എടക്കാട് ∙ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ മോട്ടർ വാഹനവകുപ്പും പൊലീസും ഇടപെടണമെന്ന് യാത്രക്കാർ. നഗരത്തിലെ കണ്ണോത്തുംചാലിൽ ഇന്നലെ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ–കൂത്തുപറമ്പ് റൂട്ടിലെ കാടാച്ചിറയിലും മൂന്നുപെരിയയിലും ജനം ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇടിച്ചാണ് ഇന്നലെ കണ്ണോത്തുംചാലിൽ വിദ്യാർഥി മരിച്ചത്.ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഭീതിയുണ്ടാക്കുന്നതായി യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നു.
കണ്ണൂർ–കൂത്തുപറമ്പ്, കണ്ണൂർ– തലശ്ശേരി, കണ്ണൂർ– കാട്ടാമ്പള്ളി– മയ്യിൽ തുടങ്ങിയ റൂട്ടുകളിൽ മത്സരയോട്ടങ്ങൾ ഉണ്ടാക്കുന്ന അപകടഭീഷണിയുമായി ബന്ധപ്പെട്ട പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
കണ്ണൂർ–കോഴിക്കോട്, കണ്ണൂർ–കാസർകോട് റൂട്ടുകളിലോടുന്ന ദീർഘദൂര ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും യാതൊരു സുരക്ഷാ പരിഗണനയും ഇല്ലാതെ കാണുന്നവരിൽ പോലും പരിഭ്രാന്തിയുണ്ടാക്കിയാണ് പരക്കം പായുന്നതെന്ന് യാത്രക്കാർ പറയുന്നു.
ബസുകളുടെ വേഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ സ്പീഡ് ഗവർണർ സംവിധാനം നിർവീര്യമാക്കിയാണ് മിക്ക ബസുകളും ഓടുന്നതെന്ന പരാതി മേഖലയിൽ നിന്നുതന്നെയുണ്ട്. ബ്രേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട
മോട്ടർവാഹന വകുപ്പിന്റെ നടപടികൾക്ക് ശേഷം സ്പീഡ് ഗവർണർ പ്രവർത്തനം നിർത്തുമത്രെ. സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ മുൻപ് പരിശോധന നടത്തുമ്പോൾ കെഎസ്ആർടിസി ബസുകളിലും സ്പീഡ് ഗവർണർ സംവിധാനം അഴിച്ച് വെച്ചതായി കണ്ടെത്തിയിരുന്നു.
സീറ്റിനടിയിലും മറ്റും കൂറ്റൻ സ്പീക്കറുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് ശല്യമാകുന്ന തരത്തിലും അപകടമുണ്ടാക്കുന്ന തരത്തിലും ഉച്ചത്തിൽ പാട്ടും വെച്ച് പരക്കം പായുന്ന ബസുകളും നിരത്തിലെ നിത്യകാഴ്ചയാണ്.
ബസുകളിൽ പാട്ട് വെക്കുന്നത് മോട്ടർ വാഹന വകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഉച്ചത്തിൽ പാട്ടുവെച്ച് ഓടുന്ന ബസുകൾ നിത്യകാഴ്ചയാണ്. മൊബൈൽ ഫോൺ വിളികളിലൂടെ മുന്നിലും പിന്നിലുമുള്ള ബസുകൾ എവിടെയെത്തി എന്ന് അറിഞ്ഞുള്ള മത്സരയോട്ടങ്ങൾ എല്ലാ റൂട്ടുകളിലെയും കാഴ്ചയാണ്.
വീതി കുറഞ്ഞ റോഡുകളിലൂടെ ചെറു വാഹനങ്ങളെയും കാൽനടക്കാരെയും കണക്കിലെടുക്കാതെയുള്ള മത്സരയോട്ടങ്ങൾ നിയന്ത്രിക്കാൻ മോട്ടർ വാഹനവകുപ്പും പൊലീസും കർശന നടപടികളുമായി മുന്നോട്ട് വരണമെന്നാണ് ആവശ്യം.
സ്വകാര്യ ബസുകൾ തടഞ്ഞ് പ്രതിഷേധം
കണ്ണൂർ നഗരത്തിലെ കണ്ണോത്തുംചാലിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കടമ്പൂർ മണ്ഡലം കോൺഗ്രസ്, യൂത്ത്കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ എന്നിവ ചേർന്ന് സ്വകാര്യ ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. ബസുകൾ തടഞ്ഞ് അമിത വേഗത്തിലുള്ള മത്സരയോട്ടങ്ങൾ നിർത്തണമെന്ന് ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു.
മത്സരയോട്ടങ്ങൾ ഇനി ശ്രദ്ധയിൽപെട്ടാൽ നിയമപാലകരെ അറിയിക്കുമെന്നും തടയുമെന്നും മുന്നറിയിപ്പും നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]