
ചുരുങ്ങാതെ സൈബർതട്ടിപ്പു വല: പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ പൊലീസ് സൈബർ സെൽ നിരന്തരം മുന്നറിയിപ്പുകൾ നൽകുമ്പോഴും സൈബർ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 4 പേരിൽ നിന്നായി 1.41 ലക്ഷം രൂപ തട്ടിയെടുത്തു. ധർമടം സ്വദേശിനിക്ക് 69,288 രൂപയാണു നഷ്ടപ്പെട്ടത്. ഓൺലൈൻ വഴി വിദ്യാഭ്യാസം നൽകുന്നുവെന്നു പരിചയപ്പെടുത്തി ഇവോക എന്ന സ്ഥാപനത്തിന്റെ പേരിൽ വാട്സാപ്പിൽ വന്ന സന്ദേശം വിശ്വസിച്ചതാണ് പണം നഷ്ടപ്പെടാൻ കാരണമായത്. പുതിയ അഡ്മിഷൻ എടുത്തു നൽകിയാൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും പണം ആദ്യം നിക്ഷേപിക്കേണ്ടതുണ്ടെന്നും അഡ്മിഷൻ എടുത്തു നൽകുമ്പോൾ റീഫണ്ട് ചെയ്തു നൽകുമെന്നും വിശ്വസിപ്പിച്ചു.
കേരളത്തിൽ ഇരുനൂറോളം പേരുടെ പണം ഇതുപോലെ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. വളപട്ടണത്തു താമസിക്കുന്ന അതിഥിത്തൊഴിലാളിക്ക് 42,318 രൂപ നഷ്ടപ്പെട്ടു. ഫെയ്സ്ബുക്കിൽ പരസ്യം കണ്ട് ഡ്രോൺ വാങ്ങാനാണ് പണം നൽകിയത്. പണമോ ഓർഡർ ചെയ്ത സാധനമോ ലഭിച്ചില്ല. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ. സുഹൃത്തെന്ന വ്യാജേന വാട്സാപ് വഴി ചാറ്റ് ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു. പിണറായി സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ്ങിന് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ 14,998 രൂപ നഷ്ടപ്പെട്ടു. എളുപ്പത്തിൽ ഓൺലൈൻ ട്രേഡിങ് നടത്താൻ എഐ സോഫ്റ്റ്വെയർ വാങ്ങണമെന്നും അതിനു പണമയ്ക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.