
ദേശീയപാത 66ൽ ഒരു പകൽ മുഴുവൻ നീണ്ട സംഘർഷാവസ്ഥ; 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്∙ ദേശീയപാതാ നിർമാണസ്ഥലത്തുനിന്ന് ചെളിയും മണ്ണും കുത്തിയൊഴുകി കുപ്പം സിഎച്ച് നഗറിലെ വീടുകൾക്കു നാശനഷ്ടം സംഭവിച്ചിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കുപ്പം കപ്പണത്തട്ടിൽ ഒരു പകൽ മുഴുവൻ നീണ്ട സംഘർഷാവസ്ഥ. വീട്ടമ്മമാരും കുട്ടികളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ സംഘടിച്ചെത്തി 2 തവണ ദേശീയപാത ഉപരോധിച്ചു. രാവിലെ 10.30 മുതൽ മുക്കാൽ മണിക്കൂറോളം നടത്തിയ ഉപരോധം കലക്ടർ എത്തുമെന്ന ഉറപ്പിൽ പിൻവലിച്ചെങ്കിലും കലക്ടർ എത്താത്തതിനെത്തുടർന്ന് വൈകിട്ട് വീണ്ടും ദേശീയപാതയിൽ നാട്ടുകാർ ഗതാഗതം തടഞ്ഞു.
നാട്ടുകാർ ഉപരോധസമരം നടത്തുന്നതിനിടയിലും ഇവിടെ പലതവണ മണ്ണിടിച്ചിലുണ്ടായി. ഒടുവിൽ വൈകിട്ട് തളിപ്പറമ്പ് ആർഡിഒയും പിന്നീട് ദേശീയപാത അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. രാത്രി ഏഴോടെയാണ് വീട്ടമ്മമാരും നാട്ടുകാരും പിരിഞ്ഞുപോയത്.
കഴിഞ്ഞദിവസമാണ് കപ്പണത്തട്ട് ദേശീയപാതയുടെ താഴെയുള്ള 3 വീടുകളിലേക്കു ചെളിയും മണ്ണും ഒഴുകിയെത്തിയത്. ഒരു വീട്ടിലെ മുറികളിൽ പൂർണമായും ചെളി നിറഞ്ഞു. സമീപത്തെ മറ്റു വീടുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. കഴിഞ്ഞവർഷവും സമാന അവസ്ഥയുണ്ടായിരുന്നു. അന്നും നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ബുധനാഴ്ച സംഭവിച്ചത്
∙ സിഎച്ച് നഗറിനു മുകൾ ഭാഗത്താണ് കപ്പണത്തട്ട് എന്നറിയപ്പെടുന്ന കുന്ന് ഇടിച്ച് ദേശീയപാത നിർമാണം നടക്കുന്നത്. വൻ ഉയരത്തിലാണ് ഇവിടെ കുന്നിടിക്കുന്നത്. കനത്ത മഴ വന്നതോടെ ഇവിടെ നിന്നുള്ള ചെളിയും മണ്ണും ഒന്നാകെ ഒഴുകി താഴെയുള്ള കുപ്പം സിഎച്ച് നഗറിലെ ജനവാസമേഖലയിലേക്ക് എത്തി. രാവിലെ 10.30നു വീട്ടമ്മമാരുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധസമരം ആരംഭിച്ചു. പിന്നീട് നാട്ടുകാരും സമരത്തിൽ പങ്കാളികളായി.
∙ തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് പൊലീസെത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീട്ടമ്മമാർ സമ്മതിച്ചില്ല. തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തളിപ്പറമ്പ് തഹസിൽദാർ പി.സജീവന്റെ നേതൃത്വത്തിൽ റവന്യു അധികൃതരെത്തി ഉച്ചയ്ക്ക് 2ന് കലക്ടറുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്യുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് സമരക്കാർ ഉപരോധസമരം പിൻവലിച്ചത്.
∙ എന്നാൽ, കലക്ടർ എത്താതായതോടെ നാട്ടുകാർ വീണ്ടും ക്ഷുഭിതരായി. പകരം വൈകിട്ട് 4ന് ആർഡിഒ എത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും 4നു ശേഷവും എത്താത്തതിനെത്തുടർന്ന് വീട്ടമ്മമാരും നാട്ടുകാരും വീണ്ടും കപ്പണത്തട്ടിലെ ദേശീയപാതയിൽ ഗതാഗതം പൂർണമായും തടഞ്ഞു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പോകാൻ അനുവദിച്ചില്ല. ആംബുലൻസുകൾ മാത്രമാണു കടത്തിവിട്ടത്.
∙ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബയും പൊലീസും സമരത്തിനു നേതൃത്വം നൽകുന്ന പരിയാരം പഞ്ചായത്ത് അംഗങ്ങളായ പി.വി.അബ്ദുൽ ഷുക്കൂർ, പി.വി.സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ളവരുമായി ചർച്ച നടത്തിയെങ്കിലും സമരക്കാർ വഴങ്ങിയില്ല.
∙ പിന്നീട് നാലരയോടെ തളിപ്പറമ്പ് ആർഡിഒ ടി.വി.രഞ്ജിത്ത് തഹസിൽദാർ പി.സജീവൻ എന്നിവർ സ്ഥലത്തെത്തി ഉടൻ തന്നെ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ചതോടെയാണു വീണ്ടും മുക്കാൽ മണിക്കൂറോളം നീണ്ട ഉപരോധം അവസാനിപ്പിച്ചത്.
∙ തുടർന്ന്, ജസ്പൽ, ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയപാത അതോറിറ്റി വിദഗ്ധസംഘവും മേഘ കൺസ്ട്രക്ഷൻസ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇതിന് സമീപത്തുള്ള വീട്ടിൽ വച്ച് ആർഡിഒ ടി.വി.രഞ്ജിത്ത് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
വീടുകളിലേക്കു മണ്ണും വെള്ളവും ഒഴുകിയെത്തുന്നതു തടയാനായി നാളെത്തന്നെ നിർമാണക്കമ്പനിയുടെ എൻജിനീയർ, എൻഎച്ച്എഐ കൺസൽറ്റൻസി എൻജിനീയർ, പഞ്ചായത്ത് എഇ, വില്ലേജ് ഓഫിസർ, വാർഡ് മെംബർ എന്നിവർ ചേർന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. 27നു മുൻപായി വെള്ളം ഒഴുകിപ്പോകാനുള്ള താൽക്കാലിക സംവിധാനം ഒരുക്കും. വീട്ടുകാർക്കുള്ള നാശനഷ്ടത്തുക നിർമാണക്കമ്പനിയിൽ നിന്ന് ഈടാക്കും. വീടുകളുടെ ശുചീകരണത്തിനു നിർമാണക്കമ്പനി തൊഴിലാളികളെ നൽകും. മഴവെള്ളത്തിൽ നഷ്ടപ്പെട്ട രേഖകൾ അടിയന്തരമായി പുനർനിർമിക്കും. റോഡ് പൂർത്തിയാകുന്ന മുറയ്ക്കു വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥിരംസംവിധാനം കലക്ടറുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു തീരുമാനിക്കും.
‘30 ലക്ഷം രൂപ നഷ്ടപരിഹാരം വേണം’
തളിപ്പറമ്പ് ∙ നാശനഷ്ടം സംഭവിച്ച വീടുകൾക്കു നഷ്ടപരിഹാരമായി 30 ലക്ഷം രൂപ ദേശീയപാത നിർമാണക്കമ്പനിയോട് ആവശ്യപ്പെട്ടതായും സമരത്തിനു നേതൃത്വം നൽകിയവർ അറിയിച്ചു. ‘കമ്പനിയെ ഇക്കാര്യം അറിയിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. പ്രശ്ന പരിഹാരത്തിന് 27 വരെ കാത്തിരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ കാത്തിരിക്കും. നാൽപതോളം വീടുകളാണു കുന്നിടിച്ചൽ നേരിടുന്ന കപ്പണത്തട്ടിനു താഴെയുള്ളത്. ഇതിൽ 10 വീടുകളെയാണ് ഇപ്പോൾ പ്രശ്നം ബാധിച്ചിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ മറ്റു വീടുകളെയും ബാധിക്കും’, നാട്ടുകാർ പറഞ്ഞു.