പാപ്പിനിശേരി/ പുതിയതെരു ∙ കുരുക്കഴിക്കാനും സുഗമമായ യാത്രയ്ക്കും ഒട്ടേറെ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടും വളപട്ടണം– കണ്ണൂർ ദേശീയപാതയിൽ യാത്രാ ദുരിതത്തിന് പരിഹാരമാവുന്നില്ല. വളപട്ടണം പാലം കഴിഞ്ഞാൽ കണ്ണൂർ നഗരത്തിലേക്ക് 7 കിലോ മീറ്റർ മാത്രമാണ് ദൂരമെങ്കിലും ചില നേരങ്ങളിൽ ഈ ദൂരം താണ്ടാൻ 40 ലേറെ മിനിറ്റ് സമയമെടുക്കുന്ന ദുരവസ്ഥയാണ്.
പുതിയതെരു ടൗണിൽ പരിഷ്കാരം ഏർപ്പെടുത്തിയപ്പോൾ കുരുക്കിനു അൽപമെങ്കിലും പരിഹാരം ആയെങ്കിലും റോഡ് തകർച്ചയും ഇഴഞ്ഞുപോക്കും കാരണം കുരുക്കിൽപെട്ട് ദുരിതം പേറുകയാണ് ജനം.
മഴയ്ക്കിടയിൽ തന്നെ ഒട്ടേറെ തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പാലത്തിനു സമീപവും പുതിയതെരു ടൗണിലും തളാപ്പ് ഭാഗങ്ങളിലും ഹൈവേ ജംക്ഷനിലും ആഴത്തിലുള്ള കുഴികൾ ചെറുവാഹനങ്ങളെ വീഴ്ത്താൻ പാകത്തിൽ ഇപ്പോഴുമുണ്ട്.
കെ.വി.സുമേഷ് എംഎൽഎ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരത്തെ തുടർന്നു വളപട്ടണം ദേശീയപാതയിലും പുതിയതെരു, പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് എന്നിവിടങ്ങളിലും കുരുക്കില്ലാത്ത യാത്ര സാധ്യമായിരുന്നു. എന്നാൽ മഴ ആരംഭിച്ച് റോഡ് തകർന്നതോടെ കുരുക്ക് വീണ്ടും രൂപപ്പെടുകയായിരുന്നു.
തിരക്കേറിയ രാവിലെയും വൈകിട്ടും ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നടപടി വേണം.
വളപട്ടണം പാലം:
മിക്ക സമയവും പാലത്തിൽ വാഹനക്കുരുക്കാണ്. പാലത്തിലെ കുഴികൾ കാരണം വാഹനങ്ങൾ നിർത്തി നിർത്തി പോകുന്നതാണ് പ്രധാന കാരണം.
പാപ്പിനിശ്ശേരിയിലെ ബവ്റിജസ് ഔട്ലെറ്റിലെത്തുന്നവരുടെ വാഹനങ്ങൾ നേരിട്ടു കയറിയിറങ്ങുന്നതോടെ നിലവിൽ പാലത്തിലും പാപ്പിനിശ്ശേരി ഭാഗത്തും ഒരേ സമയം കുരുക്കുണ്ടാക്കുന്നുണ്ട്.
വാഹനങ്ങളെ നിയന്ത്രിച്ചു കടത്തിവിടാൻ സ്ഥലത്ത് പൊലീസിനെ നിയോഗിക്കണം. ബവ്റിജസ് ഔട്ലെറ്റിലേക്കു കടക്കാൻ റോഡ് വീതികൂട്ടി പ്രത്യേക പാത നിർമിക്കണം.
രാവിലെയും വൈകിട്ടും വളപട്ടണം പാലം വഴി കടന്നുപോകുന്ന ചരക്കുലോറികൾ പാചകവാതക ടാങ്കർ ലോറികൾ എന്നിവയുടെ പ്രവേശനം കർശനമായി നിയന്ത്രിക്കണം.
പാപ്പിനിശ്ശേരി കടവത്തുവയൽ:
ഗതാഗതം വഴി തിരിച്ചു വിടുന്ന സ്ഥലത്ത് കെഎസ്ടിപി റോഡിൽ നിന്നു ചുങ്കത്തേക്കു പോകാതെ വാഹനങ്ങൾ പലപ്പോഴും വൺവേ തെറ്റിച്ചു കയറുന്നു. രാത്രി മുതൽ രാവിലെ വരെ മിക്ക വാഹനങ്ങളും നേരിട്ടു ദേശീയപാതയിലേക്ക് കയറുന്നത് അപകടങ്ങൾക്കിടയാക്കുന്നു.
സ്ഥലത്ത് രാത്രിയിലും പൊലീസ് പട്രോളിങ് ഏർപ്പെടുത്തണം. നിരീക്ഷണ ക്യാമറ സ്ഥാപിച്ചു കർശന നിയന്ത്രണം ഏർപ്പെടുത്താം.
പാപ്പിനിശ്ശേരി ചുങ്കം:
കെഎസ്ടിപി റോഡിൽ നിന്നും തളിപ്പറമ്പിൽ നിന്നും വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ അമിത വേഗത്തിലാണ് വളപട്ടണം പാലം ഭാഗത്തേക്ക് കടന്നുവരുന്നത്.
പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. പാലത്തിന് സമീപമുള്ള ഡിവൈഡറിന്റെ മുന്നിൽ വാഹനങ്ങൾ തിക്കിത്തിരക്കി കയറുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നു.
വൺവേ ആക്കിയ ചുങ്കം റോഡിൽ ക്യൂ പാലിക്കാതെയാണ് ഡിവൈഡറിന്റെ മുന്നിൽ കുരുക്കുണ്ടാക്കുന്നത്.
ഇവിടെ പലപ്പോഴും ഏറെനേരം കാത്തു കിടക്കേണ്ടി വരുന്നു. ചുങ്കം മുതൽ വാഹനങ്ങൾ അശ്രദ്ധയോടെ അമിതവേഗത്തിൽ കടന്നുവരാനിടയാക്കുന്നത് നിയന്ത്രിക്കണം.
ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ സ്ഥിരം പൊലീസ് സംവിധാനം ഏർപ്പെടുത്തണം. ഇന്നലെ രാവിലെ പൊലീസ് ഗതാഗതം നിയന്ത്രിച്ചപ്പോൾ ഇവിടത്തെ കുരുക്കിന് അയവുണ്ടായിരുന്നു.
വളപട്ടണം പഴയ ടോൾ ബൂത്ത്:
കളരിവാതുക്കൽ ക്ഷേത്രം റോഡിലേക്കും, കീരിയാടിലേക്കും വാഹനങ്ങൾ കയറിയിറങ്ങുന്നതിനിടെ ദേശീയപാതയിലെ ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്നു.
വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ ഇടിച്ചുകയറുന്നതാണു കുരുക്കിന് പ്രധാന കാരണം. നിയന്ത്രണം പാലിച്ചു വരിയായി കടന്നുപോകുകയാണെങ്കിൽ ഇവിടത്തെ കുരുക്കിന് പരിഹാരമാകും.
വാഹനങ്ങളെ നിയന്ത്രിക്കാൻ മുൻപ് പൊലീസിനെ ഏർപ്പെടുത്തിയിരുന്നു.
വളപട്ടണം ഹൈവേ ജംക്ഷൻ:
എങ്ങോട്ടു തിരിയണം, എങ്ങനെ തിരിയണം എന്നറിയാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും തിരിയുന്ന അപകട വളവാണ് ഹൈവേ ജംക്ഷൻ.
വളപട്ടണം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പുതിയതെരു ഭാഗത്തേക്ക് ദേശീയപാതയിലേക്ക് കടക്കുന്നത് പലപ്പോഴും ജീവൻ പണയം വച്ചാണ്. ദേശീയ പാതയിലേക്ക് കടക്കുന്നതിനിടെ തളിപ്പറമ്പ് ഭാഗത്തു നിന്നും വളപട്ടണം ടൗണിലേക്ക് കയറി വരുന്ന വാഹനങ്ങളും മുഖാമുഖം എത്തുന്ന കാഴ്ചയും പതിവാണ്.
മയ്യിൽ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് യു ടേൺ കൂടി വന്നതോടെ അപകട സാധ്യത വർധിച്ചു.
ശാസ്ത്രീയ ട്രാഫിക് സംവിധാനം ഇവിടെ അനിവാര്യമാണ്.
പുതിയതെരു ടൗൺ:
മയ്യിൽ, കണ്ണാടിപ്പറമ്പ് റോഡിലേക്ക് ദേശീയപാതയിൽ നിന്നും ബസുകൾക്ക് പെട്ടെന്നു തിരിക്കാൻ സാധിക്കാത്തത് കുരുക്കിനിടയാക്കുന്നു. കാട്ടാമ്പള്ളി റോഡിൽ നിന്നും ദേശീയപാതയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രണമില്ലാതെ കയറി വരുന്നതാണ് പലപ്പോഴും പ്രയാസമുണ്ടാക്കുന്നത്.
ദേശീയപാതയിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തണം. റോഡ് തകർച്ചയും ടൗണിൽ കുരുക്കിന് പ്രധാന കാരണമാണ്.
റോഡ് അറ്റകുറ്റപ്പണി കാട്ടികൂട്ടാതെ മികച്ച രീതിയിലുള്ള റോഡ് നവീകരണം നടത്തണം.
∙
സ്റ്റൈലോ കോർണർ: ഇപ്പോൾ പുതിയതെരുവിൽ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കേന്ദ്രമാണിവിടം. കൊറ്റാളി, കക്കാട് റോഡിൽ നിന്നും വാഹനങ്ങൾ കയറിയിറങ്ങുന്നതോടെ ദേശീയപാതയിൽ കുരുക്ക് അനുഭവപ്പെടും.
ഇതിനിടയിൽ മയ്യിൽ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തളിപ്പറമ്പ് ഭാഗത്തേക്ക് തിരിക്കുന്നതും ഇതേ സ്ഥലത്ത് വച്ചാണ്. ഇരുഭാഗത്തേക്കും ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നത് ഒഴിവാക്കിയാൽ കുരുക്ക് രൂക്ഷമാകില്ല.
ഗതാഗതം നിയന്ത്രിക്കാൻ സ്ഥിരം പൊലീസ് സംവിധാനം ഏർപ്പെടുത്തണം
∙
പള്ളിക്കുളം ജംക്ഷൻ: ദേശീയ പാതയിലെ പ്രധാന അപകട മേഖലയാണ് പള്ളിക്കുളം.
അപകടം വർധിക്കുന്ന പശ്ചാത്തലത്തിൽ അപകട സോണായി വിലയിരുത്തി പരിഷ്കാരം ഏർപ്പെടുത്താൻ ഗതാഗത വകുപ്പ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
റോഡ് വീതി കൂട്ടി പരിഷ്ക്കരിക്കാനുള്ള നടപടി ഉണ്ടാവണം.
പള്ളിക്കുന്ന് ജംക്ഷൻ:
നാലു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന ജംക്ഷനാണിത്. എന്നും കുരുക്കും തിരക്കേറിയതുമായ കവല.
രാവിലെ സ്കൂൾ, ഓഫിസ് സമയങ്ങളിൽ തലങ്ങും വിലങ്ങും കുതിച്ചെത്തുന്ന വാഹനങ്ങൾ ഇവിടെ കുരുക്കിൽപെടുക പതിവാണ്. പന്നേൻപാറ, ഇടച്ചേരി റോഡുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് ദേശീയ പാതയിലേക്ക് കടക്കുന്നതോടെയാണ് കുരുക്ക് അനുഭവപ്പെടുന്നത്.
ബസ് സ്റ്റോപ് മാറ്റി കുരുക്ക് പരിഹരിക്കാനുള്ള നടപടി ഉണ്ടാവണം. സ്ഥിരം പൊലീസ് സേവനം ഏർപ്പെടുത്തണം.
കൊയിലി, എകെജി ജംക്ഷൻ:
എന്നും കുരുക്കിൽ കുരുങ്ങി വാഹനങ്ങൾ ഇഴഞ്ഞു പോകുന്ന തിരക്കേറിയ കവല.
സമീപ പോക്കറ്റ് റോഡുകളിൽ നിന്നും വാഹനങ്ങൾ കയറി വരുന്നതും അശാസ്ത്രീയ ബസ് സ്റ്റോപ്പുകളും കുരുക്കിന് കാരണമാണ്. ബസ് ബേ നിർമിച്ച് വാഹനങ്ങൾക്ക് സുഗമമായി പോകാനുള്ള സൗകര്യം ഒരുക്കണം.
കണ്ണൂർ– തളിപ്പറമ്പ് ഭാഗത്തേക്കുള്ള സ്റ്റോപ്പിൽ ബസുകൾ കൂടുതൽ സമയം നിർത്തുന്നതും കുരുക്കിനിടയാക്കുന്നു.
സൗത്ത് ബസാർ:
കാൽടെക്സ് ഭാഗത്തു നിന്നുള്ള വാഹനക്കുരുക്ക് ഇവിടെ വരെ നീളുന്ന കാഴ്ച പതിവാണ്. കക്കാട് റോഡ് ഭാഗത്തു നിന്നും ദേശീയ പാതയിലേക്ക് കടന്നു വരുന്നതും കക്കാട് റോഡിലേക്ക് തിരിയുന്ന വാഹനങ്ങളും കുരുക്കിനു കാരണമാണ്.
കക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വൺ വേ പരിഷ്കാരം ഏർപ്പെടുത്തിയെങ്കിലും ശാസ്ത്രീയമല്ലെന്നാണ് ആക്ഷേപം. കക്കാട് റോഡ് ഭാഗത്തു നിന്നും പുതിയതെരു, തളാപ്പ് ഭാഗത്തേക്കുള്ളവ ദേശീയപാത മുറിച്ചു തന്നെ കടക്കേണ്ടി വരുമ്പോൾ ഇരു വശങ്ങളിലേക്കും ഗതാഗതം നിലയ്ക്കുന്ന സ്ഥിതിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]