പയ്യന്നൂർ ∙ ആറു വർഷം മുൻപു നിർമാണം തുടങ്ങിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. പുതിയ ട്രാൻസ്ഫോമർ കൂടി ലഭിച്ചാലേ കെട്ടിടം പ്രവർത്തന സജ്ജമാകൂ.
ഇല്ലെങ്കിൽ പേരിനൊരു ഉദ്ഘാടനം നടത്തി അധികൃതർ തടിതപ്പേണ്ടി വരും. നില കുറച്ച്, ചെലവ് ചുരുക്കി
1962-63 കാലത്ത് നിർമിച്ച മുൻസിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റിയാണ് 14 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ 6 നില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.
2020 ഫെബ്രുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. നിർമാണവും തുടങ്ങി.
പല പല സാങ്കേതിക കുരുക്കിൽപെട്ടു നിർമാണം നീണ്ടുപോയി. ഉദ്ഘാടന റിപ്പോർട്ടിൽ പറഞ്ഞ നിലകളുടെ എണ്ണം കുറച്ചാണ് ഒരു വർഷം മുൻപു കെട്ടിട
നിർമാണം പൂർത്തിയാക്കിയത്. എന്നിട്ടും ഇതുവരെയും ഉദ്ഘാടനം നടത്താനായിട്ടില്ല.
നാണക്കേട് ഓർത്ത് ഉദ്ഘാടനം മാറ്റി
നഗരസഭാപരിധിയിൽ 15 മീറ്ററിൽ അധികം ഉയരമുള്ള കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് വേണം.
അതിനുള്ള സംവിധാനം ഒരുക്കണം. അതിന് ഒരു കോടിയിലധികം ചെലവ് വരും.
പിഡബ്ല്യുഡി അധികൃതർ എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ അത്തരം ഒരു ചെലവ് കണ്ടെത്തുകയോ എസ്റ്റിമേറ്റിൽ ഫണ്ട് കണക്കാക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഒരുകോടി രൂപ സർക്കാർ അനുവദിക്കണം.
അതുകൊണ്ട് ഫയർ സേഫ്റ്റിയില്ലാതെ ഉദ്ഘാടനം ചെയ്യാനായിരുന്നു ആലോചന.
നിയമലംഘനം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയിൽ എത്തിയാൽ അതു നാണക്കേടാകുമെന്ന അഭിപ്രായം ഉയർന്നപ്പോൾ അത് ഒഴിവാക്കി. ഇപ്പോൾ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണു വിവരം.
അങ്ങനെയെങ്കിൽ രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞേക്കും. അപ്പോഴും ഒരു പ്രശ്നം ബാക്കിയാണ്.
ഇവിടേക്കു വൈദ്യുതി കണക്ഷനില്ല. കണക്ഷൻ വേണമെങ്കിൽ അതിനു പ്രത്യേക ട്രാൻസ്ഫോമർ വേണം.
അതിനും സർക്കാർ പണം തന്നെ വേണം.
സബ് കോടതിയെപോലെ ഇതും…?
സബ് കോടതി കെട്ടിടം ഉദ്ഘാടനം വൈകിപ്പിച്ചത് ട്രാൻസ്ഫോമറായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പയ്യന്നൂരിലെ എംഎൽഎയായിരുന്നപ്പോഴാണ് സബ് കോടതി കെട്ടിട
നിർമാണത്തിന് 87 ലക്ഷം രൂപ അനുവദിച്ചുകിട്ടിയത്. 2000 ഏപ്രിൽ ഒന്നിന് കെട്ടിടത്തിന് തറക്കല്ലിട്ടു.
നിർമാണം അനന്തമായി നീണ്ടു. കെട്ടിടം പൂർത്തിയായപ്പോൾ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ 5 ലക്ഷം രൂപ കൂടി വേണമെന്നായി.
അതിനുവേണ്ടി കാത്തിരുന്നതാകട്ടെ 2 വർഷവും.
ഒടുവിൽ 10 വർഷത്തിനു ശേഷം 2010 നവംബർ 27നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന് തറക്കല്ലിടുമ്പോൾ പയ്യന്നൂരിലേക്ക് കൂടുതൽ കോടതി വരുമെന്നും അതിനെല്ലാം പുതിയ കെട്ടിടം പ്രയോജനപ്പെടുമെന്നാണ് പറഞ്ഞത്.
കെട്ടിടം പൂർത്തിയാകാൻ 10 വർഷം എടുത്തപ്പോൾ പയ്യന്നൂരിന് ലഭിക്കേണ്ട പല കോടതികളും മറ്റ് സ്ഥലങ്ങളിൽ സ്ഥാപിച്ചു. ഇപ്പോഴിതാ പുതിയ കെട്ടിട
നിർമാണവും അനന്തമായി നീളുകയാണ്. അതുകൊണ്ട് പയ്യന്നൂരിലേക്ക് പുതിയ കോടതികൾ അനുവദിക്കാത്ത സ്ഥിതിയുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

