കണ്ണൂർ ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 98,647 പേർ പുറത്ത്. 20,14,608 പേരാണ് കരടുപട്ടികയിലുള്ളത്.
2025 ഒക്ടോബറിലെ പട്ടികയിൽ 21,13,255 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽനിന്ന് 4.66% പേർ ഒഴിവാക്കപ്പെട്ടു. 9,56,081 പുരുഷന്മാരും 10,58,517 സ്ത്രീകളും 10 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണു കരടുപട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ പേർ പട്ടികയിൽനിന്നു പുറത്തായത് അഴീക്കോട് മണ്ഡലത്തിലാണ്.
11,266 പേർ. രണ്ടാമത് കണ്ണൂർ 11,242, മൂന്നാമത് ഇരിക്കൂർ 10,539.
ഏറ്റവും കുറവ് മട്ടന്നൂരിൽ– 6,464. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് 7,420 പേർ പുറത്തായി.
പട്ടികപ്രകാരം കൂടുതൽ വോട്ടർമാരുള്ളത് തളിപ്പറമ്പ് മണ്ഡലത്തിലാണ് (2,13,434).
കുറവ് തലശ്ശേരിയിലും (1,68,240). സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായി ജില്ലയിൽ 21,13,255 എന്യൂമറേഷൻ ഫോം ആണ് വിതരണം ചെയ്തത്.
ഇതിൽ 20,14,608 ഫോം തിരികെ ലഭിച്ച് ഡിജിറ്റൈസ് ചെയ്തു. ബൂത്ത് ലവൽ ഓഫിസർമാർക്കു (ബിഎൽഒ) കണ്ടെത്താൻ സാധിക്കാത്തവർ, മരണപ്പെട്ടവർ, സ്ഥിരതാമസമില്ലാത്തവർ, ഇരട്ട
വോട്ടുള്ളവർ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് 98,647 പേർ ഒഴിവാക്കപ്പെട്ടതെന്ന് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ പറഞ്ഞു.
ഒഴിവാക്കപ്പെട്ടോ? പരിശോധിക്കാം
∙ താഴെ പറയുന്ന ലിങ്കിൽ കയറി ഫോൺ നമ്പറോ എപിക് നമ്പറോ നൽകി കരട് വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. https://electoralsearch.eci.gov.in/ ഓരോ മണ്ഡലത്തിലെയും ബൂത്തുകളിൽ നിന്ന് ഒഴിവാക്കപ്പെവരുടെ പട്ടിക താഴെ പറയുന്ന ലിങ്കിൽ പരിശോധിക്കാം.
https://www.ceo.kerala.gov.in/asd-list
പേരില്ലെങ്കിൽ…
∙ പട്ടികയിൽ പേര് ഇല്ലാത്തവർ പേരുചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഓൺലൈൻ അപേക്ഷ നൽകണം. ആക്ഷേപങ്ങളും അവകാശവാദങ്ങളും ജനുവരി 22 വരെ നൽകാം.
അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21നു പ്രസിദ്ധീകരിക്കും.
പോളിങ് സ്റ്റേഷൻ കൂടി
ജില്ലയിൽ പുതുതായി 306 പോളിങ് സ്റ്റേഷൻ കൂടി രൂപീകരിച്ചു. ഇതടക്കം 2,176 പോളിങ് സ്റ്റേഷനുകളാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുണ്ടാകുക.
പരമാവധി 1200 വോട്ടർമാരാണ് ഒരു പോളിങ് സ്റ്റേഷനിലുണ്ടാകുക.
2024ലെ തിരഞ്ഞെടുപ്പ്: 1,02,268 പേർ കുറവ്
കണ്ണൂർ ∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ വോട്ടർമാരുടെ പട്ടികയുമായി നോക്കുമ്പോൾ ഇപ്പോൾ കുറവുള്ളത് 1,02,268 വോട്ടർമാർ. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പട്ടികയിൽനിന്ന് ഇപ്പോൾ കുറവുള്ളത് 52,929 പേരാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 21,16,876 പേരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. 2021ൽ 20,67,537ഉം.
ഇന്നലെ പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 20,14,608ഉം. കൂടുതൽ വോട്ടർമാരുള്ള തളിപ്പറമ്പ് മണ്ഡലത്തിൽ മാത്രം 7,861 വോട്ടർമാർ കഴിഞ്ഞ കൊല്ലത്തേക്കാൾ കുറവുവന്നു.
14,357 പേരെ കണ്ടെത്താനായില്ല
2025 ഒക്ടോബറിലെ പട്ടികയിലെ 21,13,255ൽ നിന്നു പുറത്തായ 98,647ൽ 32,965 പേർ മരിച്ചവരാണ്.
14,357 പേരെ കണ്ടെത്താനായിട്ടില്ല. 38,707 പേർ സ്ഥിരമായി മറ്റിടങ്ങളിലേക്ക് മാറിയവരാണ്.
7859 പേർ മറ്റ് മണ്ഡലങ്ങളിൽ പേരുള്ളവരാണ്. ഇതൊന്നുമല്ലാതെ മറ്റ് കാരണങ്ങളാൽ 4759 പേർ പുറത്തായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

