കണ്ണൂർ ∙ കണ്ണൂരിൽ ജില്ലാ കലോത്സവത്തിന് ആവേശത്തുടക്കം. രചനാമത്സരങ്ങളായിരുന്നു ഇന്നലെ കൂടുതലെങ്കിലും ഭരതനാട്യം, ഓട്ടൻതുള്ളൽ, അറബനമുട്ട്, പൂരക്കളി തുടങ്ങി ഒട്ടേറെ സ്റ്റേജ് ഇനങ്ങളും നടന്നു.
രാവിലെ 9.30ന് തുടങ്ങേണ്ട പല മത്സരങ്ങളും അൽപം വൈകിയെങ്കിലും അതൊന്നും മത്സരാവേശത്തെ ബാധിച്ചില്ല.
കനത്തചൂടും വെയിലും അവഗണിച്ചു മത്സരാർഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്കളും നാട്ടുകാരുമെത്തി, കയ്യടികളോടെ മത്സരാർഥികൾക്കു കൂട്ടിരുന്നു.
പാട്ടുമേളയുമായി ഊട്ടുപുരയും സജീവമായി. മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ മാധ്യമപ്രവർത്തകർക്കുള്ള റജിസ്ട്രേഷന്റെ ഉദ്ഘാടനം കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി നിർവഹിച്ചു.
ഇന്ന് നാടോടിനൃത്തം, ഒപ്പന, ഭരതനാട്യം, കുച്ചിപ്പുഡി, നാടകം, കഥാപ്രസംഗം, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയവ നടക്കും. രാവിലെ 9.30 മുതലാണു മത്സരങ്ങൾ.
കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് 4 മണിക്കു കലക്ടർ അരുൺ കെ.വിജയൻ നിർവഹിക്കും. നടൻ ഉണ്ണിരാജ് മുഖ്യാതിഥിയാകും.
ഇടവേള കഴിഞ്ഞെത്തി സമ്മാനം നേടി
2 വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ കിഷൻ വി.പ്രദീഷ് ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളലിൽ എ ഗ്രേഡോടെ ഒന്നാമത്.
പാനൂർ പിആർഎം ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ കിഷൻ ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ഇതേ ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പിന്നീട് 2 വർഷം മത്സര രംഗത്തുണ്ടായിരുന്നില്ല.
മലയാളം-സംസ്കൃതം അക്ഷരശ്ലോകം, കൂടിയാട്ടം, ചാക്യാർകൂത്ത്, നാടകം, പാഠകം എന്നിങ്ങനെ 6 ഇനങ്ങളിൽ കൂടി മത്സരമുണ്ട്. കൂത്തുപറമ്പ് മലയാള കലാനിലയത്തിലെ കലാമണ്ഡലം മഹേന്ദ്രനാണ് ഗുരു.
അധ്യാപക ദമ്പതികളായ ചെണ്ടയാട്ടെ പി.പ്രദീഷിന്റെയും ബി.എൻ.നീതു കൃഷ്ണയുടെയും മകനാണ്.
അടിച്ചാശാനേ…..
‘മലർത്തിയടിച്ചാശാനേ…’ എന്ന് ആർത്തുവിളിച്ചാണു കരിവെള്ളൂർ എ.വി.സ്മാരക ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പൂരക്കളി ആശാൻ പ്രമോദ് ഗുരുക്കളെ തോളിലേറ്റിയത്.
പൂരക്കളിയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനതലത്തിലേക്കു യോഗ്യത നേടിയാണ് എ.വി.സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ വിജയാഘോഷം. കഴിഞ്ഞവർഷം, ഹൈസ്കൂൾ വിഭാഗത്തിൽ അപ്പീലിലൂടെയാണു സംസ്ഥാനതലത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ വെള്ളൂരിനോട് ഇഞ്ചോടിഞ്ചു മത്സരിച്ചാണു കരിവെള്ളൂർ ഒന്നാമതെത്തിയത്.
ഉദിനൂർ തടിയൻകൊവ്വൽ പ്രമോദ് ഗുരുക്കളുടെ കീഴിലാണു പരിശീലനം. ചെറുപ്പംമുതലേ പൂരക്കളി പഠിക്കുന്ന കുട്ടികൾക്കു സ്വതസിദ്ധമായ മെയ്വഴക്കമുണ്ട്.
അതൊന്നു മുറുക്കിയെടുക്കലാണ് ആശാന്റെ ജോലി. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ പ്രമോദിന്റെ 12 ടീമുകൾ മത്സരിച്ചിരുന്നു.
ഇക്കുറി മലപ്പുറം, കാസർകോട്, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണു പ്രമോദിന്റെ ടീമുകളുള്ളത്.
ഇക്കുറിയും തെറ്റിയില്ല ബാൻഡിൻ്റെ ഈണം
പതിവുതെറ്റിക്കാതെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം ബാൻഡ് മേളം മത്സരത്തിൽ സംസ്ഥാനതല യോഗ്യത നേടി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ.
റിട്ട.പൊലീസ് ഉദ്യോഗസ്ഥനായ ജോളിയാണു പരിശീലകൻ. 30 വർഷത്തിലേറെയായി ബാൻഡ് മേളത്തിൽ ഒന്നാമതെത്തുന്ന സ്കൂളാണ് സെന്റ് തെരേസാസ്.
ദേശീയ ബാൻഡ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മുന്നേറി കണ്ണൂർ നോർത്ത്
260 പോയിന്റുമായി കണ്ണൂർ നോർത്ത് ഉപജില്ലയാണു മുന്നിൽ. 235 പോയിന്റുമായി കണ്ണൂർ സൗത്തും
234 പോയിന്റുമായി പാനൂർ ഉപജില്ലയും തൊട്ടുപിന്നിലുണ്ട്.
230 പോയിന്റുമായി തളിപ്പറമ്പ് നോർത്ത് നാലാം സ്ഥാനത്താണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

