ശ്രീകണ്ഠപുരം ∙ മുത്തപ്പന്റെ ആരൂഢ സ്ഥാനമാണങ്കിലും ഇവിടെ സ്ഥിരമായി ക്ഷേത്രമില്ല. പാടിയിൽ നിർമിക്കുന്ന താൽക്കാലിക മടപ്പുരയിലാണ് ഉത്സവം.
മടപ്പുരയെന്നാൽ ഗുഹാക്ഷേത്രം എന്നാണർഥം. കുന്നത്തൂർപാടിയിൽ ഗുഹാക്ഷേത്രത്തിന്റെ രീതിയിലാണ് മടപ്പുരയൊരുക്കുന്നത്.
കാട്ടുകമ്പും ഞെട്ടിയോലയും ഈറ്റയുംകൊണ്ട് നിർമിക്കുന്ന താൽക്കാലിക മടപ്പുരയാണ് ഇവിടെ. ഉത്സവം തുടങ്ങുന്നതിന് 10 ദിവസം മുൻപ് താൽക്കാലിക മടപ്പുരയുടെ നിർമാണം തുടങ്ങും.
കഴിഞ്ഞ വർഷത്തെ ഉത്സവത്തിനുശേഷം ആർക്കും പ്രവേശനമില്ലാതിരുന്ന കുന്നത്തൂർ വനാന്തരത്തിലെ ദേവസ്ഥാനം കാടുവെട്ടിത്തെളിച്ച് ഉത്സവത്തിനൊരുക്കുന്ന ചടങ്ങുകളെ ‘പാടിയിൽ പണി’ എന്നാണ് പറയുന്നത്. ഓലകൊണ്ട് കരക്കാട്ടിടം വാണവരുടെ കങ്കാണിയറയും അഞ്ഞൂറ്റാന്റെ അണിയറയും ചന്തന്റെയും കോമരത്തിന്റെയും സ്ഥാനിക പന്തലുകളും ഇതിന്റെ ഭാഗമായി നിർമിക്കും.
ദേവസ്ഥാനത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഭക്തർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും സജ്ജമാക്കും.
മുത്തപ്പന്റെ തോറ്റങ്ങളിൽ ‘എകർന്ന മല-കനകഭൂമി-കുന്നത്തൂർപാടി’ എന്നാണ് വിശേഷണമുള്ളത്. ഏരുവേശ്ശി പുഴയിലെ തിരുനെറ്റിക്കല്ലിൽനിന്ന് പാടിക്കുറ്റി അന്തർജനത്തിന് കിട്ടിയ ശിശുവായ മുത്തപ്പന്റെ ആരൂഢ സ്ഥാനമാണ് കുന്നത്തൂർപാടി.
ഏരുവേശ്ശി പാടിക്കുറ്റി ഇല്ലത്തുനിന്ന് ഇറങ്ങിയശേഷം മുത്തപ്പൻ തന്റെ കൗമാരവും യുവത്വവും ചെലവഴിച്ചത് കുന്നത്തൂർമലമുകളിലെ വനാന്തരത്തിലാണെന്നാണ് ഐതിഹ്യം. കുന്നത്തൂർമലയിൽ നായാട്ട് നടത്തിയും മറ്റും മുത്തപ്പൻ കഴിഞ്ഞിരുന്നകാലത്ത് ആദിവാസികളായിരുന്നു കൂട്ട് എന്നാണ് വിശ്വാസം.
അതുകൊണ്ടുതന്നെ തിരുവപ്പനയുടെ ചടങ്ങുകളിൽ അടിയന്തരക്കാരായി ഈ വിഭാഗത്തിൽപ്പെട്ടവരാണ് കൂടുതൽ. കോമരവും ചന്തനുമെല്ലാം ഇവരാണ്.
പാനൂരിനടുത്തുള്ള വള്ള്യായിലുള്ള അഞ്ഞൂറ്റന്മാർക്കാണ് തിരുവപ്പന കെട്ടിയാടുവാനുള്ള അവകാശം.
സ്ഥിരം മടപ്പുരയും ക്ഷേത്ര സങ്കേതങ്ങളും ഇല്ലാത്ത പാടിയിൽ പ്രകൃതിയോടിണങ്ങിയാണ് ചടങ്ങുകളുള്ളത്. തിരുവപ്പന ദർശിക്കാനെത്തുന്ന ഭക്തർ ദേവസ്ഥാനത്തിനടുത്ത ചെറിയ കുന്നിൻചെരിവുകളിലായി സ്ഥാനം പിടിക്കുന്നു.
വലിയ പാറക്കൂട്ടങ്ങൾക്ക് താഴെ കാട്ടുകല്ലുകളാണ് ഇവരുടെ ഇരിപ്പിടങ്ങൾ. പാടിക്ക് താഴെയുള്ള പൊടിക്കളത്തെ മടപ്പുരയിൽ തൊഴുതശേഷമാണ് ഭക്തർ വനാന്തരത്തിലെ ദേവസ്ഥാനത്തെത്തുന്നത്.
സമുദ്രനിരപ്പിൽനിന്ന് 3000 അടി മുകളിലാണ് കുന്നത്തൂർമല. വർഷത്തിൽ തിരുവപ്പന മഹോത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലേക്ക് ജനങ്ങൾക്ക് പ്രവേശനം.
മുത്തപ്പന്റെ പ്രകൃതിയോടിണങ്ങിയ ജീവിതംപോലെ തന്നെയാണ് കുന്നത്തൂർ പാടിയിലെ ഓരോ ചടങ്ങുകളും. ഈറ്റപ്പന്തങ്ങൾ വെളിച്ചം നൽകുന്ന തിരുമുറ്റത്താണ് തിരുവപ്പന കെട്ടിയാടുന്നത്.
ചടങ്ങുകൾക്കുള്ള ജലം വനാന്തരത്തിലെ തീർഥക്കുണ്ടിൽനിന്ന് ശേഖരിക്കും.
കരക്കാട്ടിടം വാണവരുടെ കങ്കാണിയറയും അഞ്ഞൂറ്റാന്റെ അണിയറയും ചന്തന്റെയും കോമരത്തിന്റെയും സ്ഥാനിക പന്തലുമെല്ലാം ഓലകൊണ്ടാണ് നിർമിക്കാറുള്ളത്. തിരുമുറ്റത്ത് ഭക്തർക്ക് ദർശനം നൽകാൻ തിരുവപ്പന ഇരിക്കുന്ന പീഠം മണ്ണുകൊണ്ടുള്ളതാണ്. മറ്റ് മടപ്പുരകളിൽ തടികൊണ്ടുള്ള പീഠങ്ങളാണ് ഉണ്ടാവാറുള്ളത്.
മുത്തപ്പന്റെ പള്ളിവേട്ട എന്ന ചടങ്ങിന് ഈറ്റകൊണ്ടാണ് തീക്കുണ്ഡങ്ങൾ ഒരുക്കുന്നത്.
പനങ്കള്ളാണ് മുത്തപ്പന് പ്രധാനമായും സമർപ്പിക്കുന്ന നിവേദ്യം. ഭക്തർ കൊണ്ടുവന്ന കള്ള് തിരുമുറ്റത്തുവച്ച കലത്തിലാണ് ഒഴിച്ചുവയ്ക്കുക.
ഉത്സവനാളുകളിൽ പാടിയിൽ പ്രവേശിക്കാൻ 24 മണിക്കൂറും സൗകര്യമുണ്ടാവും. തിരുമുറ്റത്തും ഭക്തർക്ക് പ്രവേശനമുള്ള ഇടങ്ങളിലുമല്ലാതെ വനമേഖലയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
താഴെപൊടിക്കളം മടപ്പുര
പാടിയിൽനിന്ന് 400 മീറ്റർ താഴെയുള്ള പൊടിക്കളത്തെ മടപ്പുരയാലാണ് ഉത്സവകാലത്ത് ഒഴികെയുള്ള സമയങ്ങളിൽ സംക്രമ വെള്ളാട്ടവും വിശേഷാൽ വെള്ളാട്ടവും പുത്തരി ഉത്സവം, കളത്തിൽതിറ എന്നീ ചടങ്ങുകൾ നടക്കുന്നത്. ഉത്സവകാലത്ത് അതിഥികൾ വിശ്രമിക്കുന്നത് താഴെപൊടിക്കളത്തിന് സമീപത്തെ കെട്ടിടത്തിലാണിത്. ഇത് പണിതത് 1962-ലാണ്.
അന്ന് പയ്യാവൂർ വിട്ടാൽ കണ്ടിരുന്ന ഒരേയൊരു ഓടിട്ട കെട്ടിടം ഇതുമാത്രമായിരുന്നു. അതുകൊണ്ട് ഇതിനെ ‘ബംഗ്ലാവ്’ എന്നാണ് വിളിച്ചിരുന്നത്.
ഭക്തർക്ക് അന്നദാനം നൽകുന്നതിനുള്ള സൗകര്യവും താഴെപൊടിക്കളത്താണ്.കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ പുത്തരി മഹോത്സവവും താഴെപൊടിക്കളത്താണ് നടത്താറുളളത്.ഇതിന്റെ ഭാഗമായി ഗണപതിഹോമം, കലശപൂജ, വിശേഷാൽ പൂജകൾ, വെള്ളാട്ടം, മറുപുത്തരി വെള്ളാട്ടം എന്നിവ ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

