
തലശ്ശേരി∙ കൊടുവള്ളി റെയിൽവേ മേൽപാലം ഉദ്ഘാടനത്തിനൊരുങ്ങി. അവസാന മിനുക്ക് പണികൾ 30നകം പൂർത്തീകരിക്കാൻ അധികൃതർ നിർദേശം നൽകി.
പെയ്ന്റിങ് ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ദേശീയപാതയിൽ കൊടുവള്ളിയിൽ നിന്ന് മമ്പറം റോഡിലേക്ക് 314 മീറ്റർ നീളത്തിലും 2 ലൈൻ റോഡും ഫൂട്പാത്തും ഉൾപ്പെടെ 10.05 മീറ്റർ വീതിയിലുമാണ് മേൽപാലം പൂർത്തിയാക്കിയത്.
7.5 മീറ്റർ കാര്യേജ് വേയാണ്. സ്റ്റീൽ കോൺക്രീറ്റ് കോംപോസിറ്റ് സ്ട്രക്ചറായാണ് നിർമാണം.
പൈലും, പൈൽ ക്യാപ്പും കോൺക്രീറ്റാണ്.
പിയറും പിയർക്യാപ്പും ഗർഡറും സ്റ്റീലും ഡക് സ്കാബ് കോൺക്രീറ്റുമായാണ് നിർമാണം പൂർത്തീകരിച്ചത്. കേരളത്തിൽ ആദ്യ സംരംഭമാണിത്.
36.37 കോടി രൂപ ചെലവിലാണ് പാലം പൂർത്തീകരിച്ചത്. റെയിൽവേ സ്പാനിന്റെ നിർമാണം റെയിൽവേ നേരിട്ട് പൂർത്തീകരിച്ചു.
3 കോടി രൂപയാണ് ഇതിന് ചെലവ്. റെയിൽഭാഗം ഒഴിച്ചുള്ള നിർമാണ ചെലവ് 17.12 കോടി രൂപയാണ്.
പാലം നിർമാണത്തിനായി 27 പേരിൽ നിന്നായി 123.6 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്തു. ഇതിന് 16.25 കോടി രൂപ ചെലവഴിച്ചു.
സംസ്ഥാനം 26.31 കോടി രൂപയും റെയിൽവേ 10.06 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചത്.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയായിരുന്നു നിർമാണം.ദേശീയപാതയിൽ കൊടുവള്ളി ആമുക്ക പള്ളിക്ക് മുൻപിൽ നിന്ന് തുടങ്ങി കൊടുവള്ളി– മമ്പറം റോഡിൽ ഇല്ലിക്കുന്നിലാണ് പാലം അവസാനിക്കുന്നത്. മേൽപാലത്തിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് പ്രവേശനം നൽകാനായി എൻഎച്ചിൽ നിന്ന് 4 മീറ്റർ വീതിയിൽ 210 മീറ്റർ സർവീസ് റോഡും നിർമിച്ചു.
പാലത്തിലേക്കുള്ള സ്റ്റെയർകേസിന്റെ പണി ബാക്കിയുണ്ട്. അത് ഉദ്ഘാടനത്തിന് ശേഷവും നടത്താനാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സമയത്തിനനുസരിച്ച് ഉദ്ഘാടന തീയതി തീരുമാനിക്കുമെന്നാണ് അറിയുന്നത്.
എസ്പിഎൽ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാണം നടത്തിയത്. ആർബിഡിസികെയാണ് വിശദമായ സാങ്കേതിക പഠനത്തിന് ശേഷം പദ്ധതി രേഖ സമർപ്പിച്ചത്.
റൈറ്റ്സ് എന്ന കമ്പനിയായിരുന്നു കൺസൽട്ടന്റ്. കൊടുവള്ളി മേൽപാലം യാഥാർഥ്യമാവുന്നതോടെ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുൾപ്പെടെ പിണറായി മമ്പറം, അഞ്ചരക്കണ്ടി, ശ്രീകണ്ഠപുരം തുടങ്ങി വിശാലമായ പ്രദേശത്തേക്കുള്ള യാത്രക്കാർക്ക് റെയിൽവേ ഗേറ്റിലെ കുരുക്ക് ഒഴിവായി കിട്ടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]