ബോവിക്കാനം ∙ പട്ടാപ്പകൽ പുലിയിറങ്ങി വീട്ടുമുറ്റത്തുനിന്ന കോഴിയെ പിടിച്ചു. തൊട്ടടുത്ത് കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്.
കുട്ടിയുടെ 5 മീറ്റർ അടുത്തുവരെ പുലിയെത്തി. കുട്ടിയാനത്തെ എം.ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ പത്തരയോടെ പുലിയുടെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളി കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
അശോകൻ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും മകൻ 2 വയസ്സുള്ള ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതുകേട്ട
കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്. ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടൻ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളിൽ കയറി.
അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെളിയിൽ പതിഞ്ഞ കാൽപാടുകൾ കണ്ടു പുലിയാണെന്നു സ്ഥിരീകരിച്ചു.
പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തി.
മുളിയാർ പഞ്ചായത്തിൽ 2 വർഷത്തോളമായി പുലിശല്യം തുടർക്കഥയാണെങ്കിലും ആദ്യമായാണു പട്ടാപ്പകൽ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്. കഴിഞ്ഞ ജൂലൈയിൽ ബാവിക്കര അമ്മങ്കല്ലിൽ 2 ദിവസം തുടർച്ചയായി പുലിയിറങ്ങിയശേഷം പലയിടത്തും പുലിയെ കണ്ടിട്ടുണ്ടെങ്കിലും കാര്യമായ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല.
രാത്രി ഇവിടെ നിരീക്ഷണം നടത്തുമെന്നും ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു തുടർനടപടികളിലേക്കു കടക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]