
ഇരിട്ടി ∙ 15 വർഷം പിറകിലാണ് മാക്കൂട്ടം പെരുമ്പാടി ചുരം റോഡ്. റോഡേതാണ് കുഴിയേതാണ് എന്നു തിരിച്ചറിയാനാകാത്തവിധം തകർന്നടിഞ്ഞിരിക്കുന്നു.
കൂട്ടുപുഴ പാലം മുതൽ വിരാജ്പേട്ട വരെയുള്ള 26 കിലോമീറ്റർ പിന്നിടാൻ 2 മണിക്കൂറെടുക്കും.
അപ്പോഴേക്കും യാത്രക്കാരന്റെ നടുവൊടിഞ്ഞിട്ടുണ്ടാകും. മഴ പെയ്താൽ പറയുകയും വേണ്ട.
നേരത്തേ, ഈ ദൂരം പിന്നിടാൻ 45 മിനിറ്റ് മതിയായിരുന്നു.തലശ്ശേരി – മൈസൂരു സംസ്ഥാനാന്തരപാതയിലെ ഈ റോഡ് 2004ലും ഇതുപോലെ തകർന്നിരുന്നു. അന്നു മലയാള മനോരമ നരക‘പാത’കം എന്ന പേരിൽ വാർത്താ ക്യാംപെയ്ൻ നടത്തി.
വിരാജ്പേട്ട
കേന്ദ്രീകരിച്ചുള്ള മലയാളിസമൂഹംകൂടി കൈകോർത്തു കർമസമിതിയുണ്ടാക്കി ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയതോടെ അധികൃതർ ഉണർന്നു. 28 കോടി രൂപ മുടക്കി റോഡ് പുനർനിർമിച്ചു.
2010 ജൂൺ 5ന് ആയിരുന്നു ഉദ്ഘാടനം. പക്ഷേ, 15 വർഷം കഴിഞ്ഞപ്പോൾ എല്ലാം പഴയപടി. 15 വർഷത്തിനിടെ കാര്യമായ നവീകരണം നടന്നില്ല.
2017ലും 2018ലും ഉണ്ടായ പ്രളയങ്ങളും റോഡിന്റെ തകർച്ച കൂട്ടി. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്ററിൽ മേമനക്കൊല്ലി മുതൽ മുമ്മടക്ക് വരെയുള്ള 4 കിലോമീറ്റർ ഒഴികെ, ബാക്കി 16 കിലോമീറ്ററും തകർച്ചയിലാണ്.
കർണാടകയിലെ മലയാളി വഴി
∙ കർണാടകയുടെ അധീനതയിൽ വരുന്നതാണ് മാക്കൂട്ടം പെരുമ്പാടി ചുരം റോഡ്. മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയിലൂടെയുള്ള ഈ റോഡിൽ കൂട്ടുപുഴ പാലം കഴിഞ്ഞാൽ 20 കിലോമീറ്റർ വനമേഖലയാണ്.
വിരാജ്പേട്ട വരെ കാര്യമായ ജനവാസവുമില്ല.
അതിനാൽ കർണാടക ഈ റോഡിന്റെ പുനർനിർമാണത്തിനു പരിഗണന നൽകാറില്ല.എന്നാൽ, കുടക് ജില്ലയിലെ പതിനായിരക്കണക്കിനു വരുന്ന മലയാളിസമൂഹത്തിന്റെയും സംസ്ഥാനാന്തര യാത്രക്കാരുടെയും പ്രധാന ആശ്രയമാണ് ഈ റോഡ്. ഉത്തരമലബാറിനെ കർണാടകയുമായി കോർത്തിണക്കുന്ന പ്രധാനപാത.
ദിനംപ്രതി യാത്രചെയ്യുന്നത് പതിനായിരക്കണക്കിനു പേർ. ബ്രിട്ടിഷ് ഭരണകാലത്തു വെട്ടിത്തുറന്നെന്ന ചരിത്രപ്രാധാന്യമുള്ള ഈ റോഡിനെ ദേശീയപാതയായി 3 വർഷം മുൻപ് തത്വത്തിൽ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ കർണാടകയുടെ സംസ്ഥാനപാത 91ന്റെ ഭാഗമാണു ചുരം പാത.
കണ്ണൊന്ന് തെറ്റിയാൽ
∙ വനത്തിലൂടെ കടന്നുപോകുന്ന ചുരം പാതയിൽ 16 കൊടുംവളവുകളുണ്ട്. റോഡിന്റെ ഒരു വശം അഗാധമായ കൊക്കയാണ്.
വലിയകൊല്ലികളുടെ അരികുകളിൽ സ്ഥാപിച്ച സംരക്ഷണവേലികളും മിക്കയിടത്തും തകർന്നുകിടക്കുകയാണ്. മഴയ്ക്കുമുൻപ് റോഡരികുകളിൽ മണ്ണിട്ടുനിരത്തി തലതിരിഞ്ഞ നവീകരണവും നടത്തി. കനത്തമഴയിൽ ഈ ഭാഗം ചെളിയായി. വെള്ളമൊഴുകി വലിയ ചാലും രൂപപ്പെട്ടു.
മിക്കയിടത്തും ഓവുചാലുകളില്ല. റോഡിലെ കുഴികളുടെ ആഴം തിരിച്ചറിയാനാകാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും സ്ഥിരമാണ്.പ്രതിഷേധക്കാരുടെ കണ്ണിൽ പൊടിയിടാൻ ഫണ്ട് അനുവദിക്കുന്നതിലും മറിമായം – അതെക്കുറിച്ച് നാളെ
‘അരികി’ലുണ്ട് പതിവായി അപകടം
തകർന്ന റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും തകരാറിലാകുന്നതും പതിവാണ്.
മുമ്മടക്ക് വളവിനു സമീപം ചൊവ്വാഴ്ച രാവിലെ 10ന് ചത്തീസ്ഗഡിൽനിന്നു ക്രെയിൻ കയറ്റി കണ്ണൂരിലേക്കു വന്ന ടോറസ് ലോറി മറിഞ്ഞിരുന്നു. തലനാഴിയ്ക്കാണു വൻദുരന്തം ഒഴിവായത്.
ചുരം ഇറങ്ങി വന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടപ്പൊൾ അരികു ഒതുക്കിയതാണ്. അരികിൽ മണ്ണ് മാത്രം നിറച്ചതിനാൽ ടയർ താഴ്ന്നു ലോറി ഒരുവശത്തേക്കു മറിയുകയായിരുന്നു.
ബ്രേക്ക് നഷ്ടപ്പെട്ട
ശേഷം അരക്കിലോമീറ്ററോളം ഓടുന്നതിനിടെ എതിരെ വണ്ടികൾ വരാതിരുന്നതും വളവുകളിൽ നിയന്ത്രണം വിടാതിരുന്നതുമാണു രക്ഷയായത്. ചെരിഞ്ഞ ലോറി പൂർണമായും വീഴാതിരുന്നതും ഭാഗ്യമായി.
ഇന്നലെ ഉച്ചയോടെ വീരാജ്പേട്ടിൽനിന്നു ക്രെയിൻ എത്തിച്ചു ലോറി നിവർത്തി. ഈ സമയമത്രയും നിബിഡ വനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായത്.
കഴിഞ്ഞദിവസം ചുരത്തിൽ ലോറി മറിഞ്ഞ്, വാഹനത്തിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു. 2 വലിയ വാഹനങ്ങൾ വന്നാൽ അരികുകൊടുക്കാൻ പോലും സ്ഥലമില്ല. റോഡിന്റെ ഇരുവശവും കാട് കയറിയ നിലയാണ്.
വനനിയമങ്ങൾ മൂലം സന്നദ്ധ പ്രവർത്തനമായി കാട് വെട്ടിത്തെളിക്കാനാകാത്ത സ്ഥിതിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]