കരിവെള്ളൂർ ∙ ‘ഉണ്ണികളെ ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം..’ അങ്ങനെ കഥ പറയാൻ കൂനി കൂനി വടിയും പിടിച്ച് മുത്തശ്ശി കരിവെള്ളൂർ പലിയേരികൊവ്വൽ എവി സ്മാരക വായനശാലയിലെത്തി. കഥയും പാട്ടുമായി കുട്ടികൾ മുത്തശ്ശിക്കൊപ്പം ചേർന്നു.
കരിവെള്ളൂർ പെരളം പഞ്ചായത്ത് പത്താം വാർഡ് കുടുംബശ്രീ ഒരുക്കിയ ബാലസഭയിലാണ് കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ് എഎൽപി സ്കൂൾ അധ്യാപിക സതി പുലിക്കോടൻ മുത്തശ്ശിയുടെ വേഷമണിഞ്ഞ് എത്തിയത്.
കഥ പറഞ്ഞു തരുന്ന മുത്തശ്ശി കുട്ടികളിൽ കൗതുകം വളർത്തി. അൻപതോളം കുട്ടികളും അമ്മമാരും പാട്ടുകൾ പാടി പലിയേരികൊവ്വൽ വയലിലെ നടപ്പാതയിലൂടെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ചു.
മുത്തശ്ശി പാടിയ നാടൻ പാട്ടുകൾ കുട്ടികൾ ഏറ്റുചൊല്ലി. സ്കൂളിലെമൂന്നാം ക്ലാസിലെ കുട്ടികൾക്ക് നാടോടിക്കഥ പറഞ്ഞു കൊടുക്കാനാണ് സതി ആദ്യമായി മുത്തശ്ശിയുടെ വേഷം അണിഞ്ഞത്.
സ്വദേശമായ രാവണേശ്വരത്തെ തറവാട് വീട്ടിലും പരിസരത്തുമായി ഒരുപാട് മുത്തശ്ശിമാർ ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് അവരിൽ നിന്നാണ് കഥകൾ കേട്ടത്.
ചെറുപ്പകാലത്ത് രാത്രിയിൽ ഉറങ്ങാൻ അമ്മ പുലിക്കോടൻ വീട്ടിൽ കാരിച്ചി കഥ പറഞ്ഞു നൽകുമായിരുന്നു.
അന്നു കേട്ട കഥകൾ ഇന്നത്തെ കുട്ടികൾക്ക് പകർന്നു നൽകുകയാണ് സതി.
വാമൊഴിയായി ലഭിച്ച നൂറോളം കഥകളും പാട്ടുകളും സതിയുടെ മനസ്സിലുണ്ട്. മുത്തശ്ശിയും കഥകളും ഇല്ലാത്ത കാലത്ത് സതി അധ്യാപക മുത്തശ്ശിയായപ്പോൾ കുട്ടികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നീലേശ്വരം മടിക്കൈയിലാണ് സതി താമസിക്കുന്നത്. ഭർത്താവ് പി.രാജേഷ് (കാസർകോട് കേന്ദ്ര സർവകലാശാല ഫുട്ബോൾ പരിശീലകൻ).
മക്കൾ: വൈഷ്ണവി, വിഷ്ണുരാജ് യാദവ് (ഇരുവരും വിദ്യാർഥികൾ) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]