പയ്യന്നൂർ∙ കണ്ടൽക്കാട് സംരക്ഷകൻ പി.പി.രാജന്റെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടു. കുഞ്ഞിമംഗലം പൊരൂണിവയലിന് സമീപം ഏക്കർ കണക്കിന് സ്ഥലത്ത് കണ്ടൽ നശിപ്പിച്ച് മണ്ണിട്ട് ഉയർത്തിയ സ്ഥലത്തുനിന്ന് മണ്ണ് നീക്കി കണ്ടൽ ചെടികൾ വച്ചുപിടിപ്പിച്ച് തുടങ്ങി.
ടൂറിസം പ്രവർത്തനത്തിനാണ് സ്വകാര്യ വ്യക്തികൾ കണ്ടൽ നശിപ്പിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനഭൂമിയുള്ള കുഞ്ഞിമംഗലത്ത് 2023ൽ നടന്ന നിയമവിരുദ്ധമായ കണ്ടൽ നശീകരണ പ്രവൃത്തിക്കെതിരെ പി.പി.രാജൻ ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തെ തുടർന്ന് ഹൈക്കോടതി തീരദേശ പരിപാലന ചട്ടപ്രകാരം കണ്ടൽ നശീകരണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി.
2025 ഒക്ടോബർ 13ന് വന്ന വിധി പ്രകാരം കണ്ടൽ വനഭൂമിയിൽ തള്ളിയ മണ്ണും കെട്ടിടാവശിഷ്ടങ്ങളും പൂർണമായി നീക്കം ചെയ്യാനും നശിപ്പിച്ച കണ്ടൽ ചെടികളുടെ മൂന്നിരട്ടി നട്ടുപിടിപ്പിക്കാനും ഉത്തരവിട്ടു. ഒപ്പം കണ്ണൂർ ജില്ലയിലെ കണ്ടൽക്കാടുകളുടെ നാശം തടയാൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു.
കണ്ടൽ ഭൂമിയിൽ നിന്ന് മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കാനും കണ്ടൽ നട്ടു പിടിപ്പിക്കാനുമുള്ള ചെലവ് പൂർണമായും ഭൂവുടമകളിൽ നിന്ന് ഈടാക്കുവാനും കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ പ്രാരംഭ നടപടിയായി മണ്ണ് നീക്കം ചെയ്തു. തുടർന്നാണ് കണ്ടൽ നടീൽ പ്രവർത്തനം ആരംഭിച്ചത്. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്മെന്റ് റേഞ്ച് ഓഫിസർ സി.എ.ശബ്നയുടെ നേതൃത്വത്തിലാണ് കണ്ടൽ ചെടികൾ നട്ടു തുടങ്ങിയത്.
പ്രാന്തൻ കണ്ടൽ, വള്ളിക്കണ്ടൽ, കുറ്റിക്കണ്ടൽ എന്നീ ഇനങ്ങളിൽപെട്ട ചെടികളാണ് നട്ടുപിടിപ്പിച്ചത്.
കുഞ്ഞിമംഗലം പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പി.സതീശൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.വി.മനോജ് കുമാർ, ഫോറസ്റ്റ് ഓഫിസർമാരായ കെ.വി.ഷിജിൻ, കെ.മധു, സി.അനീഷ്, ഫോറസ്റ്റ് വാച്ചർ പാട്രിക്, കുഞ്ഞിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശശീന്ദ്രൻ, നിയുക്ത മെംബർ കെ.പി.സുജിത എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി പ്രവർത്തകരായ നാരായണൻ നെട്ടൂർ, വി.വി.സുരേഷ്, എം.കെ.ലക്ഷ്മണൻ, എസ്.ജെ.അശോകൻ, പപ്പൻ കുഞ്ഞിമംഗലം, കാരയിൽ അപ്പുക്കുട്ടൻ, കെ.വി.യതിൻ, എം.രമിത് എന്നിവർ കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാൻ എത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

