
ഇരിട്ടി ∙ ശുചിത്വപ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി കേന്ദ്രസർക്കാരിന്റെ 2024 ലെ സ്വച്ഛ് സർവേക്ഷൻ സർവേയിൽ 250–ാം സ്ഥാനം ലഭിച്ച ഇരിട്ടി നഗരസഭയിൽ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ തീരുമാനം. ‘ശുചിത്വ സുന്ദര ഇരിട്ടി നഗരം’ കുടുതൽ ശക്തിപ്പെടുത്തും.
ഉറവിട മാലിന്യ സംസ്ക്കരണത്തിലൂന്നിയാണ് നഗരസഭയുടെ മാലിന്യ നിർമാർജന പദ്ധതികൾ പ്രവർത്തിക്കുന്നത്.
വീടുകളിലെ മാലിന്യം സംസ്ക്കരിക്കാൻ നഗരസഭാ പരിധിയിലുള്ള ഭൂരിഭാഗം വീടുകളിലും റിങ് കംപോസ്റ്റ് എത്തിച്ചു. 10 ശതമാനം വീടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
ഹരിത കർമസേനയുടെ വാതിൽപ്പടി ശേഖരണത്തിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു അജൈവ മാലിന്യങ്ങളും കൃത്യമായി നഗരസഭയുടെ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിനായി അധികൃതർ വ്യക്തമാക്കി.
ഹരിതകർമ സേനയിൽ 70 പേരാണുള്ളത്. മാസ്ക്, ഗ്ലൗസ്, ഗൺബൂട്ട്, യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ നൽകിയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയുമാണു ഇവർ പ്രവർത്തനം നടത്തുന്നത്.
ശേഖരിച്ച മാലിന്യങ്ങൾ സംഭരിക്കാനും സംസ്ക്കരിക്കാനും നഗരസഭയുടെ കീഴിൽ ഒരു സ്ഥിരം എംസിഎഫും 4 കണ്ടെയ്നർ എംസിഎഫുകളും 75 മിനി എംസിഎഫുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ നഗരസഭാ പരിധിയിൽ പലയിടങ്ങളിലായി 66 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്.ഇരിട്ടി ടൗണിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ ശേഖരിച്ചു അത്തിത്തട്ടിൽ പ്രവർത്തിക്കുന്ന വിൻഡ്രോ കംപോസ്റ്റ്, തുമ്പൂർമുഴി സംവിധാനങ്ങളിലൂടെ കംപോസ്റ്റ് വളമാക്കി ‘ജൈവാമൃതം’ എന്ന പേരിൽ വിൽപന നടത്തുന്നുണ്ട്.
ഇതിലൂടെ മികച്ച വരുമാനവും നഗരസഭയ്ക്കു ലഭിക്കുന്നു.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ 28 സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിച്ചു കുറ്റക്കാർക്കെതിരെ പിഴ ഈടാക്കുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ സാമൂഹ്യാവബോധം വളരാൻ പൊതുഇടങ്ങളിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.ഇരിട്ടി നഗരത്തിലുള്ള ടേക്ക് എ ബ്രേക്ക് പരിസരത്ത് ഗ്രീൻലീഫ് സൊസൈറ്റിയുടെ സഹകരണത്തോടെ ചെറിയ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്.
മുൻ കാലങ്ങളിൽ മാലിന്യം തള്ളിയിരുന്ന സ്ഥലമാണ് വേലി കെട്ടി തിരിച്ച് മനോഹരമാക്കിയത്.
വിവിധ ക്യാംപെയ്നുകളിലൂടെയും പദ്ധതികളിലൂടെയും ശുചിത്വാവബോധം വർധിപ്പിച്ചു പൊതുജന പങ്കാളിത്തം ഉറപ്പാക്കിയാണു നഗരസഭ ശുചിത്വ രംഗത്ത് വൻമുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നതെന്നും പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിട്ടി പുഴ ഉൾക്കൊള്ളുന്ന നഗരസഭയെന്ന നിലയിൽ മാലിന്യ സംസ്ക്കരണത്തിനു കൂടുതൽ പ്രാധാന്യം നൽകിയാണ് ഇവിടെ പദ്ധതികൾ നടപ്പാക്കുന്നതെന്നും ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]