
∙ മാക്കൂട്ടം ചുരം പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ മനസ്സിൽ എപ്പോഴും നിലനിൽക്കുന്ന ഭീതിയുണ്ട്. ഏതു സമയവും മരം വീഴാം, മണ്ണിടിയാം.
കാലവർഷക്കാലത്ത് ഈ ഭീതി ഇരട്ടിയാകും.അപകട ഭീഷണി ഉയർത്തി റോഡിന്റെ ഇരുവശവും നിറയെ കൂറ്റൻ മരങ്ങളാണ്.
ഏതുസമയവും നിലംപൊത്തുമെന്നതാണു പ്രധാന ആശങ്ക.
19 കിലോമീറ്റർ ദൂരം വരുന്ന കൂട്ടുപുഴ – പെരുമ്പാടി റൂട്ടിൽ ഇരുവശവും മാക്കൂട്ടം, ബ്രഹ്മഗിരി വനമേഖലയാണ്. ഇരുവശങ്ങളിലുമായി നൂറുകണക്കിനു മരങ്ങളാണ് റോഡിലേക്കു ചാഞ്ഞുനിൽക്കുന്നത്.
വനം ആയതിനാൽ മരം മുറിക്കാൻ അനുമതി നൽകാത്തതാണ് പ്രശ്നം. നേരത്തേ റോഡ് വീതി കൂട്ടിയപ്പോൾ ഉയരത്തിലായ തിട്ടയിൽ പൂർണമായും വേരു പുറത്തായ നിലയിലും ധാരാളം മരങ്ങൾ നിൽക്കുന്നുണ്ട്.
മഴക്കാലം അല്ലാത്തപ്പോൾ പോലും റോഡിലേക്കു മരങ്ങൾ കടപുഴകി അപകടം ഉണ്ടായിട്ടുണ്ട്.
ചുരം മഴ കൂടുതൽ ലഭിക്കുന്ന മേഖലയാണ്. നനഞ്ഞു കുതിർന്നാൽ മണ്ണിനുറപ്പില്ല.
മഴ ശക്തമായ ശേഷം മിക്കദിവസവും റോഡിലേക്കു മരങ്ങൾ കടപുഴകി. റോഡിന്റെ ഒരു വശം അഗാധമായ കൊക്കയാണ്. മറുവശം ഉയർന്ന തിട്ടയും.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണ് കേരള ആർടിസി ഡ്രൈവർ ഉൾപ്പെടെ യാത്രക്കാർ മുൻപ് മരിച്ച അപകടങ്ങളും ഈ റൂട്ടിൽ ഉണ്ടായിട്ടുണ്ട്. 6 മാസത്തിനിടെ ലോറികൾ മറിഞ്ഞു ജാർഖണ്ഡ്, ആന്ധ്രപ്രദേശ് സ്വദേശികളായ 2 ഡ്രൈവർമാരും മരിച്ചിരുന്നു.
99 ഇടത്ത് മണ്ണിടിഞ്ഞു
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ തന്നെ കുടക് ജില്ലയിൽ കാലവർഷം ദുരിതം നിറഞ്ഞതാണ്. മഴ ശക്തമായാൽ മണ്ണിടിച്ചിൽ ഭീഷണി ഉണ്ട്.
പ്രളയ കാലഘട്ടങ്ങളിൽ കനത്ത കാലവർഷ കെടുതികൾ കുടക് ജില്ലയിൽ സംഭവിച്ചിരുന്നു. 2018 ൽ പ്രളയം ഉണ്ടായപ്പോൾ 99 ഇടത്താണു ചുരം പാതയിൽ മണ്ണിടിഞ്ഞത്.
മഴ ജാഗ്രതയുടെ ഭാഗമായി മാക്കൂട്ടം – ചുരം പാത ഉൾപ്പെടെ കുടക് ജില്ലയിലെ റോഡുകളിൽ എല്ലാ വർഷവും കനത്ത മഴക്കാലത്ത് ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്. അപകടങ്ങൾ ലഘൂകരിക്കുന്നതിനാണ് നടപടി.
ബെംഗളൂരുവിൽ മന്ത്രിയെ കണ്ട് സജീവ് ജോസഫ് എംഎൽഎ
∙ മാക്കൂട്ടം – ചുരം റോഡ് പുനർനിർമാണം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയ്ക്ക് ബെംഗളൂരുവിൽ നിവേദനം നൽകി.
നവീകരണം വേഗത്തിൽ യാഥാർഥ്യമാക്കുമെന്നും ചുരം റോഡ് സന്ദർശിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു.
തകർന്നു കുഴികൾ നിറഞ്ഞു അപകടാവസ്ഥയിലായ റോഡിൽ ദുരന്തങ്ങളും ഗതാഗത തടസ്സവും ഉണ്ടാകും മുൻപ് നവീകരണം ഉറപ്പാക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ മന്ത്രിയോട് അഭ്യർഥിച്ചു. മലയാള മനോരമയിൽ കുടകിലേക്കു പാതാളം എന്ന പേരിൽ തുടരുന്ന പരമ്പരയുടെ കഴിഞ്ഞ 2 ദിവസങ്ങളിൽ വന്ന വാർത്തകളുടെ കോപ്പിയും നിവേദനത്തിനൊപ്പം എംഎൽഎ മന്ത്രിക്ക് നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]