തലശ്ശേരി ∙ തങ്ങൾ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എ.ടി.അയിശുവും (84) സി.ടി.കുഞ്ഞലുവും (82) വോട്ടേഴ്സ് ലിസ്റ്റിന്റെ ഹിയറിങ്ങിൽ നഗരസഭ ഓഫിസിൽ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായി. മക്കളുടെ കൈ പിടിച്ചാണ് ഇരുവരും എത്തിയത്.
ഇരുവരും മരിച്ചെന്ന് പറഞ്ഞു വോട്ട് തള്ളാൻ ആക്ഷേപം ലഭിച്ചിട്ടുണ്ടെന്നും മരിച്ചില്ലെന്ന് തെളിയിക്കാനായി ഓഫിസിൽ എത്തണമെന്നും നഗരസഭ ഓഫിസിൽ നിന്ന് ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ടെത്തിയതെന്നും ഇവരോടൊപ്പമുണ്ടായിരുന്ന യുഡിഎഫ് നേതാക്കളായ എ.കെ.ആബൂട്ടിഹാജി, കെ.എ.ലത്തീഫ്, എം.പി. അരവിന്ദാക്ഷൻ എന്നിവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇവരുടെ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ആക്ഷേപം തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ അതു രേഖപ്പെടുത്തി ഇരുവരെയും വിട്ടു.
38–ാം നമ്പർ ടെംപിൾ വാർഡ് 91–ാം നമ്പർ അറയിലകത്ത് തായലക്കണ്ടി വീട്ടിൽ എ.ടി.അയിശുവിനും അയൽവാസിയും 94 നമ്പർ വീട്ടിൽ താമസക്കാരിയുമായ കനോത്ത് ചങ്കരോത്ത് തട്ടാൻ സി.ടി. കുഞ്ഞലുവിനും നഗരസഭ ഓഫിസിൽ ഇന്നലെ ഹാജരാവാനാണ് നോട്ടിസ് ലഭിച്ചത്.
തലശ്ശേരി എം.കെ.നിവാസിൽ ശ്രീജിത്ത് എന്ന ആളാണ് ഇവർ മരണപ്പെട്ടുവെന്ന് കാട്ടി വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
ഈ പ്രായത്തിൽ തങ്ങളെ ഇവിടെ വരെ നടത്തിച്ച് ഇവർക്ക് എന്തു കിട്ടി. അയിശുവും കുഞ്ഞലുവും ചോദിച്ചു.
തങ്ങളുടെ അവകാശമല്ലേ വോട്ട്. എത്ര വർഷമായി വോട്ട് ചെയ്യുന്നു.
ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടുവെന്ന് പറഞ്ഞു ദ്രോഹിക്കാമോ അവർ ചോദിച്ചു. വ്യാജ പരാതി നൽകിയ ശ്രീജിത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ.ലത്തീഫ് പറഞ്ഞു.
ഇതു സംബന്ധിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്യും. കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് തങ്ങളുടെ പരാതി സ്വീകരിക്കാതിരുന്നത് അജ്ഞത മൂലമാണ്.
വീണ്ടും പൊലീസിൽ പരാതി നൽകുമെന്നും ലത്തീഫ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]