ഇരിട്ടി ∙ കരിക്കോട്ടക്കരി വലിയപറമ്പുംകരിയിൽ വീടിനു മുന്നിലെ കിണറ്റിൽ ഡീസൽ സാന്നിധ്യം. സമീപത്തെ പെട്രോൾ പമ്പിൽ നിന്നു ഭൂമിക്കടിയിലൂടെ ചോർന്നു കിണർ വെള്ളത്തിൽ ചേർന്നതാണെന്നു നാട്ടുകാർ.
പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഡീസൽ സാന്നിധ്യമുള്ള നിലയിൽ പാടയും എണ്ണമയവും കണ്ടെത്തി.
പൂത്തോട്ടാൽ സജിയുടെ വീട്ടിലെ കിണറ്റിലാണ് ഡീസൽ കലർന്ന നിലയിൽ വെള്ളത്തിൽ പാടയും മണവും അനുഭവപ്പെട്ടത്. 4 ദിവസം മുൻപ് കിണറ്റിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കാൻ നെറ്റ് മാറ്റി നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.
അതേസമയം ടാങ്കിൽ നിന്നു പൈപ്പ് വഴി വീട്ടിൽ വെള്ളം എടുത്ത സമയങ്ങളിൽ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെയും കരിക്കോട്ടക്കരി പൊലീസിന്റെയും സാന്നിധ്യത്തിൽ കിണറിലെ വെള്ളം വറ്റിച്ചു പരിശോധിച്ചതിലും ഡീസലിന്റെ മണവും പാടയും കണ്ടെത്തി.
പൂർണമായും വറ്റിച്ച ശേഷം കിണറ്റിലേക്കുള്ള നീരുറവയിലും ഡീസലിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു. വെള്ളം കുപ്പിയിൽ ശേഖരിച്ചപ്പോൾ മുകൾ ഭാഗത്ത് എണ്ണമയം കൂടുതലായും കണ്ടെത്തി.
പഞ്ചായത്ത് നിർദേശ പ്രകാരം കിണറ്റിലെ വെള്ളം പരിശോധനയ്ക്കായി അധികൃതരുടെ സാന്നിധ്യത്തിൽ ശേഖരിച്ചു. കഴിഞ്ഞ മഴക്കാലത്ത് വലിയപറമ്പുംകരിയിൽ തന്നെ ജലസ്രോതസ്സിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയതായി പരാതി ഉയർന്നിരുന്നു.
നാട്ടുകാർ കർമസമിതി രൂപീകരിച്ചു പ്രതിഷേധ രംഗത്ത് ഇറങ്ങുകകയും ചെയ്തു.
പിന്നീട് ഇന്ധനകമ്പനി പ്രതിനിധി സംഘം ഉൾപ്പെടെ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ ടാങ്കിനു ചോർച്ച ഇല്ലെന്നു കണ്ടെത്തിയിരുന്നു. ഇപ്പോൾ വീട്ടുക്കിണറ്റിൽ തന്നെ ഡീസൽ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്ക ശക്തമാക്കി.
അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ചാക്കോ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ്.എം.കണ്ടതിൽ, സ്ഥിരം സമിതി അധ്യക്ഷരായ ജോസ്കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്സി മരിയ, പഞ്ചായത്ത് അംഗങ്ങളായ ടോമി സൈമൺ ഷിബോ അഗസ്റ്റിൻ, ഷമീന എന്നിവരും സ്ഥലത്തെത്തി. ‘പമ്പുടമ ഉടൻ നടപടി സ്വീകരിക്കണം’
പെട്രോൾ പമ്പിൽ നിന്ന് എണ്ണ ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പഞ്ചായത്ത് അധികൃതർ ഉടമയ്ക്ക് നിർദേശം നൽകി.
ഡീസൽ സാന്നിധ്യം കണ്ടെത്തിയ കുടുംബത്തിനു ആവശ്യമായ വെള്ളം എത്തിച്ചുകൊടുക്കണം. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് നൽകണം.
ടാങ്ക് വെളിയിൽ എടുത്തു പരിശോധിക്കണമെന്നും പ്രസിഡന്റ് മിനി വിശ്വനാഥൻ ആവശ്യപ്പെട്ടു.
സ്റ്റോക്കിൽ വ്യത്യാസമില്ലെന്ന് പമ്പ് ഉടമ
പമ്പിലെ സ്റ്റോക്കിൽ കുറവില്ലെന്നും വിശദമായ പരിശോധനയ്ക്ക് കമ്പനി അധികൃതർ ഇന്ന് സ്ഥലത്തെത്തുമെന്നും പമ്പ് ഉടമ അറിയിച്ചു. വീട്ടുകാരും ഓയിൽ കമ്പനിയും വെള്ളം സാംപിൾ പരിശോധന്ക്ക് അയയ്ക്കും.
ഡീസൽ ആണെന്ന് കണ്ടെത്തിയാൽ പമ്പിലെ ഡീസലിന്റെ ഡെൻസിറ്റിയും കിണറ്റിൽ നിന്നും ശേഖരിച്ച സാംപിളിന്റെ ഡെൻസിറ്റിയും ഒന്നായാൽ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉടമ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

