
ആലക്കോട്∙ ചുഴലി വില്ലേജിൽപെട്ട മാവിലംപാറ, കൊളത്തൂർ പ്രദേശങ്ങളിൽ ദേവസ്വം ഭൂമി കയ്യേറി ചെങ്കൽ ഖനനം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇനി കയ്യേറാതിരിക്കാനുള്ള മുൻകരുതൽ കൈക്കൊള്ളുമെന്നും മലബാർ ദേവസ്വം ചെയർമാൻ ഒ.കെ.വാസു. ദേവസ്വം ഭൂമി കയ്യേറി ചെങ്കൽ ഖനനം നടത്തുന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതോടൊപ്പം അത് സംരക്ഷിക്കാനുമുള്ള നടപടികളും സ്വീകരിക്കും. തിരിച്ചുപിടിക്കുന്ന ഭൂമിയിൽ സോളർ വൈദ്യുതി ഉൽപാദനം പോലെയുള്ള പദ്ധതികൾ നടപ്പാക്കി ക്ഷേത്രങ്ങൾക്ക് വരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖനനം നടത്തിയതിനെ തുടർന്ന് രൂപപ്പെട്ട
ഓരോ വൻ ഗർത്തവും എണ്ണിയാണ് ചെയർമാൻ നടന്നുനീങ്ങിയത്. ടിടികെ ദേവസ്വത്തിന്റെയും പടപ്പേങ്ങാട് ദേവസ്വത്തിന്റെയും കൈവശത്തിൽപെട്ട
1300 ഓളം ഏക്കർ ഭൂമിയിലാണ് കയ്യേറ്റം നടക്കുന്നത്. ആക്ഷൻ കമ്മിറ്റി ചെയർമാനും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ സുനിജ ബാലകൃഷ്ണൻ, കൺവീനർ എ.എൻ.വിനോദ്, ദേവസ്വം കമ്മിഷണർ ടി.സി.ബിജു, അസിസ്റ്റന്റ് കമ്മിഷണർ കെ.പി.പ്രദീപ് കുമാർ, ദേവസ്വം ബോർഡ് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.മധുസൂദനൻ, ദേവസ്വം കാസർകോട് ഏരിയ കമ്മിറ്റി അംഗം സതീശൻ ബക്കളം, ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ,
പടപ്പേങ്ങാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ കെ.വി.ഗംഗാധരൻ, ചെങ്ങളായി പഞ്ചായത്ത് അംഗങ്ങളായ കെ.ശിവദാസൻ, സനിത, ചുഴലി വില്ലേജ് ഓഫിസർ എ.പി.രാജൻ, വില്ലേജ് അസിസ്റ്റന്റ് കെ.പ്രഭാകരൻ, ടിടികെ ദേവസ്വം ട്രസ്റ്റ് അംഗങ്ങളായ ടി.ടി.മാധവൻ, കെ.വി.കൃഷ്ണൻ, രമേശൻ ചാലിൽ, പാരമ്പര്യ ട്രസ്റ്റി ശശിധരൻ തമ്പാൻ, ചുഴലി ദേവസ്വം ചെയർമാൻ കെ.വി.ഗോവിന്ദൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല പ്രസിഡന്റ് വി.മുകുന്ദൻ, ആക്ഷൻ കമ്മിറ്റി അംഗങ്ങളായ മനോജ് ശാസ്താംപടവിൽ, വിൽസൺ കിഴക്കേക്കര, വി.ഒതേനൻ, അവിടത്ത് കാവ് ഊര് മൂപ്പൻ സി.കണ്ണൻ, ക്ഷേത്രം ഊരാളൻ എ.ജനാർദനൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
സ്ഥലപരിശോധനയ്ക്കുശേഷം പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ യോഗം ചേർന്ന് തുടർനടപടികൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനം പൂർവാധികം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
അതേസമയം, വർഷങ്ങളായി മാവിലംപാറയിൽ നടക്കുന്ന ചെങ്കൽ ഖനനത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതോടെ താഴ്ന്നു കിടക്കുന്ന പടപ്പേങ്ങാട്, ബാലേശുഗിരി പ്രദേശങ്ങളിലുള്ളവർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കലക്ടർക്ക് പരാതി നൽകുകയും കലക്ടർ ഇടപെട്ട് ഖനനം നിർത്തിവയ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും ഖനനം നടത്താനുള്ള ശ്രമം നടന്നതിനെ തുടർന്നാണ് ആക്ഷൻ കമ്മിറ്റി എം.വി.ഗോവിന്ദൻ എംഎൽഎയെ സമീപിക്കുകയും ദേവസ്വം ചെയർമാൻ ഉൾപ്പെടെയുള്ളവരെ സ്ഥലത്തെത്തിക്കുകയും ചെയ്തത്.
വീണ്ടും കയ്യേറ്റ പരാതി
ദേവസ്വം ഭൂമിയിൽ അവിടത്ത് തറവാടിന് കാവ് നടത്തിപ്പിനായി അനുവദിച്ച ഭൂമിയും കയ്യേറ്റത്തിനിരയായതായ പരാതി അവിടത്ത് മേപ്പാട്ട്കാവ് ഊരാളൻ എ.ജനാർദനൻ ദേവസ്വം ചെയർമാനു മുന്നിൽ അവതരിപ്പിച്ചു.
അഞ്ചേക്കർ ഭൂമി കൃഷിക്കും ഒന്നര ഏക്കർ കാവ് സംരക്ഷണ നടത്തിപ്പിനുമാണ് അനുവദിച്ചത്. എന്നാൽ ഇപ്പോൾ കാവ് മാത്രമാണ് നിലനിൽക്കുന്നത്.
കൃഷിഭൂമി അന്യാധീനപ്പെട്ടു. ആവശ്യത്തിന് ഭൂമി ഉണ്ടായിട്ടും കാവിലെ തെയ്യത്തിനും മറ്റു ചടങ്ങുകൾക്കും നെല്ലും മറ്റും സംഭാവനയായി വാങ്ങേണ്ട
അവസ്ഥയാണെന്നും ഇതിന് പരിഹാരം കാണണമെന്നും ദേവസ്വം ചെയർമാനോട് ഊരാളൻ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]