
തോട്ടട ∙ ആറുവരി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടാൽ റെയിൽവേ ഗേറ്റ് മുതൽ എടക്കാട് പെട്രോൾ പമ്പ് വരെയുള്ള പഴയ ദേശീയപാത അടച്ചതും തുടർന്ന് സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതും താഴെചൊവ്വ–തോട്ടട–നടാൽ–തലശ്ശേരി ദേശീയപാതയിലെ ചെറിയ ടൗണുകളെയും റൂട്ടിലെ യാത്രക്കാരെയും ആശങ്കയിലാഴ്ത്തുന്നു.
കിഴുത്തള്ളി, തോട്ടട, ചിറക്കുതാഴെ, കാഞ്ഞങ്ങാട് പള്ളി, നടാൽ, എടക്കാട്, മുഴപ്പിലങ്ങാട് ടൗണുകളിലുള്ളവരെയെല്ലാം ബസ് സർവീസ് നിർത്തുന്നത് പ്രയാസത്തിലാക്കും.
ഇന്നലെ ഉച്ചയ്ക്ക് 1.30 മുതൽ റൂട്ടിലെ സ്വകാര്യബസ് ജീവനക്കാർ ഓട്ടം നിർത്തി പണിമുടക്കി. ഇതോടെ യാത്രക്കാർ വലഞ്ഞു.
കിഴുത്തള്ളിയിലെ എസ്എൻ കോളജ്, സെന്റ് ഫ്രാൻസിസ് സ്കൂൾ, എസ്എൻ ട്രസ്റ്റ് സ്കൂൾ, ടെക്നിക്കൽ സ്കൂൾ, തോട്ടടയിലെ ഗവ.പോളിടെക്നിക്, ഐടിഐ, വനിതാ ഐടിഐ, ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വീട്ടിൽ പോകാൻ ബസില്ലാതെ വലഞ്ഞു.
പുതിയ ദേശീയപാതയുടെ പ്ലാൻ അനുസരിച്ച് കണ്ണൂർ–തോട്ടട–നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾ നടാൽ റെയിൽവേ ഗേറ്റ് കടന്നാൽ തിരിച്ച് ചാല അമ്പലം സ്റ്റോപ് വരെ ഓടേണ്ടിവരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഓടാൻ കഴിയില്ലെന്നു ബസ് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽതന്നെ റൂട്ടിലെ ബസുകളിൽ യാത്രക്കാർ കുറവാണ്. 7 കിലോ മീറ്റർ അധികം ഓടേണ്ട
സാഹചര്യം വന്നാൽ യാത്രക്കാർ വീണ്ടും കുറയും. അധികം ഓട്ടത്തിന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാകില്ലെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തിയപ്പോൾ തോട്ടട
വഴി പോകാതെ താഴെചൊവ്വയിൽ നിന്ന് ചാല ബൈപാസ് വഴി തലശ്ശേരിയിലേക്ക് ഓടിക്കോളൂ എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ബസ് ഉടമകൾ പറയുന്നു. ഇങ്ങനെ സർവീസ് നടത്തിയാൽ കിഴുത്തള്ളി–തോട്ടട–നടാൽ റൂട്ട് അപ്രസക്തമാകുമെന്നും റൂട്ടിലെ ചെറുടൗണുകളുടെ അവസ്ഥ പരിതാപകരമാകുമെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആശങ്ക.
കണ്ണൂർ– തോട്ടട– തലശ്ശേരി റൂട്ടിൽ ഓട്ടം നിർത്തിവച്ച് സ്വകാര്യബസുകൾ
എടക്കാട്∙ പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ– തോട്ടട– തലശ്ശേരി റൂട്ടിലെ സ്വകാര്യബസുകൾ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഓട്ടം നിർത്തിവച്ചു.
അപ്രതീക്ഷിതമായി സ്വകാര്യബസുകൾ ഓട്ടം നിർത്തിയതിനെ തുടർന്ന് റൂട്ടിലെ യാത്രക്കാർ വലഞ്ഞു. റൂട്ടിലൂടെ തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾ നടാൽ റെയിൽവേ ഗേറ്റ് കടന്ന് എടക്കാട് ഒകെ യുപി സ്കൂളിന് സമീപത്തു കൂടിയുള്ള പഴയ ദേശീയപാതയിലൂടെയാണ് തലശ്ശേരി ഭാഗത്തേക്ക് പോയിരുന്നത്.
എടക്കാട് പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് ബസുകൾ താൽക്കാലികമായി ഏർപ്പെടുത്തിയ വഴിയിലൂടെ പുതിയ ദേശീയപാതയിലേക്ക് പ്രവേശിച്ചിരുന്നത്. ഈ ഭാഗത്ത് പുതിയ ദേശീയപാതയുടെ അവസാനഘട്ട
പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി പഴയ ദേശീയപാത അടച്ചു.
തിങ്കളാഴ്ച വൈകിട്ട് മുതലാണ് നടാൽ റെയിൽവേ ഗേറ്റ് വഴി വരുന്ന ബസുകളെ ചാല ബൈപാസിലൂടെ തിരിച്ച് വിട്ട് ഈരാണി പാലത്തിന് സമീപത്ത് നിന്ന് താൽക്കാലികമായി തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിപ്പിച്ചുതുടങ്ങിയത്. നിലവിലെ ദേശീയപാത നിർമാണ പ്ലാൻ അനുസരിച്ച് കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട
വഴി വരുന്ന ബസുകൾക്ക് നടാൽ റെയിൽവേ ഗേറ്റ് കടന്ന് വീണ്ടും മൂന്നര കിലോമീറ്റർ പിന്നോട്ടോടി ചാല അമ്പലം സ്റ്റോപ്പിലെത്തി അവിടെ നിന്ന് വീണ്ടും നടാലിൽ എത്തി വേണം തലശ്ശേരിയിലേക്ക് പോകാൻ.
കഴിഞ്ഞ ദിവസം മുതൽ നടപ്പിലാക്കിയ വഴി തിരിച്ചുവിടലിൽ നടാൽ റെയിൽവേ ഗേറ്റിന് സമീപത്തെ ഈരാണിപ്പാലം ഭാഗത്തുനിന്ന് ബസുകളെ തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവശിപ്പിക്കുന്നുണ്ട്. എന്നാൽ ദേശീയപാത നിർമാണം പൂർത്തിയായാൽ ചാല അമ്പലം സ്റ്റോപ്പ് വരെ ഓടി തിരിച്ച് വരേണ്ടിവരും.
ഇത്തരത്തിൽ അധിക ദൂരം ഓടാൻ സാധിക്കില്ലെന്നും നടാലിൽ അടിപ്പാത വേണമെന്നുമായിരുന്നു ബസ് ഉടമസ്ഥ സംഘത്തിന്റെയും ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.
അടിപ്പാത ആവശ്യം ദേശീയപാത അതോറിറ്റി പരിഗണിക്കാത്തതിലും സമീപഭാവിയിൽ തന്നെ തലശ്ശരിയിലേക്കുള്ള ഓട്ടം ക്ലേശകരമാകുമെന്നും പറഞ്ഞ് പ്രതിഷേധിച്ചാണ് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാർ ഇന്നലെ ഉച്ചയ്ക്ക് 1.30 മുതൽ ഓട്ടം നിർത്തി വച്ചത്.
ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിലുള്ള ബസ് ഉടമസ്ഥ സംഘം ഓട്ടം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും നിലവിലെ അവസ്ഥയിൽ ജീവനക്കാരുടെ ഓട്ടം നിർത്തി വച്ചുള്ള പ്രതിഷേധത്തെ പരോക്ഷമായി പിന്തുണക്കുന്നുണ്ടന്ന് ഉടമകൾ പറഞ്ഞു. സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവെച്ചതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞതുമായി ബന്ധപ്പെട്ട
പരാതികൾ വ്യാപകമായപ്പോൾ റോഡ് അടച്ചത് ഇന്നലെ രാത്രി വൈകി താൽക്കാലികമായി തുറന്നുകൊടുത്തിട്ടുണ്ട്. റോഡ് തുറന്നുകൊടുത്തത് ഇന്ന് രാവിലെയും തുടരുകയാണെങ്കിൽ ഇന്ന് തന്നെ സമരം അവസാനിപ്പിച്ച് സർവീസ് ആരംഭിക്കാമെന്ന് ബസ് ജീവനക്കാർ പറഞ്ഞിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]