കണ്ണൂർ ∙ ടൗണിലും നഗര ദേശീയപാതയിലും മുഴുവൻ സമയമെന്നോണം ഗതാഗതക്കുരുക്കു പതിവാകുന്നു. കാലത്തും വൈകിട്ടും ഇതു പാരമ്യത്തിലെത്തുന്നു.
ദേശീയപാതയിലൂടെ നഗരപരിധി പിന്നിടാൻ മണിക്കൂറിലേറെ വേണ്ട അവസ്ഥയാണ്.
ഓണക്കാലം അടുത്ത സാഹചര്യത്തിൽ പരിഹാരത്തിനു നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
കാൽടെക്സ്
∙ നഗരത്തിൽ കാൽടെക്സിൽ എൻഎസ് ടാക്കീസ് റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് അവസാനിപ്പിക്കാൻ കഴിയാത്തതും വൺവേ സംവിധാനം നടപ്പാക്കാത്തതുമാണു മുഴുവൻസമയ ഗതാഗതക്കുരുക്കിനു കാരണമാകുന്നത്. കലക്ടറേറ്റിനു മുൻപിൽനിന്ന് ഇവിടേക്കു പ്രവേശിക്കുന്ന ഭാഗം തിരക്കുള്ള സമയത്തെങ്കിലും അടച്ച് ക്രമീകരിക്കാൻ കഴിഞ്ഞാൽ ആശ്വാസമാകും. പൊലീസ് ക്ലബ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഗാന്ധി സർക്കിളിലെ സിഗ്നൽ വഴി കാൽടെക്സ് ഭാഗത്തേക്കു കടത്തിവിട്ടാൽ കുരുക്കിനു പരിഹാരമാകും.
താഴെചൊവ്വ
∙താഴെചൊവ്വ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ തോട്ടട ഭാഗത്തേക്കു പോകേണ്ട
വാഹനങ്ങൾ, ബൈപാസ് റോഡിലേക്കും ആറ്റടപ്പ റോഡിലേക്കുമുള്ള വഴിയടക്കം തടസ്സപ്പെടുത്തി റോഡ് കയ്യേറി നിർത്തിയിടുന്നതാണു സ്ഥലത്തെ ഗതാഗതക്കുരുക്കിന്റെ ഒരു കാരണം. തലശ്ശേരി, കൂത്തുപറമ്പ്, തോട്ടട
ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റാൻ ബസുകൾ റോഡിൽത്തന്നെ നിർത്തിയിടുന്നതും കാരണമാണ്.
കാപ്പാട് റോഡിൽനിന്നു ദേശീയപാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തു വാഹനങ്ങൾ നിയന്ത്രിച്ചു കടത്തിവിടാൻ സ്ഥിരം പൊലീസ് സംവിധാമില്ലാത്തതും സ്ഥലത്തെ കുരുക്ക് രൂക്ഷമാക്കുന്നു. റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങൾ വരി പാലിക്കാനും കാപ്പാട് റോഡ് കവലയിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ മുഴുവൻ സമയ പൊലീസ് നിരീക്ഷണവും ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് ബേയും ഏർപ്പെടുത്തിയാൽ സ്ഥലത്തെ കുരുക്കിന് ആശ്വാസമാകും.
ചാല അമ്പലം സ്റ്റോപ്
∙തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ, ആറ്റടപ്പ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ഇരുഭാഗത്തേക്കും ഒറ്റ അടിപ്പാതയിലൂടെയാണു കടന്നുപോകുന്നത്. ദേശീയപാത നിർമാണം നടക്കുന്ന ബൈപാസിലെ ചാല അമ്പലം സ്റ്റോപ്പായ ഇവിടെയാണു തെക്കുനിന്നു നഗരത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങൾ കുരുക്കിലേക്കു കടക്കുന്നത്.
ഇവിടെ തുടങ്ങുന്ന കുരുക്കിൽ തങ്ങിത്തങ്ങിവേണം സമയമേറെ ചെലവഴിച്ചു നഗരത്തിലെത്താൻ. കൂത്തുപറമ്പ്, തലശ്ശേരി ഭാഗത്തേക്കുള്ള ദേശീയപാതയുടെ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കി വാഹനം കടത്തിവിട്ടാൽ, ചാല അമ്പലം സ്റ്റോപ്പിലെ കുരുക്കിനു പരിഹാരമാകും.
കിഴുത്തള്ളി
∙തോട്ടട
ദേശീയപാതയിലേക്കുള്ള റോഡും കണ്ണൂർ, കൂത്തുപറമ്പ്, തലശ്ശേരി ഭാഗത്തേക്കുള്ള ബൈപാസ് റോഡും ചേരുന്ന കിഴുത്തള്ളിയിൽ തോന്നിയതുപോലെ വാഹനങ്ങൾ കന്നുപോകുന്നതാണു കുരുക്കിനു പ്രധാന കാരണം. താഴെചൊവ്വ റെയിൽവേ ഗേറ്റ് അടച്ചാൽ തോട്ടട
വഴി തലശ്ശേരിയിലേക്കും കണ്ണൂരിലേക്കും പോകുന്ന വാഹനങ്ങൾ പഴയ കിഴുത്തള്ളി റോഡിലെ ഓവുപാലം വഴി കിഴുത്തള്ളി ബൈപാസിൽ പ്രവേശിച്ചാണു താഴെചൊവ്വ ഭാഗത്തേക്കു പോകുക. ഓവുപാലം ജംക്ഷനിൽനിന്നു തോട്ടട, കൂത്തുപറമ്പ്, കണ്ണൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ തോന്നിയതുപോലെ കടന്നുപോകാൻ ശ്രമിക്കുമ്പോൾ ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്.
മേലെചൊവ്വ
∙മട്ടന്നൂർ, കണ്ണൂർ, തലശ്ശേരി റോഡുകൾ ചേരുന്ന മേലെചൊവ്വ ജംക്ഷനിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതും റോഡിന്റെ വീതിക്കുറവുമാണു കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിനു കാരണം. സ്ഥലത്തെ കുരുക്ക് പരിഹരിക്കാനുള്ള മേൽപാലം പദ്ധതിയുടെ നിർമാണത്തിന്റെ ഭാഗമായി നിലവിലെ റോഡിന്റെ വീതി കുറയുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തിയതും കുരുക്കുണ്ടാക്കുന്നു.
തെഴുക്കിലെപീടിക
∙നഗര ദേശീയപാതയിൽ റോഡിനു വീതികുറവുള്ള സ്ഥലമാണു താഴെചൊവ്വ തെഴുക്കിലെപീടിക സ്റ്റോപ്. സിറ്റി റോഡ് പ്രവേശിക്കുന്ന ഇവിടെയും വാഹനങ്ങൾ ദേശീയപാതയിലേക്കു പ്രവേശിക്കുന്നതും ദേശീയപാതയിൽനിന്നു സിറ്റി റോഡിലേക്കു പ്രവേശിക്കുന്നതും നിയന്ത്രിക്കാൻ സ്ഥിരം പൊലീസ് സംവിധാനം വേണം.
കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ അരികു ചേർക്കാതെ റോഡിൽതന്നെ നിർത്തിയിട്ടു യാത്രക്കാരെ കയറ്റുന്നതും പിന്നിൽ വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ വലതുവശം ചേർന്നു പോകുന്ന ബസുകൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തെത്തുമ്പോൾ റോഡിന്റെ ഇടതുവശത്തേക്കു പെട്ടെന്നു മാറുന്നതും തിരിച്ചുകയറുന്നതും മിക്ക സ്ഥലത്തും കുരുക്കിനു കാരണമാകുന്നു.
അടുത്തടുത്ത സ്റ്റോപ്പുകളിൽ നിർത്തുന്ന ബസുകൾ ഇടതുവശം ചേർന്നുപോയാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]