ഒട്ടും ആശാവഹമല്ല ദേശീയപാത നിർമാണ സ്ഥലത്തെ കാഴ്ചകൾ. തുടർച്ചയായ മഴയിൽ ഏതു സമയത്തും മണ്ണിടിഞ്ഞു വലിയൊരു അപകടം ഉണ്ടാകാവുന്ന അവസ്ഥയാണ് കണ്ണൂർ ചാല പൂരോന്നുകുന്നു മുതൽ തളിപ്പറമ്പ് കുപ്പം കപ്പണത്തട്ട് വരെയുള്ള ചില സ്ഥലങ്ങൾ. കാസർകോട് ചെറുവത്തൂരിനു സമീപം വീരമലക്കുന്നിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അധ്യാപിക സിന്ധു ഹരീഷ് രക്ഷപ്പെട്ടതു തലനാരിഴയ്ക്കായിരുന്നു.
അങ്ങനെയൊരു അപകടയാത്രയാണു കണ്ണൂരിലെ ചില സ്ഥലത്തും.
കപ്പണത്തട്ട്
ഡ്രൈവിങ് സീറ്റിൽ പേടിച്ചിരുന്നു മാത്രമേ തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിലൂടെ വാഹനത്തിൽ യാത്ര ചെയ്യാൻ കഴിയൂ. കണ്ണൂരിൽനിന്നു വരുമ്പോൾ, വലതുഭാഗം മുഴുവൻ ഒലിച്ചിറങ്ങാൻ പാകത്തിലുള്ള കുഴഞ്ഞ മണ്ണ്. മാസങ്ങൾക്കു മുൻപു കുന്നിടിഞ്ഞ ഇവിടെ മണ്ണു താഴേക്ക് ഒലിച്ചിറങ്ങാതിരിക്കാൻ കോൺക്രീറ്റ് മിശ്രിതം നിറച്ച് അതിനു മുകളിൽ മണൽചാക്കുകൾ നിരത്തിയിരിക്കുകയാണ്.
ഇടിഞ്ഞുവീണ മണ്ണു മാറ്റാൻ ഇതുവരെ നടപടിയായിട്ടില്ല. ഇതിനു തൊട്ടടുത്തുകൂടെയാണു വാഹനങ്ങൾ കടന്നുപോകുന്നത്.
ഇനിയും മുകളിൽനിന്നു മണ്ണുവന്നാൽ വീരമലക്കുന്നുപോലെയാകും കപ്പണത്തട്ടും.റോഡിന്റെ ഇടതുഭാഗത്തിലൂടെയാണു വെള്ളമൊഴുകി സിഎച്ച് നഗറിലേക്കെത്തുന്നത്. ഇവിടെ നിന്നു മണ്ണും വെള്ളവും ഒഴുകിയെത്തി ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതായിരുന്നു. ആ വീട്ടുകാരുടെ ആശങ്ക ഇനിയും മാറിയിട്ടില്ല.
തുടർച്ചയായ മഴ വന്നാൽ ഏതു സമയത്തും അപകടം ഉണ്ടാകുമെന്നാണു വീട്ടുകാർ പറയുന്നത്.
പുളിയോടുകുന്ന്
‘‘എങ്ങനെയെങ്കിലും ഇവിടുത്തെ മണ്ണിടിച്ചിൽ ഒന്നു നിർത്തിത്തര്വോ’’–കുപ്പം പാലത്തിനു സമീപമുള്ള പുളിയോടുകുന്നിനു താഴ്വരയിൽ ചായക്കട നടത്തുന്ന ശിവദാസൻ അപേക്ഷാസ്വരത്തിൽ ചോദിച്ചു.
ദേശീയപാതയ്ക്കായി മണ്ണെടുക്കുന്ന ഇവിടെ ദിവസങ്ങളായി കൂറ്റൻ പാറകളാണു താഴേക്കു പതിക്കുന്നത്. കുന്നിനു താഴെയുള്ള പാലക്കോടൻ ഖദീജയുടെ വീടിനു പിറകിൽ മുഴുവൻ കൂറ്റൻ കല്ലുകളാണ്.
രാത്രിയൊക്കെ കല്ലുവീഴുന്ന ശബ്ദം കേട്ടു പേടിച്ചാണു കിടക്കുന്നതെന്നു ഖദീജ പറഞ്ഞു. പുളിയോടുകുന്നിനു താഴെ പത്തിലേറെ വീടുകളുണ്ട്.
എല്ലാവരും മണ്ണിടിച്ചിൽ പേടിയിലാണു കഴിയുന്നത്. 15 അടിയോളം ഉയരത്തിലുള്ള കുന്നാണ് ഇവിടെ മണ്ണെടുക്കാൻ ഇടിച്ചത്.
മഴ കനത്തതോടെയാണു മണ്ണിടിച്ചിൽ കൂടിയതെന്നു ശിവദാസൻ പറഞ്ഞു.
മഞ്ചക്കുഴി
തളിപ്പറമ്പ് മഞ്ചക്കുഴിയിൽ നെടുകെ പിളർന്ന വലിയ കുന്നിൽ ഇടിച്ചിൽ തുടരുകയാണ്. ഇടിഞ്ഞ ഭാഗത്തുനിന്ന് കീഴാറ്റൂർ ഭാഗത്തേക്കാണു മണ്ണൊലിക്കുന്നത്.
ഈ മലയുടെ മുകളിലൂടെയുള്ള തളിപ്പറമ്പ്– പട്ടുവം റോഡിലൂടെ ഭീതിയോടെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. മണ്ണിടിച്ചിൽ കാരണം ഈ റോഡ് മുൻപ് അടച്ചിട്ടിരുന്നു.
റോഡിന്റെ 20 മീറ്റർ അടിയിലൂടെയാണു ബൈപാസ് കടന്നുപോകേണ്ടത്. കുന്നിൻമുകളിലെ പഴയ ഹോമിയോ ആശുപത്രി കെട്ടിടവും സമീപത്തെ വീടും ഏതു സമയത്തും വീഴുമെന്ന അവസ്ഥയിലാണ്.
മണ്ണെടുക്കൽ പൂർത്തിയാകാത്തതിനാൽ അവിടെ സോയിൽ നെയ്ലിങ് ആരംഭിച്ചിട്ടില്ല. 20 അടി ഉയരത്തിൽ മണ്ണിടിയാതെ എങ്ങനെ സംരക്ഷിക്കുമെന്ന് പ്രദേശവാസികൾ ഇപ്പോഴും ആശങ്കപ്പെടുന്നു.
കണികുന്ന്
എപ്പോഴും ഇടിഞ്ഞെത്താവുന്ന വലിയൊരു ജലസംഭരണി തലയ്ക്കു മുകളിലുണ്ടെന്ന പേടിയോടെയാണു കണികുന്നിലുള്ളവർ കഴിയുന്നത്.
തളിപ്പറമ്പ്– പട്ടുവം റോഡിന്റെ വലതുഭാഗത്ത് ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്തുണ്ടായ വലിയ വെള്ളക്കെട്ട് ഇപ്പോഴുമുണ്ട്. ശക്തമായ മഴയിൽ കുന്നിടിഞ്ഞ് ഇതിലേക്കു വീണിട്ടുണ്ട്. ഇനിയും മണ്ണുവീണാൽ ജലസംഭരണി പൊട്ടി താഴേക്കൊലിക്കും.ഏതു സമയത്തും ഈ അപകടം പ്രതീക്ഷിച്ചുകൊണ്ടാണു സമീപത്തുള്ളവർ കഴിയുന്നത്.
പൂരോന്നുകുന്ന്
ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത ചാല–ആറ്റടപ്പ റോഡിലെ പൂരോന്നുകുന്നും ശക്തമായ മഴയിൽ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
മണ്ണും പാറയും റോഡരികുവരെയെത്തിയിട്ടുണ്ട്. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെയും അപകടം പതിയിരിക്കുകയാണ്.
ഇടിഞ്ഞ മണ്ണ് നീക്കം ചെയ്താലെങ്കിലും പകുതി ആശ്വാസമാകുമെന്നാണ് സമീപവാസികൾ പറയുന്നത്.
ആദ്യമേ നൽകി മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ കാസർകോട്ടെ വീരമലക്കുന്നിനെക്കുറിച്ചു മലയാള മനോരമയ്ക്കു വേണ്ടി സ്ഥലം സന്ദർശിച്ച ഭൗമസാങ്കേതിക വിദഗ്ധരായ ഡോ.എ.ഭൂമിനാഥൻ, ഡോ.എൻ.ഉണ്ണിക്കൃഷ്ണൻ, ഡോ.ജി.ഹരി എന്നിവർ മുന്നറിയിപ്പു നൽകിയിരുന്നു.വീരമലയുടെ മണ്ണു നീക്കംചെയ്ത പലഭാഗത്തും വിള്ളലുകളുണ്ടെന്നും അതുകൊണ്ടുതന്നെ ഇടിയാനുള്ള സാധ്യത കൂടുതലെന്നും ചൂണ്ടിക്കാട്ടിയിരുന്നതായി തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ. എൻ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ഇതേ മുന്നറിയിപ്പു തന്നെയാണ് അദ്ദേഹം കപ്പണത്തട്ട്, കണിക്കുന്ന്, മഞ്ചക്കുഴി എന്നിവിടങ്ങളെക്കുറിച്ചും പറയുന്നത്.
ഇവിടത്തെ മണ്ണു വെള്ളം ചേരുമ്പോൾ പെട്ടെന്ന് അലിഞ്ഞ് ഒഴുകിപ്പോകാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ മഴ തുടരുകയാണെങ്കിൽ അപകടസാധ്യതയേറെയാണെന്ന് അദ്ദേഹം പറഞ്ഞു.
സാമാന്യബുദ്ധി പോലുമില്ലാതെയാണു തളിപ്പറമ്പിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്നാണു വിദഗ്ധസംഘം നിരീക്ഷിച്ചിരുന്നത്. കുഴിക്കുന്ന സമയത്തുതന്നെ അരികുകൾക്കു സംരക്ഷണഭിത്തി നിർമിക്കാതെ ആഴത്തിൽ കുഴിയെടുത്തു.
അതാണു വലിയ കല്ലുകൾ താഴേക്കു വീഴാൻ കാരണം. ഇപ്പോൾ മണ്ണിടിച്ചിലുണ്ടാകാത്ത ഭാഗങ്ങളിലും ഭാവിയിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സംഘം മുന്നറിയിപ്പു നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

