ഇരിട്ടി ∙ ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ശമനമില്ലാതെ കാട്ടാനക്കലി. ഇന്നലെ കോളജിലേക്കു പോകുകയായിരുന്ന വിദ്യാർഥിക്കുനേരെ മൊട്ടുക്കൊമ്പൻ പാഞ്ഞടുത്തു.
ബ്ലോക്ക് 9ലെ താമസക്കാരനായ സി.കെ.ആദിത്താണ് (17) ആനയുടെ മുൻപിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 7.30ന് ആണു സംഭവം.
ചിന്നം വിളിച്ചെത്തിയ ആനയ്ക്കു മുന്നിൽനിന്ന് ഓടിമാറിയ ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിൽക്കയറി രക്ഷപ്പെടുകയായിരുന്നു.
തലേന്നു വനപാലകർ തുരത്തിയ കാട്ടാനയാണു തിരികെയെത്തിയത്. കാക്കയങ്ങാട്ടെ ഐടിഐ വിദ്യാർഥിയായ ആദിത്ത് രാവിലെ കോളജിലേക്കു പോകുന്നതിനിടെയാണു സംഭവം.
ആന സ്ഥലത്തുനിന്നു മാറിയെന്ന് ഉറപ്പാക്കിയശേഷം മറ്റൊരു വഴിയെ ആദിത്ത് കോളജിലേക്കു പോയി. സംഭവമറിഞ്ഞു ആറളം ആർആർടി സംഘം സ്ഥലത്തെത്തി.
പുനരധിവാസ മേഖലയിൽ ഭീഷണി തീർത്ത മൊട്ടുക്കൊമ്പനെ കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗജമുക്തി ദൗത്യത്തിന്റെ ഭാഗമായി ബുധനാഴ്ച മണിക്കൂറുകൾ നീണ്ട
ശ്രമത്തിനൊടുവിലാണ് ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തിയത്. ഓടച്ചാൽ, കോട്ടപ്പാറ വഴിയാണ് ആനയെ കാട്ടിലേക്കു കയറ്റിവിട്ടത്.
തിരികെ വരാതിരിക്കാൻ വൈദ്യുതവേലി പുനഃസ്ഥാപിച്ചു. അതേസമയം 13 മണിക്കൂറിന് അകം ഇന്നലെ പുലർച്ചെയോടെ 4 കിലോമീറ്റർ മാറി പൂക്കുണ്ട് വഴി പഴയ മതിൽ പൊളിച്ച കൊമ്പൻ പുനരധിവാസ മേഖലയിൽ പ്രവേശിക്കുകയായിരുന്നു.
കൂടുതൽ പ്രശ്നക്കാരായി മോഴ, മൊട്ടക്കൊമ്പൻ, കല്ലേരിക്കൊമ്പൻ
∙ 30 – 40 ആനകൾ ഫാമിൽ ഇപ്പോഴും തമ്പടിച്ചു ഭീഷണി തീർക്കുന്നതായാണു നിഗമനം.
ഇതിൽ മോഴയും മൊട്ടുക്കൊമ്പനും കല്ലേരിക്കൊമ്പനുമാണു ഫാമിലും പരിസരമേഖലകളിലും കൂടുതൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. തലയെടുപ്പുള്ള വലിയ മോഴയാണ് ഏറ്റവും അക്രമകാരിയെന്നു നാട്ടുകാർ പറയുന്നു.
ആറളം ഫാമിൽനിന്നു കല്ലേരിമല ഭാഗത്തേക്കു പതിവായി പോകുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണു മറ്റൊരു ശല്യക്കാരനു കല്ലേരിക്കൊമ്പൻ എന്ന പേരുവീണത്. രാത്രിയാണെങ്കിൽ ലൈറ്റടിച്ചാൽ അതിനുനേരെ വരും.
പടക്കം പൊട്ടിച്ചാൽ കൂസലില്ലാതെ ശബ്ദംകേട്ട ഭാഗത്തേക്കുവരും.
വൻസന്നാഹങ്ങളുമായി തുരത്താൻ ശ്രമിച്ചാലും ഒട്ടും കൂസാതെ സാവധാനം നടന്നേപോകൂ. തിരിച്ചോടിച്ചു വനം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ ചരിത്രവുമുണ്ട്. മൊട്ടുപോലെ ചെറിയ കൊമ്പുകളുള്ള മൊട്ടുക്കൊമ്പനും സമാന സ്വഭാവക്കാരനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]