ശ്രീനിവാസൻ ‘മോഷ്ടിച്ച’ കഥാപാത്രങ്ങൾ
കണ്ണൂർ ∙ ‘ഈ കഥാപാത്രത്തെ ഞാൻ മോഷ്ടിച്ചതാണ്’ മൈക്കിനു മുന്നിൽ നിന്ന് ശ്രീനിവാസൻ പറയുന്നതുകേട്ടപ്പോൾ സദസ്സ് നിശബ്ദമായി. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയുടെ നൂറാംദിവന വിജയാഘോഷത്തിലായിരുന്നു സദസ്സിനെ ഞെട്ടിച്ച രംഗം.
‘ഈ കഥാപാത്രത്തെ ഞാൻ നിങ്ങളിൽനിന്നു തന്നെ മോഷ്ടിച്ചതാണ്’ എന്ന അടുത്ത വരി കേട്ടപ്പോൾ എല്ലാവരും ചിരിച്ചു. ശ്രീനിവാസൻ അന്നു പറഞ്ഞത് വെറുതെയായിരുന്നില്ല.
അദ്ദേഹം കഥയോ തിരക്കഥയോ സംവിധാനമോ നിർവഹിച്ച പല കഥാപാത്രങ്ങളെയും ചുറ്റുവട്ടത്തുനിന്നു പകർത്തിയതായിരുന്നു.
തോക്കെടുത്ത പ്രസിഡന്റ്
∙ ജന്മദേശമായ പാട്യം പഞ്ചായത്തിന്റെ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന കെ.പി.ശ്രീധരൻ നടത്തിയ നിയമപോരാട്ടമാണു ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയ്ക്ക് ആധാരമാക്കിയത്. കോളയാട് പഞ്ചായത്തിൽ കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്ന് റോഡ് നിർമിച്ചതായി വ്യാജ രേഖയുണ്ടാക്കി പണം കൈപ്പറ്റിയ സംഭവത്തിനെതിരെ പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ശ്രീധരൻ നിയമപോരാട്ടം നടത്തിയിരുന്നു.
ലൈസൻസുള്ള കൈത്തോക്ക് ‘ബാഗിൽ കരുതി യാത്ര ചെയ്യുന്ന ആളാണു ശ്രീധരൻ. ഒരു ചർച്ചയ്ക്കിടെ, അദ്ദേഹം ബാഗിൽ നിന്നു തോക്കെടുത്ത് മേശപ്പുറത്തു വച്ചു.
ഇത് ഭീഷണിപ്പെടുത്താനാണെന്ന പരാതി ലഭിച്ചപ്പോൾ, അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം നീക്കി. സിനിമയിറങ്ങിയപ്പോൾ അദ്ദേഹം ശ്രീനിയോടൊരു പരിഭവം പറഞ്ഞു, ‘എന്റെ കഥാപാത്രത്തെ അവസാനം കൊന്നുകളയേണ്ടിയിരുന്നില്ല’.
അച്ഛന്റെ ബസ്
∙ തലശ്ശേരി – ചരൾ റൂട്ടിലോടിയിരുന്ന ‘രാജഗോപാൽ’ എന്ന സ്വകാര്യ ബസിൽ നിന്നാണ് ‘വരവേൽപ്’ സിനിമയുടെ പിറവി.
ശ്രീനിവാസന്റെ പിതാവും റിട്ട. അധ്യാപകനുമായ ഉച്ചമ്പള്ളി ഉണ്ണിയുടെതായിരുന്നു ബസ്.
സ്കൂളിൽനിന്നു വിരമിച്ച ശേഷം വായ്പയെടുത്താണ് അദ്ദേഹം ബസ് വാങ്ങിയത്. ആദ്യകാല കമ്യൂണിസ്റ്റുകാരനായ ഉണ്ണിയുടെ ബസിനു മുന്നിൽ, രണ്ടു വർഷത്തിനകം തന്നെ സിഐടിയു സമരം തുടങ്ങി.
തന്റെ ഭാഗത്താണു ന്യായമെന്ന് ഉറച്ചു വിശ്വസിച്ച ഉണ്ണി, വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ബസ് സർവീസ് നിലച്ചു.
ബസ് ബാങ്ക് ജപ്തി ചെയ്തു.
സഹപാഠിയുടെ പ്രണയം
∙ ശ്രീനിവാസൻ മട്ടന്നൂർ പിആർഎൻഎസ്എസിൽ പഠിക്കുന്ന കാലം. കതിരൂരിൽനിന്നുള്ള ഒരു യുവാവിന് കോളജിലെ ഒരു പെൺകുട്ടിയോട് മുടിഞ്ഞ വൺവേ പ്രണയം.
ഇങ്ങോട്ടില്ല. വൈകുന്നേരങ്ങളിൽ യുവാവ് പെൺകുട്ടിയെ നോക്കി നടക്കും.
ദൂരെ നിന്നു കാണും, നിർവൃതിയടയും. ഇതു പലദിവസവും ആവർത്തിച്ചപ്പോൾ ശ്രീനിവാസനും സുഹൃത്തുക്കളും ഒരു കളി കളിച്ചു. പെൺകുട്ടി എഴുതുന്നതു പോലെ പ്രണയ ലേഖനം ഇവർ എഴുതി യുവാവിനയച്ചു.
ഈ സംഭവത്തിൽ നിന്നാണ് ശ്രീനിവാസൻ ‘പാവം പാവം രാജകുമാരൻ’ എന്ന സിനിമ കണ്ടെത്തിയത്.
ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ ജനിക്കുന്നത് മുൻപ് പാട്യത്തെ വീട്ടിൽ അമ്മയ്ക്കൊപ്പം മറ്റു സ്ത്രീകൾ പറയുന്ന വർത്തമാനത്തിൽനിന്നായിരുന്നു. കണ്ണൂർ ജില്ലയിൽ ബോംബ് രാഷ്ട്രീയം ശക്തമായപ്പോഴാണ് നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന സിനിമ ജനിക്കുന്നത്. ബോംബു നിറച്ച സഞ്ചിയുമായി പോകുന്ന ആളുകളെ സിനിമയിൽ കാണിച്ചത് നാട്ടിലെ പതിവുകാഴ്ചയിൽ നിന്നായിരുന്നു.
പവനായി കാസർകോട്ടുകാരൻ
∙ നാടോടിക്കാറ്റിൽ ക്യാപ്റ്റൻ രാജു അവതരിപ്പിച്ച വില്ലൻ പവനായി കാസർകോട്ടെ രാവണീശ്വരം സ്വദേശിയാണ്.
നാട് കാഞ്ഞങ്ങാടിനടുത്ത രാവണീശ്വരത്താണെന്നു ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രം സിനിമയിൽ പറയുന്നുണ്ട്. കത്തി മുതൽ അൾട്രാ മോഡേൺ മെഷീൻഗൺ വരെ കൊണ്ടുനടക്കുന്ന പവനായി ശ്രീനിവാസന്റെ മനസ്സിലേക്കു വരുന്നത് നാടകവുമായി തൃക്കരിപ്പൂരിലെത്തിയപ്പോഴാണ്.
സഹപാഠിയായ കോടോത്ത് രവിയെയാണ് (രവീന്ദ്രൻ നായർ) ശ്രീനിവാസൻ വില്ലനാക്കിയത്. രവിയും ശ്രീനിവാസനും തമ്മിൽ നിരന്തരം കത്തിടപാടുകൾ ഉണ്ടാകുമായിരുന്നു.
ശ്രീനിവാസന്റെ കത്തുകളെല്ലാം അവസാനിച്ചത് ‘സ്വന്തം വൃക്ഷലതാദി ശ്രീനിവാസൻ’ എന്നായിരുന്നു. മെഡിക്കൽ റപ്രസന്റേറ്റീവ് ആയിരുന്ന രവീന്ദ്രൻ നായർ രണ്ടുമാസം മുൻപ് അന്തരിച്ചു.
‘കാഞ്ചന’ പിണങ്ങി
∙ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രത്തിലെ നായിക കാഞ്ചനയെ കണ്ടെത്തിയത് സ്വന്തം ബന്ധത്തിൽനിന്നു തന്നെയായിരുന്നു.
ആഡംബരത്തോട് അമിത താൽപര്യമുള്ള ബന്ധുവിനെ നായികയാക്കി കൊണ്ടുവന്നത് പിന്നീട് പ്രശ്നമായതായി ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സിനിമയിറങ്ങിയതോടെ അവർ വീട്ടിലെത്തി പരിഭവം പറഞ്ഞുവത്രെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

