കണ്ണൂർ ∙ ബിജെപിക്കു നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഇടവരുത്തുകയെന്നു തിരിച്ചറിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനു കേരളത്തിൽ മേധാവിത്വം കിട്ടിയാൽ ശബരിമലയുടെ സ്വഭാവമടക്കം നഷ്ടപ്പെടും.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. ശബരിമല വലിയ വിവാദമാക്കാൻ തുടങ്ങിയിരിക്കുകയാണു സംഘപരിവാർ. ശബരിമലയുമായി ബന്ധപ്പെട്ട
ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. അതിനോടു സംഘപരിവാറിനു യോജിക്കാനാകുന്നില്ല.
ഒരു മുസ്ലീമിന് അങ്ങനെ സ്ഥാനം കൊടുക്കാമോ എന്നതാണു സംഘപരിവാറിനെ ചൊടിപ്പിക്കുന്നത്.
വാവർ വാവരല്ലെന്നും മറ്റൊരു പേരുകാരനാണെന്നും കൊള്ളാത്തവനാണെന്നും ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നു. അയ്യപ്പനെ ആരാധിക്കുന്ന ആർക്കെങ്കിലും ഇത് അംഗീകരിക്കാൻ കഴിയുമോയെന്നു പിണറായി ചോദിച്ചു. ആർഎസ്എസ് തത്വശാസ്ത്രം നാട്ടിൽ മേധാവിത്വം വഹിച്ചാൽ നമ്മുടെ നാടിന് ഇപ്പോഴത്തേതു പോലെ നിൽക്കാനാവില്ല.
ഇവിടെ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം.
ഇഷ്ടമുള്ള ആരാധനാലയത്തിൽ പോകാം. ഏതു ഭക്ഷണം വേണമെങ്കിലും കഴിക്കാം.
ഇവിടെ ഇതു നടക്കുന്നത് ആർഎസ്എസിനു മേധാവിത്വമില്ലാത്തതിനാലാണ്. കേരളത്തിൽ ആർഎസ്എസിനു മേധാവിത്വം ലഭിച്ചാൽ മഹാബലിയെപ്പോലും നമുക്കു നഷ്ടപ്പെടുമെന്നുംപിണറായി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവർ പ്രസംഗിച്ചു.
15 കോടി രൂപ ചെലവിൽ 5 നിലകളിലായി 60,000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് ജില്ലാകമ്മിറ്റി ഓഫിസ് കെട്ടിടം– അഴീക്കോടൻ സ്മാരക മന്ദിരം പണിതത്.
ഏറ്റവുമധികം വേട്ടയാടപ്പെട്ട പാർട്ടിയാണ് സിപിഎം: പിണറായി
കണ്ണൂർ ∙ ഏറ്റവുമധികം വേട്ടയാടപ്പെട്ട പാർട്ടിയാണ് സിപിഎമ്മെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പാർട്ടിയെ ദുർബലപ്പെടുത്താനാണ് അഴീക്കോടൻ രാഘവനെ ലക്ഷ്യമിട്ടത്. കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ നേരെ നടന്ന ആക്രമണങ്ങൾ ഓർക്കുമ്പോൾ മൊയാരത്ത് ശങ്കരനെയും ഓർക്കണം. കോൺഗ്രസിന്റെ കുറുവടിപ്പടയുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു അദ്ദേഹം.
അതിനു നേതൃത്വം കൊടുത്തയാൾക്കുതന്നെ പിന്നീട് അതിനെതിരെ ശബ്ദിക്കേണ്ടി വന്നു. അഴീക്കോടന്റെ കാര്യത്തിൽ അതുകണ്ടില്ല.
രാഷ്ട്രീയ എതിരാളികൾ കൊലകൾ എത്രമാത്രം ആസ്വദിക്കുന്നു എന്നതിന്റെ തെളിവാണിത്.
കോൺഗ്രസിന്റെ പ്രധാനിയായ നേതാവുതന്നെ ആർഎസ്എസ് ശാഖയുടെ സംരക്ഷകനായി നിന്ന കാര്യം അഭിമാനപൂർവം പരസ്യമായി പറയുന്നതും കേട്ടു. കോൺഗ്രസ് നേതൃത്വത്തിന്റെ ആശിർവാദത്തോടെ ലീഗ് അവരുടെ ശക്തികേന്ദ്രങ്ങളിൽ സിപിഎമ്മുകാർക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു.
അതിനെയെല്ലാം നേരിടുന്ന വൈഭവം സിപിഎമ്മിനുണ്ട്. അങ്ങനെയാണ് അതു തുടർന്നുപോകുന്നതു നല്ലതല്ലെന്ന് അവർക്കുതന്നെ ബോധ്യപ്പെട്ടതെന്നു പിണറായി പറഞ്ഞു.
‘റിയൽ കേരള സ്റ്റോറി ’
അമിത്ഷായ്ക്ക് താൽപര്യമുള്ള ഒരു സംഘടനയുടെ അഖിലേന്ത്യാ നേതാവ് ഇവിടെ വന്നു.
അദ്ദേഹവും ഭാര്യയും കൂടി കേരളത്തെ അറിയാൻ പുറപ്പെട്ടു. ഗ്രാമങ്ങളിൽ പോകാനാണ് അവർ പോയത്.
അദ്ദേഹം ഡ്രൈവറോടു ചോദിച്ചു ഇവിടെ എല്ലാവരുമെന്താണ് ഉടുപ്പിട്ടു നടക്കുന്നത്. അദ്ദേഹത്തിന്റെ നാട്ടിൽ ഗ്രാമങ്ങളിൽ ആളുകൾ ഉടുപ്പിടാറില്ല.
ഇവിടെയെന്താ മാലിന്യം കാണാത്തതെന്നു ചോദിച്ചപ്പോൾ ഹരിതകർമ സേനയുടെ സേവനം ഡ്രൈവർ വിശദീകരിച്ചു. അത് ആ നേതാവിൽ വലിയ അദ്ഭുതമുണ്ടാക്കി.
ഇതാണോ യഥാർഥ കേരളമെന്ന് അദ്ദേഹം ചോദിച്ചു. താൻ ഇങ്ങനെയല്ല കേട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റിയൽ കേരള സ്റ്റോറി എന്ത് എന്ന് അനുഭവത്തിലൂടെ ആ നേതാവ് തിരിച്ചറിയുകയാണ്. എന്നിട്ട് ആ ഡ്രൈവറോട് അദ്ദേഹം പറഞ്ഞു ഇനിയും വരാമെന്ന്, കേരളത്തിന്റെ മറ്റുഭാഗങ്ങൾ കൂടി കാണണമെന്ന്– ഇതാണു കേരളമെന്ന് പിണറായി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

