കണ്ണൂർ ∙ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരപോരാട്ടങ്ങളുടെ ഓർമക്കൊടികളുമേന്തി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളനത്തിനു കണ്ണൂരിന്റെ മണ്ണിൽ ആവേശത്തുടക്കം. സംസ്ഥാന സമ്മേളനം ഇന്നുരാവിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
രൂപീകൃതമായതിന്റെ 41ാം വർഷത്തിലാണു സംഘടനയുടെ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുന്നത്. പതിറ്റാണ്ടുകളായി സർവീസ് പെൻഷൻകാരും കുടുംബ പെൻഷൻകാരും ഈ പ്രസ്ഥാനത്തിൽ പ്രതീക്ഷയർപ്പിക്കുന്നു.
നേടിയെടുത്ത ആനുകൂല്യങ്ങൾ സംരക്ഷിക്കാനും കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാനും സമ്മേളനത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും തുടർന്നു പോരാട്ടം ആരംഭിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധനും ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കളും മനോരമയോട് പറഞ്ഞു.
സമ്മേളന പശ്ചാത്തലത്തിൽ എം.പി.വേലായുധനും ആർ.രാജൻ കുരുക്കളും സംസാരിക്കുന്നു:
Q സമ്മേളനം ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ എന്തൊക്കെയാണ്
A 2019ലെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട ക്ഷാമാശ്വാസ കുടിശികയുടെ 2 ഗഡുവും വിതരണം ചെയ്യാതെ മരവിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ നിരന്തര സമരങ്ങളുമായി രംഗത്തുള്ളത് പെൻഷനേഴ്സ് അസോസിയേഷൻ മാത്രമാണ്.
കൂടാതെ 2023 ജൂലൈ മുതൽ 2025 ജൂലൈ വരെ ലഭിക്കേണ്ട 5 ഗഡുക്ഷാമാശ്വാസം 13% അനുവദിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.
ജീവിതനിലവാര സൂചിക ഉയരുന്നതിന് അനുസരിച്ച് ക്ഷാമാശ്വാസം വർധിപ്പിക്കുക എന്നതു സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ തുടർഭരണം ലഭിച്ച 2021നു ശേഷം കേന്ദ്രം അനുവദിച്ച 10 ഗഡു ക്ഷാമാശ്വാസത്തിൽ 5 ഗഡു അനുവദിച്ച സർക്കാർ പെൻഷൻകാരിൽ നിന്നു 190 മാസത്തെ കുടിശിക കവർന്നെടുത്തിരിക്കുകയാണ്.
സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കു ക്ഷാമബത്ത മുഴുവനും രൊക്കം പണമായി അനുവദിക്കാൻ സാമ്പത്തിക ഞെരുക്കം തടസ്സമായില്ല.
Qമെഡിസെപ് പദ്ധതിയുടെ തുടർ പദ്ധതി നടപ്പാക്കാൻ ഇപ്പോൾ ഉത്തരവ് വന്നിരിക്കുകയാണല്ലോ. ഇതിനെ സംഘടന എങ്ങനെ കാണുന്നു
A 2022 മുതൽ നടപ്പാക്കിയ മെഡിസെപ് പദ്ധതിയുടെ തുടർ പദ്ധതി ഈ മാസം ഒന്നുമുതൽ നടപ്പാക്കാനാണ് ഉത്തരവ് വന്നിരിക്കുന്നത്.
ഒപിയും ഓപ്ഷനും അനുവദിച്ചും പ്രീമിയം വർധിപ്പിക്കാതെയും ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടുത്തിയും എം പാനൽ ചെയ്യുന്ന ആശുപത്രികളിൽ കാഷ്ലെസായി പദ്ധതി നടപ്പാക്കണമെന്നായിരുന്നു സംഘടന സർക്കാരിനു മുന്നിൽ വച്ചിരുന്ന നിർദേശം.
എന്നാൽ ഏകപക്ഷീയമായി മെഡിസെപ് പ്രീമിയം 810 രൂപയായി വർധിപ്പിച്ചും സംഘടനയുടെ നിർദേശത്തെ പാടേ അവഗണിക്കുകയുമാണു സർക്കാർ ചെയ്തത്. ഇത്തരം നടപടി തുടരുന്ന സർക്കാരിനെതിരെ പെൻഷൻകാർ അണിനിരക്കേണ്ടതുണ്ട്. 5 വർഷം കൂടുമ്പോൾ ശമ്പളവും പെൻഷനും പരിഷ്കരിക്കുക എന്ന കീഴ്വഴക്കമനുസരിച്ച് 2024 മുതൽ പുതിയ പെൻഷൻ പരിഷ്കരണം നടപ്പാക്കേണ്ടതുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം സമ്മേളനം ചർച്ച ചെയ്യും.
‘പെൻഷൻകാരെ സർക്കാർ ശത്രുക്കളായി കാണുന്നു’
ജീവിത സൂചിക ഉയരുമ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കും അൽപമെങ്കിലും ആശ്വാസം പകരാൻ അനുവദിക്കുന്ന ക്ഷാമാശ്വാസം പോലും അവകാശമല്ല, ഔദാര്യമാണെന്ന് വീമ്പിളക്കുന്ന പിണറായി സർക്കാർ പെൻഷൻകാരെ ശത്രുക്കളായി കാണുകയാണെന്ന് കെഎസ്എസ്പിഎ സംസ്ഥാന സമ്മേളന കൗൺസിൽ യോഗം കുറ്റപ്പെടുത്തി. 2024 ജൂലൈ മുതൽ ബാധകമാക്കേണ്ട
പെൻഷൻ പരിഷ്ക്കരണ നടപടി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണിൽ പൊടിയിട്ട് പരിമിതമായ വർധന നൽകി വോട്ട് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.
മെഡിസെപ്പിന്റെ പേരിൽ പെൻഷൻകാരുടെ പെൻഷനിൽ നിന്നു ഭീമമായ സംഖ്യ ഊറ്റി കമ്മിഷൻ അടിക്കുന്ന സർക്കാർ, പ്രീമിയം തുക ഏകപക്ഷീയമായി വർധിപ്പിച്ചു കബളിപ്പിക്കുകയാണ്.
ആരോഗ്യ പരിചരണം നൽകാതെ പ്രീമിയം അടിക്കടി വർധിപ്പിച്ച് പെൻഷൻകാരേയും ജീവനക്കാരേയും വഞ്ചിക്കുകയാണെന്നും കൗൺസിൽ യോഗം കുറ്റപ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

