
പൊറോറ–പെരുമണ്ണ് കടവ് പാലം: നിർമാണം കാത്ത് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ മൂന്ന് പതിറ്റാണ്ടിലേറെയായി കാത്തിരുന്നിട്ടും പൊറോറ–പെരുമണ്ണ് കടവ് പാലം യാഥാർഥ്യമായില്ല. മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പൊറോറ–പെരുമണ്ണ്കടവിൽ പതിറ്റാണ്ടുകളായി തോണി മാത്രമാണ് ആശ്രയം. വിവിധ ക്ലബ്ബുകൾ, സീനിയർ സിറ്റിസൻ ഫോറങ്ങൾ, രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പാലം നിർമാണത്തിനു നടപടിയില്ല. 2 തവണ പൊതുമരാമത്ത് വകുപ്പ് അധികൃതർ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
പാലം യാഥാർഥ്യമായാൽ പൊറോറയിലെയും പരിസര പ്രദേശത്തെയും ജനങ്ങൾക്ക് തളിപ്പറമ്പ്, ഇരിട്ടി, ഇരിക്കൂർ, പ്രദേശങ്ങളിലേക്കും. ഈ പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കും ചെറിയ ദൂരത്തിൽ എത്തിപ്പെടാം. പ്രദേശത്തെ ഏക യാത്രാ മാർഗമായ തോണിയിൽ വേനൽക്കാലത്ത് അക്കരയിക്കരെ കടക്കാമെങ്കിലും മഴക്കാലം ആരംഭിച്ചാൽ തോണി യാത്രയും നിലയ്ക്കും.
പഴശ്ശി പദ്ധതി ടൂറിസ്റ്റ് കേന്ദ്രം, നിർദിഷ്ട കിൻഫ്ര വ്യവസായ കേന്ദ്രം, കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രം, മാമാനിക്കുന്ന് ക്ഷേത്രം, നിലാമുറ്റം പള്ളി, മീനൂട്ടുകടവ്, പടിയൂർ ഇക്കോ ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ എത്തുന്നതിനു ഇപ്പോൾ 7 കിലോമീറ്ററിൽ അധികം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. മലയോര പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയാണ് പൊറോറ–പെരുമണ്ണ് കടവ്. പാലം യാഥാർഥ്യമായാൽ വിനോദ സഞ്ചാരികൾക്കും ഇരു കരകളിലെയും താമസക്കാർക്കും ഉപകാരപ്പെടും.
പാലം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപ്രദേശത്തെയും ജനങ്ങളുടെ നേതൃത്വത്തിൽ സി.ബാലൻ പൊറാറ ചെയർമാനും എ.കെ.ദിലീപ് കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.പടിയൂർ പഞ്ചായത്തംഗം ആർ.രാജൻ, മട്ടന്നൂർ നഗരസഭാ കൗൺസിലർമാരായ കെ.അഭിനേഷ്, കെ.പ്രിയ. കെ.വി.രാഘവൻ, വി.വി.വിജയൻ, എം.വി.ചന്ദ്രൻ, ടി.ദേവദാസ്, സി.പ്രശാന്ത്, സി.പ്രസന്ന, ഉണ്ണിക്കൃഷ്ണൻ, കെ.സുജിത്ത്, കെ.ചന്ദ്രൻ, എം.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.