
ചെറുപുഴ ∙ കാനംവയൽ പാലത്തിനു കൈവരി സ്ഥാപിക്കാത്തത് അപകടക്കെണിയായി മാറി. കർണാടക വനത്തോടു ചേർന്നു കിടക്കുന്ന കാനംവയൽ നഗറിനെ പ്രധാന റോഡുമായി ബന്ധിപ്പിച്ചു തേജസ്വിനിപ്പുഴയിൽ നിർമിച്ച പാലത്തിനു കൈവരി സ്ഥാപിക്കാത്തതാണ് അപകടക്കെണിയായി മാറിയത്.
കാനംവയൽ നഗറിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഈ പാലം കടന്നുവേണം പ്രധാന റോഡിലെത്താൻ.പുഴയിൽനിന്ന് ഉയരത്തിൽ നിർമിച്ച പാലത്തിനു കൈവരിയില്ലാത്തതിനാൽ അപകടസാധ്യത ഏറെയാണ്.
പ്രദേശവാസികൾ മുളയും കമുകും കൊണ്ടു താൽക്കാലിക കൈവരി നിർമിച്ചാണു കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയത്.
പാലത്തിന്റെ നിർമാണം പൂർത്തിയായശേഷം അരികിൽ സിമന്റ് തൂണുകൾ സ്ഥാപിച്ചെങ്കിലും ഇരുമ്പുപൈപ്പുകൾ സ്ഥാപിക്കാതെ കരാറുകാരൻ മുങ്ങുകയായിരുന്നു. കൈവരി സ്ഥാപിക്കണമെന്ന് അധികൃതർ ഒട്ടേറെത്തവണ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. കർണാടക വനത്തിൽനിന്ന് ഉത്ഭവിക്കുന്ന പുഴയിൽ മഴക്കാലത്തു ശക്തമായ ജലപ്രവാഹം ഉണ്ടാകും.
രണ്ടാഴ്ച മുൻപു കർണാടക വനത്തിൽനിന്നു കാട്ടാനക്കുട്ടി ഒഴുക്കിൽപെട്ടു പുഴയിലൂടെ ഒഴുകിപ്പോയിരുന്നു. കാനംവയൽ നഗറിൽ ഒട്ടേറെ കുടുംബങ്ങളാണു താമസിക്കുന്നത്. ഇവർക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗം കാനംവയൽ പാലം മാത്രമാണ്.
എന്നാൽ പാലത്തിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കാത്തതു വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. അപകടമൊഴിവാക്കാൻ കാനംവയൽ പാലത്തിന്റെ ഇരുവശങ്ങളിലും കൈവരി സ്ഥാപിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]