
പാപ്പിനിശ്ശേരി ∙ ദേശീയപാത പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണം വരെ റോഡ് പൂർണമായും തകർന്നു പരക്കെ കുഴികൾ രൂപപ്പെട്ടു. വളപട്ടണം പാലത്തിലും റോഡ് തകർച്ചയും കുഴികളും കാരണം അപകടവും പതിവാകുന്നു.
ദേശീയപാതയിൽ ഏറെ വർഷങ്ങളായി അറ്റകുറ്റപ്പണി നടന്നിട്ടില്ല.
കുഴികളിൽ താൽക്കാലികമായി മണ്ണിട്ടു നികത്തുന്ന പ്രവൃത്തി മാത്രമാണു പലപ്പോഴും നടക്കുന്നത്. ആറുവരി ദേശീയപാതയുടെ നിർമാണം നടത്തുന്ന കരാർ കമ്പനിയാണ് വേളാപുരം മുതൽ താഴെ ചൊവ്വ വരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്തേണ്ടത്.
എന്നാൽ, നിലവിലെ ആറുവരി പാത പൂർത്തിയായാൽ മാത്രം ഒറ്റത്തവണ ടാറിങ് നടത്താനുള്ള തീരുമാനത്തിലാണു കരാറുകാർ. സർവീസ് റോഡും തകർച്ചയിലാണ്.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വളപട്ടണം പാലത്തിൽ കുഴികൾ രൂപപ്പെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
കുഴികൾ കാരണം വാഹനങ്ങൾക്ക് വേഗം കടന്നുപോകാൻ സാധിക്കുന്നില്ല. പാലത്തിനു സമീപം ഇരുഭാഗത്തും വാഹനക്കുരുക്ക് പതിവുകാഴ്ചയാകുന്നു.
കുഴികളിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷകളും ചെറുവാഹനങ്ങളും പതുക്കെ പോകുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് പാലം കടന്നുകിട്ടാൻ ഏറെ നേരമാണ് കാത്തുകിടക്കേണ്ടി വരുന്നത്.
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി വൺവേ ആക്കിയ ദേശീയപാത ചുങ്കം മുതൽ കെഎസ്ടിപി റോഡ് ജംക്ഷൻ വരെ കുഴികൾ കാരണം വാഹനങ്ങളുടെ നീണ്ട നിര പതിവു കാഴ്ചയാകുന്നു.
റോഡിലെയും പാലത്തിലെയും കുഴികൾ നികത്തി അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]