
സൂരജ് വധം: പ്രതികൾക്ക് കോടതിമുറ്റത്ത് യാത്രയയപ്പ്; ജയിൽ പരിസരത്ത് സ്വീകരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി∙ ബിജെപി പ്രവർത്തകൻ സൂരജിനെ വധിച്ച കേസിൽ സിപിഎമ്മുകാരായ പ്രതികൾക്കു ശിക്ഷ ലഭിക്കുന്നതിൽ നിർണായകമായത് സാക്ഷിമൊഴികൾ. ഒന്നാം സാക്ഷി മമ്പള്ളി സത്യൻ, മൂന്നാം സാക്ഷിയും സൂരജിന്റെ സഹോദരനുമായ സുഷാജ്, അന്നത്തെ എടക്കാട് എസ്ഐ അബ്ദുൽ വഹാബ്, സൂരജിനെതിരെ നൽകിയ വ്യാജ പരാതി അന്വേഷിച്ച പൊലീസ് കോൺസ്റ്റബിൾ എന്നിവരുടെ മൊഴികളാണ് കേസിനു സഹായകമായത്. സൂരജിനെതിരെ അന്നത്തെ സിപിഎം ലോക്കൽ സെക്രട്ടറി വി.പ്രഭാകരൻ നൽകിയ പരാതിയും അതിലെ അന്വേഷണ റിപ്പോർട്ടും സൂരജിനെ 2004ൽ സിപിഎം പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ എഫ്ഐആറും അബ്ദുൽ വഹാബ് കോടതിയിൽ ഹാജരാക്കി.
2004ലെ വധശ്രമക്കേസിലും വി.പ്രഭാകരൻ, കെ.വി.പത്മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ എന്നിവർ പ്രതികളായിരുന്നു. ഈ കേസിൽ പ്രതികളെ കോടതി പിന്നീട് കുറ്റവിമുക്തരാക്കി. ഇതിന്റെ ആനുകൂല്യം പ്രതികൾക്കു കിട്ടില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.ദൃക്സാക്ഷികളുടെ രാഷ്ട്രീയ ബന്ധം അവരുടെ മൊഴികൾ അവിശ്വസിക്കാൻ കാരണമല്ലെന്ന് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ വിധിന്യായം ഉദ്ധരിച്ചു കോടതി ചൂണ്ടിക്കാട്ടി. നേരിട്ടുള്ള സാക്ഷി മൊഴികൾ ഉണ്ടാവില്ലെന്നുള്ളതിനാൽ ഗൂഢാലോചന തെളിയിക്കുന്നതിന് സാഹചര്യത്തെളിവുകളും രേഖാമൂലമുള്ള തെളിവുകളും മതിയാകുമെന്ന് വിവിധ വിധികൾ ഉദ്ധരിച്ചു കോടതി പറഞ്ഞു. കേസിൽ ഒരു മണിക്കൂറിനകം എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഒന്നാം പ്രതിയെയും ഓട്ടോറിക്ഷയും മറ്റു പ്രതികളെയും കണ്ടാലറിയാമെന്ന് ഒന്നാം സാക്ഷി മമ്പള്ളി സത്യൻ പറഞ്ഞിരുന്നു.
പാർട്ടി വിട്ട വിരോധം കാരണം ഗൂഢാലോചന നടത്തി ആക്രമിക്കുകയും മാസങ്ങൾക്ക് ശേഷം വീണ്ടും കൊല്ലുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും 2–ാം പ്രതിയൊഴികെ മറ്റ് പ്രതികൾ മുൻപ് ശിക്ഷിക്കപ്പെട്ടവരല്ലാത്തതിനാൽ പരമാവധി ശിക്ഷ വിധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് കോടതിമുറ്റത്ത് യാത്രയയപ്പ്; ജയിൽ പരിസരത്ത് സ്വീകരണം
തലശ്ശേരി∙ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ മുദ്രാവാക്യം വിളികളോടെയാണ് പാർട്ടി പ്രവർത്തകർ ജയിലിലേക്ക് യാത്രയാക്കിയത്. രാവിലെ 11ന് ആദ്യ കേസായി പരിഗണിച്ചു വിധി പറഞ്ഞെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിലിലേക്കു കൊണ്ടു പോകുമ്പോൾ 2 കഴിഞ്ഞു. പ്രതികളെ കയറ്റിയ പൊലീസ്വാഹനത്തിന് ചുറ്റുംനിന്ന് പ്രവർത്തകർ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. നേതാക്കളായ കാരായി രാജൻ, എം.സുരേന്ദ്രൻ, പി.ഹരീന്ദ്രൻ, കെ.ശശിധരൻ, എം.കെ.മുരളി, സി.കെ.രമേശൻ, എം.സി.പവിത്രൻ എന്നിവരുൾപ്പെടെ നൂറുകണക്കിന് സിപിഎം പ്രവർത്തകർ കോടതി വളപ്പിൽ എത്തി. പ്രതികളുടെ ബന്ധുക്കളും എത്തിയിരുന്നു. പ്രതികൾക്ക് കണ്ണൂർ സെൻ്ടൽ ജയിൽ പരിസരത്തും പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. ‘ധീരന്മാരാം പോരാളികളേ, വർഗീയതയെ ചെറുത്തുനിൽക്കാൻ നിങ്ങൾ നടത്തിയ പോരാട്ടം, ഞങ്ങളീമണ്ണിൽ ശാശ്വതമാക്കും’ എന്നായിരുന്നു സിപിഎം പ്രവർത്തകരുടെ പ്രഖ്യാപനം.
കൊലയാളികൾക്ക് പിന്തുണ നിയമവാഴ്ചയോടുള്ള വെല്ലുവിളി: ബിജെപി
കണ്ണൂർ ∙ സൂരജിനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാർക്ക് അഭിവാദ്യമർപ്പിച്ച് തലശ്ശേരി കോടതിക്കു മുന്നിലും കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തും സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനം നിയമവാഴ്ചയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ. നേരത്തേയും സമാനമായ സംഭവങ്ങൾ അരങ്ങേറി. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മുകാരായ പ്രതികൾക്ക് വധശിക്ഷ വിധിച്ചപ്പോൾ മജിസ്ട്രേട്ടിനെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ സംഭവവും ഉണ്ടായി. ഇത് നിയമവ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് കൊല നടത്തിച്ചവർക്കുള്ള ശിക്ഷ’
തലശ്ശേരി∙ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ ഈ വിധി സഹായകമാകണമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേമരാജൻ പറഞ്ഞു. 20 വർഷത്തിന് ശേഷമുണ്ടായ വിധി, ഗൂഢാലോചന നടത്തി പുറത്തുനിന്ന് കൊലയാളി സംഘങ്ങളെക്കൊണ്ട് കൊല നടത്തിച്ചവർക്കുകൂടി ലഭിക്കുന്ന ശിക്ഷയാണ്. 2005ൽ തന്നെ 2,5 പ്രതികൾ പിടിക്കപ്പെട്ടിരുന്നുവെങ്കിൽ ടി.പി.ചന്ദ്രശേഖരൻ വധം ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഏതു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവനും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന് എല്ലാ രാഷ്ട്രീയക്കാരും മനസ്സിലാക്കട്ടെ. കേസിൽ സൂരജിന്റെ ഉറ്റ സുഹൃത്തായ സാക്ഷിപോലും കൂറുമാറി. കണ്ണൂർ സിറ്റി സിഐ എം.ദാമോദരനും പിന്നീട് അന്വേഷിച്ച ടി.കെ.രത്നകുമാറും നടത്തിയ മികച്ച അന്വേഷണം കേസിനെ സഹായിച്ചു. ആഭ്യന്തരവകുപ്പിൽ നിന്ന് നല്ല പിന്തുണ ലഭിച്ചതായും പ്രേമരാജൻ പറഞ്ഞു.
എളമ്പിലായി സൂരജ് വധം: 8 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം
തലശ്ശേരി ∙ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിന് മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ വെട്ടിക്കൊന്ന കേസിൽ 8 സിപിഎം പ്രവർത്തകർക്കു ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണു ശിക്ഷ വിധിച്ചത്. കൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്നു കണ്ടെത്തിയ 2 മുതൽ 6 വരെ പ്രതികളായ പത്തായക്കുന്ന് കാരായിന്റവിട ടി.കെ.രജീഷ് (46), കാവുംഭാഗം കോമത്തുപാറ പുതിയോടത്ത് ഹൗസിൽ എൻ.വി.യോഗേഷ് (47), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യൻ ഹൗസിൽ കെ.ഷംജിത്ത് (ജിത്തു-48), കൂത്തുപറമ്പ് പഴയനിരത്ത് പുത്തൻപറമ്പത്ത് മമ്മാലി ഹൗസിൽ പി.എം.മനോരാജ് (നാരായൺകുട്ടി -44), മുഴപ്പിലങ്ങാട് വാണിയന്റവളപ്പിൽ നെയ്യോത്ത് സജീവൻ (57) എന്നിവർക്കും ഗൂഢാലോചനയ്ക്ക് 7 മുതൽ 9 വരെ പ്രതികളായ സിപിഎം മുൻലോക്കൽ സെക്രട്ടറിയും മുഴപ്പിലങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പണിക്കന്റവിട വി.പ്രഭാകരൻ (66), ബീച്ച് റോഡ് പുതുശ്ശേരി ഹൗസിൽ കെ.വി.പത്മനാഭൻ (ചോയി പപ്പൻ-68), കരിയിലവളപ്പിൽ മനോമ്പേത്ത് രാധാകൃഷ്ണൻ (61) എന്നിവർക്കുമാണ് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം. ഒന്നാംപ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് 11–ാം പ്രതി വടക്കെതയ്യിൽ സോപാനത്തിൽ പുതിയപുരയിൽ സജീവനെ 3 വർഷം കഠിന തടവിനും 25000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസംകൂടി തടവ് അനുഭവിക്കണം. ഇയാൾക്ക് ജാമ്യം അനുവദിച്ചു. 2 മുതൽ ആറുവരെ പ്രതികൾക്ക് മറ്റു വകുപ്പുകൾപ്രകാരവും ശിക്ഷ ഉണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക സൂരജിന്റെ ആശ്രിതർക്ക് നൽകണം. 10–ാം പ്രതി എടക്കാട് നാഗത്താൻകോട്ട പ്രകാശനെ കുറ്റക്കാരനല്ലെന്നുകണ്ട് വിട്ടയച്ചിരുന്നു. ഒന്നാം പ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പി.കെ.ഷംസുദീൻ, 12–ാം പ്രതി മക്രേരി കിലാലൂർ ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കു മുൻപു മരിച്ചു.
കോടതിയിൽനിന്നു സിപിഎം പ്രവർത്തകർക്കൊപ്പം ഇറങ്ങിവരുന്നു.
ടി.കെ.രജീഷ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലും പ്രതിയാണ്. ടി.പി.കേസിൽ രജീഷ് നൽകിയ കുറ്റസമ്മത മൊഴിയെത്തുടർന്ന് രജീഷിനെയും പി.എം.മനോരാജിനെയും പ്രതിചേർത്ത് കേസിൽ അനുബന്ധ കുറ്റപത്രം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ സഹോദരനാണ് പി.എം.മനോരാജ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേമരാജൻ ഹാജരായി.
കുറ്റവാളികളായി കാണുന്നില്ലെന്ന് എം.വി.ജയരാജൻ
കേസിൽ ശിക്ഷിക്കപ്പെട്ടവരെ കുറ്റവാളികളായി പാർട്ടി കാണുന്നില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കള്ളക്കേസാണിത്. ഇവർ നിരപരാധികളാണ്. സമൂഹത്തിന് മുന്നിൽ ഇവർ കുറ്റവാളികളല്ല. ഇവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ശിക്ഷിക്കപ്പെട്ട പാർട്ടി പ്രവർത്തകർക്കായി അപ്പീൽ പോകും. ഇവരെ രക്ഷിക്കാൻ പാർട്ടി എല്ലാ സഹായവും നൽകുമെന്നും എം.വി.ജയരാജൻ പറഞ്ഞു.