
ലഹരിക്കടത്ത് എക്സൈസ്: പരിശോധനയിൽ കൂട്ടായി ‘ഹീറോ’യും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ കേരള – കർണാടക അതിർത്തിയിൽ ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് നടത്തുന്ന കർശന പരിശോധനയ്ക്ക് പിന്തുണയേകാൻ പൊലീസ് നായയുടെ സേവനവും. ലഹരി വസ്തുക്കൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ കണ്ണൂർ റൂറൽ പൊലീസിലെ കെ – 9 ബറ്റാലിയനിലെ നർകോട്ടിക് ഡോഗ് ‘ഹീറോ’ എന്ന പൊലീസ് നായയാണു പരിശോധനയ്ക്കുള്ളത്.കൂട്ടുപുഴപ്പാലത്തിന് സമീപം എക്സൈസ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചാണു ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് – 2 ന്റെ ഭാഗമായി കർശന പരിശോധന നടന്നു വരുന്നത്.
സംസ്ഥാനത്ത് ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസും പൊലീസും ഉൾപ്പെടെ അടുത്തിടെ നടപടികൾ ശക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ കവാടമായ കൂട്ടുപുഴപ്പാലം കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് എക്സൈസ് ആവശ്യപ്പെട്ടതനുസരിച്ച് ശ്രീകണ്ഠപുരത്തുനിന്നു ഹീറോയും പരിശീലകൻ സുരേഷുമെത്തിയത്. ഇന്നലെ ബസുകളും കാറുകളും ഉൾപ്പെടെ ഹീറോയുടെ സഹായത്തോടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതേ സമയം കഴിഞ്ഞ ദിവസങ്ങളിലും എംഡിഎംഎയും ഹാഷീഷ് ഓയിലുമായി 2 പേർ ചെക്ക് പോസ്റ്റിൽ പിടിയിലായിരുന്നു. വിരാജ്പേട്ട, മൈസൂരു, ബെംഗളൂരു എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണു സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ലഹരി ഉൽപന്നങ്ങൾ എത്തുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. അതിർത്തിയിൽ പഴുതടച്ച പരിശോധന ഏർപ്പെടുത്തിയാൽ സംസ്ഥാനത്തേക്ക് ലഹരി മരുന്നുകൾ എത്തുന്നതു കുറയുമെന്നാണ് എക്സൈസ് – പൊലീസ് നിഗമനം.