
വിൽപനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവും യുവതിയും അറസ്റ്റിൽ
കണ്ണൂർ ∙ വിൽപനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവും യുവതിയും അറസ്റ്റിൽ. പയ്യന്നൂർ വെള്ളോറ കരിപ്പാൽ പണ്ടികശാലയിൽ പി.മുഹമ്മദ് മഷൂദ് (29), അഴീക്കോട് നോർത്ത് ചെല്ലട്ടൻ വീട്ടിൽ ഇ.സ്നേഹ (25) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
184.43 ഗ്രാം മെത്താഫിറ്റമിൻ, 89.423 ഗ്രാം എംഡിഎംഎ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റമിനും ഇവരുടെ സ്കൂട്ടറിൽ സൂക്ഷിച്ച 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ വീട്ടിൽ സൂക്ഷിച്ച 184.43 ഗ്രാം മെത്താഫിറ്റമിനും 89.423 ഗ്രാം എംഡിഎംഎയും പിടികൂടുകയായിരുന്നു. കണ്ണൂർ ജില്ലയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് എക്സൈസ് പറഞ്ഞു.
മുൻപും ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. കഴിഞ്ഞ വർഷം കണ്ണൂർ താളികാവ് ഭാഗത്തുവച്ച് 207 ഗ്രാം മെത്താഫിറ്റമിൻ കൈവശം വച്ച കേസിൽ മഷൂദ് ഒരു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയതെന്നും എക്സൈസ് അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പി.ജലീഷ്, പി.വി.ഗണേഷ് ബാബു എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]