കരിവെള്ളൂർ ∙ പേറ്റുനോവറിയിച്ച് ആളെത്തിയാൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ പാറുവമ്മ വീട്ടിൽ നിന്നിറങ്ങും; കുന്നും മലയും കടന്നു ലക്ഷ്യസ്ഥാനത്തെത്തിയാൽ പാറുവമ്മയുടെ കൈകളിലേക്കാണു കുഞ്ഞു പിറന്നുവീഴുന്നത്. സ്വന്തം അമ്മയുടെയും മകളുടെയും പ്രസവമെടുക്കാനുള്ള അപൂർവഭാഗ്യം കൂടി കാങ്കോൽ കുണ്ടയംകൊവ്വലിലെ ടി.എം.പാറുവമ്മയ്ക്കു ലഭിച്ചിട്ടുണ്ട്.
തന്റെ ഏറ്റവും ഇളയ അനുജൻ ജനിക്കുന്ന സമയത്ത് അമ്മ ലക്ഷ്മിക്കു പ്രസവ ശുശ്രൂഷ ചെയ്തതു പാറുവാണ്.
ആധുനിക ചികിത്സ സജീവമല്ലാതിരുന്ന കാലത്തു നൂറിലധികം പ്രസവമെടുത്തയാളായിരുന്നു 78 വയസ്സുകാരി പാറു. പുളിങ്ങോം ചുണ്ടയിലെ പാരമ്പര്യമായി പ്രസവമെടുക്കുന്ന കുടുംബത്തിലെ അംഗമാണ്.
അമ്മ പരേതയായ എം.ലക്ഷ്മിയമ്മയിൽനിന്നാണ് ഈ ശുശ്രൂഷ പഠിച്ചത്. പന്ത്രണ്ടാമത്തെ വയസ്സിൽ ആദ്യ പ്രസവമെടുത്തു.
ആദ്യകാലത്ത് അമ്മയ്ക്കൊപ്പം പ്രസവമെടുക്കാൻ പോയി. മകളിൽ വിശ്വാസമുണ്ടായിരുന്ന ലക്ഷ്മിയമ്മ പിന്നീടു പാറുവിനെ ഒറ്റയ്ക്കു പ്രസവമെടുക്കാൻ വിട്ടുതുടങ്ങി.
ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ടി.എം.കൃഷ്ണൻ പെരുമലയനുമായുള്ള വിവാഹത്തോടെ കുണ്ടയംകൊവ്വലിലെത്തി.
പിന്നീട് കുണ്ടയംകൊവ്വൽ ഗ്രാമത്തിൽ സജീവമായി. 51–ാം വയസ്സിൽ ഇളയമകൾ പ്രസീതയ്ക്കായി ശുശ്രൂഷ നടത്തിയതാണ് അവസാനത്തേത്.
ആധുനികചികിത്സ സജീവമായതോടെയാണു പാറുവമ്മ ജോലി അവസാനിപ്പിച്ചത്. ജീവിതത്തിൽ ഒട്ടേറെ പിഞ്ചുകുരുന്നുകളുടെ നിഷ്കളങ്കമുഖം കണ്ടതിന്റെയും അവർക്കു വെളിച്ചം കാട്ടി കൊടുത്തതിന്റെയും സുകൃതത്തിലാണു പാറുവമ്മ. മക്കൾ: പ്രമീള (അങ്കണവാടി അധ്യാപിക കുമ്പള), കുഞ്ഞിക്കൃഷ്ണൻ (റിട്ട.സുബേദാർ മേജർ ഇന്ത്യൻ ആർമി), പ്രസീത.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]