
ചിരട്ടയില്ല; പയ്യാമ്പലം ശ്മശാനത്തിൽ പ്രതിസന്ധി: സംസ്കാരം നടത്താൻ ബന്ധുക്കൾ സ്വന്തം നിലയ്ക്ക് ചിരട്ട എത്തിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ കോർപറേഷന്റെ പയ്യാമ്പലം പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ 2 മണിക്കൂർ വൈകി. സംസ്കാരത്തിനാവശ്യമായ ചിരട്ടയില്ലാത്തതാണു പ്രതിസന്ധിക്ക് കാരണം. നേരത്തേ നിശ്ചയിച്ച സമയത്ത് സംസ്കാരം നടത്താനാകാതെ ബന്ധുക്കൾ വലഞ്ഞു. മൃതദേഹവുമായി എത്തിയവർക്ക്, ഏറെനേരം ആംബുലൻസുകളിൽ മൃതദേഹവുമായി കാത്തുനിൽക്കേണ്ടി വന്നു. ബന്ധുക്കൾ സ്വന്തം നിലയ്ക്ക് ചിരട്ട എത്തിച്ചാണ് പിന്നീട് സംസ്കാരം നടത്തിയത്. കോർപറേഷന്റെ അനാസ്ഥയാണ് സംസ്കാരം തടസ്സപ്പെടാൻ ഇടയാക്കിയതെന്നാണ് ആരോപണം.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. പുതിയതെരു ഓണപ്പറമ്പ് നായനാർ നഗറിൽ പോത്തൻ പാറു, കുന്നാവ് സ്വദേശി നെല്ലിയോട്ട് മഠത്തിൽ സാവിത്രി, അതിരകം ശ്രീനിലയത്തിൽ കുന്നത്ത് വീട്ടിൽ കല്യാണി അമ്മ എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിക്കാൻ വൈകിയത്. രാവിലെ 10.15നാണ് പാറുവിന്റെ മൃതദേഹവുമായി ആംബുലൻസ് ശ്മശാനത്തിലെത്തിയത്.
ചിരട്ടയില്ലെന്നും മൃതദേഹം പുറത്തിറക്കില്ലെന്നും ശ്മശാനം നടത്തിപ്പുകാരൻ അറിയിക്കുകയായിരുന്നു. ഏറെ നേരം കാത്തിട്ടും നടപടിയില്ലാതെ വന്നതോടെ, ബന്ധുക്കൾ മണലിലെ അരവ് കേന്ദ്രത്തിൽ നിന്നു 3 ചാക്ക് ചിരട്ട എത്തിച്ച് സംസ്കാരം നടത്തുകയായിരുന്നു. സംസ്കാരം ആരംഭിക്കുമ്പോഴേക്ക് ഉച്ചയ്ക്ക് 12 മണി ആയി. കല്യാണിയുടെ മൃതദേഹവുമായി ബന്ധുക്കൾ എത്തിയത് രാവിലെ 10നാണ്. ആംബുലൻസിൽ നിന്നു മൃതദേഹം പുറത്തിറക്കുമ്പോഴേക്കും ചിരട്ടിയില്ലെന്ന് അറിയിക്കുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. സംഭവം അറിഞ്ഞതോടെ, കുന്നാവിലെ സാവിത്രിയുടെ മൃതദേഹത്തിനൊപ്പം ബന്ധുക്കൾ ചിരട്ടയും കൊണ്ടുവന്നു.
അതേസമയം ചിരട്ടയുടെ സ്റ്റോക്ക് തീരുന്ന വിവരം നേരത്തെ തന്നെ, പയ്യാമ്പലം ശ്മശാനത്തിന്റെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചിരുന്നെന്നു ശ്മശാനം നടത്തിപ്പുകാരൻ പറഞ്ഞു.
ഇതാദ്യമല്ല, വൈകൽ
ചിരട്ടയും വിറകും ഇല്ലാത്തതിനാൽ പയ്യാമ്പലത്ത് നേരത്തേയും മൃതദേഹങ്ങളുടെ സംസ്കാരം വൈകിയിട്ടുണ്ട്. ബന്ധുക്കൾ സ്വന്തം നിലയിൽ വിറകും ചിരട്ടയും എത്തിച്ച് സംസ്കാരം നടത്തേണ്ട സ്ഥിതിയുണ്ടായിരുന്നു. വിറക് മാത്രമാണ് കോർപറേഷൻ ടെൻഡർ വിളിച്ച് എത്തിക്കുന്നത്. ടെൻഡർ വിളിക്കാതെ കോർപറേഷൻ നേരിട്ടാണ് ചിരട്ട ഇറക്കുന്നത്.
അനാദരമെന്ന് ബിജെപി
ചിരട്ട ഇല്ലാതെ പയ്യാമ്പലത്ത് മൃതദേഹം ദഹിപ്പിക്കാൻ സാധിക്കാതെ മണിക്കൂറുകൾ ബന്ധുക്കൾ കാത്തിരിക്കേണ്ടി വന്നത് കോർപറേഷൻ അധികൃതർ മൃതദേഹത്തോടു കാട്ടിയ അനാദരമെന്നു ബിജെപി. പിന്നീട് സ്വന്തമായി ചിരട്ട കൊണ്ട് വന്നാണ് മൃതദേഹം ദഹിപ്പിച്ചതെന്നും മണ്ഡലം പ്രസിഡന്റ് ബിനിൽ കണ്ണൂർ പറഞ്ഞു. കോർപറേഷന്റെ നിലപാടിനെതിരെ ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മേയറുമായിചർച്ച നടത്തി
പയ്യാമ്പലം ശ്മശാനത്തിൽ ചിരട്ട പോലും ഇല്ലാത്ത അവസ്ഥയ്ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ മണ്ഡലം ഭാരവാഹികൾ മേയർ മുസ്ലിഹ് മഠത്തിലുമായി ചർച്ച നടത്തി. മൃതദേഹവുമായി പോകുന്നവർ ചിരട്ട കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഇത് ദൂരെ നിന്നു വരുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. അടിയന്തരമായി പരിഹാര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി ജിജു വിജയൻ, പ്രഫഷനൽ സെൽ ജില്ലാ കൺവീനർ നിവേദ് ചൊവ്വ എന്നിവർ സംബന്ധിച്ചു.