
തലശ്ശേരി ∙ നഗരസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ, രാഷ്ട്രീയ വിരോധം കാരണം വ്യാപകമായി ആളുകളെ തള്ളാനും ചേർക്കാനുമുള്ള അപേക്ഷകൾ തിരഞ്ഞെടുപ്പ് റജിസ്ട്രാർ മുൻപാകെ എത്തി. നഗരത്തിൽ സജീവ പൊതുപ്രവർത്തനം നടത്തുന്നവരെപ്പോലും ബോധപൂർവം ലിസ്റ്റിൽ നിന്ന് നീക്കാൻ പരാതി നൽകിയതായി ആക്ഷേപം ഉയർന്നു. നഗരസഭാ ഓഫിസിൽ നടന്ന ഹിയറിങ്ങിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായി.
ഒടുവിൽ പൊലീസും രംഗത്തെത്തി. നഗരസഭാ ടെംപിൾ വാർഡിലെ 2 വയോധികർ മരിച്ചതായി പരാതി നൽകിയിരുന്നു.
ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ഇരുവരും ഇന്ന് നഗരസഭാ ഓഫിസിൽ എത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. മാരിയമ്മ വാർഡിൽ താമസക്കാരിയായ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഷർമിളയുടെ പേര് തള്ളാൻ വാർഡ് കൗൺസിലർ തന്നെ പരാതിനൽകിയതായും വ്യാജ പ്രസ്താവന നടത്തിയ കൗൺസിലർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു ഷർമിള നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.
2 പേരുടെ വോട്ട് തള്ളിക്കാൻ അവർ മരിച്ചുവെന്ന് വ്യാജ പരാതി നൽകിയ തലശ്ശേരി എം.കെ.ഹൗസിൽ ശ്രീജിത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ടെംപിൾഗേറ്റ് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി തലശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ലെന്ന് വാർഡ് ജനറൽ സെക്രട്ടറി റഹ്മാൻ തലായി പറഞ്ഞു.
ജീവിച്ചിരിക്കുന്നവരെ മരിച്ചുവെന്ന് കാട്ടി വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ച ആളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു കർശന ശിക്ഷ നൽകണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ.ആബൂട്ടി ഹാജി ആവശ്യപ്പെട്ടു. ഇത്തരത്തിൽ വ്യാജ പ്രസ്താവന നൽകി വ്യാപകമായി വോട്ടുചേർക്കുകയും തള്ളിക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം അധാർമിക നടപടികൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നും അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആബൂട്ടി ഹാജി പറഞ്ഞു.
താമസമില്ലാത്തവരെ ഒഴിവാക്കിയില്ലെന്ന് പരാതി
ധർമടം∙ പഞ്ചായത്ത് 17–ാം വാർഡിൽ താമസമില്ലാത്ത 60 പേരെ പട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടു പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ടി.സനൽകുമാർ പറഞ്ഞു. ഇതിനെതിരെ സനൽകുമാർ അഡ്വ.
ടി.ജഗദീഷ് മുഖേന പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസയച്ചു. ഹിയറിങ്ങിന് ഹാജരായവരുടെയും ഹാജരാകാത്തവരുടെയും വിവരം നൽകണമെന്നാണ് ആവശ്യം.
രേഖകൾ ഹാജരാക്കാൻ നിർദേശിച്ചതനുസരിച്ച് വോട്ടുള്ള 6 പേർമാത്രമാണ് ഹാജരായത്. ഹാജരാകാത്തവരുടെയും വോട്ടുകൾ നിലനിർത്തിയതായാണ് പരാതി.ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും സനൽകുമാർ പറഞ്ഞു.
എരുവട്ടിയിൽ പരാതി നൽകിയവർക്ക് ഭീഷണിയെന്ന് കോൺഗ്രസ്
പിണറായി ∙ എരുവട്ടിയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ വോട്ട് ചേർക്കാനും തള്ളാനുമുള്ള അപേക്ഷ നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനു ഭീഷണി.
ഒരു മാസമായി എരുവട്ടി വാർഡിൽ പട്ടികയിൽ പേര് ചേർക്കാനും തള്ളാനും നേതൃത്വം കൊടുക്കുന്ന ബ്ലോക്ക് കോൺഗ്രസ് അംഗം വിജീഷിനെതിരെയാണ് അദ്ദേഹത്തിന്റെ വീടിനു സമീപം ഭീഷണി പോസ്റ്ററുകൾ സ്ഥാപിച്ചത്. ഡിവൈഎഫ്ഐ ഇരട്ടവോട്ടിന് ശ്രമിക്കുന്നതായി പിണറായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കാരായി സുജിത് ആരോപിച്ചു.
വർഷങ്ങളായി പ്രദേശത്ത് താമസമില്ലാത്തവരുടെയും വിവാഹംകഴിച്ചു പോയവരുടെയും മറ്റു വാർഡുകളിലേക്ക് വീട് മാറിയവരുടെയും മരിച്ചവരുടെയും വോട്ടും ഇരട്ട
വോട്ടുകളും നീക്കാനാണ് നിയമാനുസൃതം പരാതി കൊടുത്തത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാവർക്കും നോട്ടിസ് കൊടുത്ത വേളയിലാണ് നാടിന്റെ സമാധാനം തകർക്കുന്നതിന് ഡിവൈഎഫ്ഐ പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് പിണറായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.ജയരാജൻ സംഭവത്തെ അപലപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]