കണ്ണൂർ∙ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വരണാധികാരികൾക്കു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, 71 പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്ത്, 8 നഗരസഭ എന്നിവിടങ്ങളിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. കണ്ണൂർ ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മാട്ടൂൽ ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം എസ്.കെ.പി.സക്കരിയയ്ക്ക് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ.പി.ജയരാജൻ, എം.വി.ജയരാജൻ, കെ.കെ.രാഗേഷ്, വി.ശിവദാസൻ എംപി, കെ.വി.സുമേഷ് എംഎൽഎ, മാർട്ടിൻ ജോർജ്, അബ്ദുൽ കരീം ചേലേരി, പി.ടി.മാത്യു, സി.എൻ.ചന്ദ്രൻ, സി.പി.സന്തോഷ് കുമാർ, സി.പി.ഷൈജൻ, സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൻ എം.ഷാജർ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട
അംഗങ്ങളുടെ ആദ്യയോഗം സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ ചേർന്നു. ആദ്യം പ്രതിജ്ഞ ചെയ്ത എസ്.കെ.പി.സക്കരിയ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മിഷന്റെ അറിയിപ്പ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ വായിച്ചു. ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30 നും ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30 നും നടക്കും.
പാനൂർ നഗരസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നിയുക്ത കൗൺസിലർമാർക്ക് മഹാത്മാഗാന്ധിയുടെ പേരിലുള്ള ലഘുലേഖ വിതരണം ചെയ്തതിനെചൊല്ലിയും ഇരിട്ടി നഗരസഭയിൽ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത അംഗത്തോട് ഈശ്വരനാമത്തിൽ വീണ്ടും പ്രതിജ്ഞയെടുക്കാൻ വരണാധികാരി ആവശ്യപ്പെട്ടതും വിവാദമായി. ചിറക്കൽ പഞ്ചായത്തിൽ അല്ലാഹു, ഭാരതാംബ എന്നിവരുടെ നാമത്തിൽ സത്യപ്രതിജ്ഞ അനുവദിക്കാതിരുന്നത് എതിർപ്പിനിടയാക്കി.
മൂന്നാം വാർഡ് അംഗം ഭാരതാംബയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ഈശ്വര നാമത്തിൽ, അല്ലെങ്കിൽ ദൃഢപ്രതിജ്ഞ എന്നിവ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് വരണാധികാരി അറിയിച്ചത്.
തുടർന്ന് മൂന്നാം വാർഡ് അംഗം ഈശ്വരനാമത്തിൽ പ്രതിജ്ഞയെടുത്തു. ആറാം വാർഡ് അംഗം അല്ലാഹുവിന്റെ നാമത്തിൽ പ്രതിജ്ഞ ചൊല്ലിയപ്പോഴും അനുവദിച്ചില്ല. അതത് മതവിശ്വാസ പ്രകാരം അനുവദിക്കാത്ത വരണാധികാരിയുടെ തീരുമാനത്തെ ലീഗ് നേതാവ് സിദ്ദീഖ് പുന്നക്കൽ ചോദ്യം ചെയ്തു.
തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരുമായി വരണാധികാരി ബന്ധപ്പെട്ടെങ്കിലും ചട്ടപ്രകാരം മാത്രമേ അനുവദിക്കുകയുള്ളൂ എന്ന നിലപാടിൽ വരണാധികാരി ഉറച്ച നിലപാടെടുത്തു. ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും അതത് വിശ്വാസനാമങ്ങളിൽ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വരണാധികാരിയുടെ നിലപാടിൽ മാറ്റമുണ്ടായില്ല.
ജനപ്രതിനിധിയായും,അമ്മയായും…
∙സത്യപ്രതിജ്ഞ കഴിഞ്ഞ് കുഞ്ഞിമംഗലം ഡിവിഷനിലെ അംഗം പി.വി.ജയശ്രീ ഓടിയതു മകളുടെ വിവാഹപ്പന്തലിലേക്ക്. മകൾ അഞ്ജന രമേഷും അന്നൂരിലെ വി.പി.ശശികുമാർ–കെ.എം.പ്രസന്ന ദമ്പതികളുടെ മകൻ അശ്വിനുമായുള്ള വിവാഹം മാടായി കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു.
11.30ന് ആയിരുന്നു മുഹൂർത്തം. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ 10ന് തുടങ്ങിയ സത്യപ്രതിജ്ഞാ ചടങ്ങിൽ രണ്ടാമത്തെ ആളായിട്ടായിരുന്നു ജയശ്രീയുടെ സത്യപ്രതിജ്ഞ. മാട്ടൂൽ എംആർയുപി സ്കൂളിൽനിന്നു പ്രധാനാധ്യാപികയായി വിരമിച്ച ജയശ്രീയുടെ ഭർത്താവ് എം.കെ.രമേശ് കുമാർ കണ്ടങ്കാളി ഷേണായി എച്ച്എസ്എസ് റിട്ട
പ്രധാന അധ്യാപകനാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റായ ജയശ്രീ സിപിഎം അതിയടം ബ്രാഞ്ച് അംഗമാണ്.
കോർപറേഷൻ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു
∙കോർപറേഷനിലെ 56 കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു.
മുതിർന്ന അംഗം തളാപ്പ് ഡിവിഷനിലെ ടി.പി.ജമാലിന് ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റേഡിയം കോർണറിൽ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു ചടങ്ങ്. 55 അംഗങ്ങൾക്ക് ടി.പി.ജമാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാഷ്ട്രീയപ്രമുഖരും പ്രവർത്തകരും കൗൺസിലർമാരുടെ ബന്ധുക്കളും ചടങ്ങിനെത്തി.
കൗൺസിലർമാരായ റിജിൽ ചന്ദ്രൻ, കെ.കെ.മുഹമ്മദ് ഷിബിൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടന കയ്യിലേന്തിയായിരുന്നു. റിജിൽ ഈശ്വരനാമത്തിലും ഷിബിൽ അല്ലാഹുവിന്റെ നാമത്തിലുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
ഡിസിസി ഓഫിസിൽനിന്ന് പ്രകടനമായിട്ടാണ് യുഡിഎഫ് കൗൺസിലർമാർ എത്തിയത്. ബാൻഡ് മേളത്തോടെയാണ് ബിജെപി കൗൺസിലർമാർ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം എത്തിയത്.
മേയറെ 26ന് അറിയാം
മേയർ തിരഞ്ഞെടുപ്പ് 26ന് 10.30നും ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് 2.30നും നടക്കും.
കോൺഗ്രസിലെ പി.ഇന്ദിരയാണ് യുഡിഎഫിന്റെ മേയർ സ്ഥാനാർഥി. മുസ്ലിം ലീഗിലെ കെ.പി.താഹിറാണ് ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള യുഡിഎഫ് സ്ഥാനാർഥി. വാരം ഡിവിഷനിൽനിന്നു ജയിച്ച താഹിറിന്റെ പേര് ഇന്നലെയാണ് പാർട്ടി പ്രഖ്യാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

