലകളിൽ നടത്തിയ പരിശോധന നടത്തിയാണ് നിയമലംഘനം കണ്ടെത്തിയത്.
തലശ്ശേരിയിൽനിന്നു തോട്ടുമ്മൽ വഴി കായലോട്, മമ്പറം, പുല്യോട്, കതിരൂർ, പാനൂർ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തേണ്ട പല ബസുകളും തലശ്ശേരി സ്റ്റാൻഡിലും കണ്ണൂരിലും നിർത്തിയിടുന്നതായും മോട്ടർ വാഹന വകുപ്പിന് പരാതി ലഭിച്ചിരുന്നു.
പിടിയിലായ ബസുകൾ തുടർന്നും ട്രിപ് മുടക്കുന്നുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിരീക്ഷിക്കും. ആവർത്തിച്ചാൽ പെർമിറ്റ് റദ്ദ് ചെയ്യും.
ഇരിട്ടിയിൽ നടത്തിയ പരിശോധനയിൽ ഇരിട്ടി – മണിക്കടവ് – ശാന്തിനഗർ പെർമിറ്റുള്ള ബസ് മണിക്കടവിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതായി കണ്ടെത്തി.
തളിപ്പറമ്പ് – ശ്രീകണ്ഠപുരം – ഇരിട്ടി – ആറളം റൂട്ടിൽ പെർമിറ്റുള്ള ബസ് ഇരിട്ടിയിൽ ഓട്ടം അവസാനിപ്പിക്കുന്നതായും കണ്ടെത്തി. നടപടി സ്വീകരിച്ചതോടെ ഇരുബസുകളും പെർമിറ്റ് പ്രകാരം ഓടാൻ തുടങ്ങിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു.
പരിശോധനയ്ക്ക് എംവിഐമാരായ സി.എ.പ്രദീപ്കുമാർ, ബിജു, എഎംവിഐമാരായ വിവേക്രാജ്, അരുൺകുമാർ, വി.ആർ.ഷനിൽകുമാർ, ജിതിൻ, പി.വി.സുനേഷ്, ഇ.കെ.അജീഷ്, സന്തോഷ് കുമാർ, ഡ്രൈവർ സുധീർ എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന: 14 ഓട്ടോറിക്ഷകൾ പിടികൂടി
∙ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു പെർമിറ്റിനു വിരുദ്ധമായി ഓട്ടം നടത്തിയ 14 ഓട്ടോറിക്ഷകൾ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. വിവിധ സ്ഥലങ്ങളിൽ പാർക്കിങ് സ്റ്റാൻഡ് അനുവദിച്ച ഓട്ടോറിക്ഷകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിയമവിരുദ്ധമായി ആൾക്കാരെ കയറ്റിപ്പോകുന്നെന്ന പരാതിയെത്തുടർന്ന് ഇന്നലെ പുലർച്ചെ ആയിരുന്നു പരിശോധന നടത്തിയത്.
30 ഓട്ടോറിക്ഷകൾ പരിശോധിച്ചതിൽ 14 എണ്ണും പെർമിറ്റ് അനുമതിക്കു വിരുദ്ധമായാണ് സർവീസ് നടത്തിയിരുന്നത്. ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയില്ലാതെയും റോഡ് ടാക്സ് അടയ്ക്കാതെയും സർവീസ് നടത്തിയവരെയും പിടികൂടി.
“ദീർഘദൂരയാത്ര കഴിഞ്ഞു ട്രെയിനിലും മറ്റും ടൗണിലെത്തുന്ന യാത്രക്കാർക്ക് തങ്ങളുടെ ഗ്രാമങ്ങളിലേക്കുള്ള ബസ് രാത്രി ട്രിപ് കട്ടുചെയ്യുന്നതു വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഓട്ടോറിക്ഷകളും ടാക്സികളും ആശ്രയിക്കേണ്ടി വരുന്നതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു.
വരും ദിവസങ്ങളിലും പ്രധാന ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു രാത്രികാല പരിശോധന ശക്തമാക്കും.”
ഇ.എസ്.ഉണ്ണികൃഷ്ണൻ (ആർടിഒ, മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, കണ്ണൂർ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

