
കണ്ണൂർ ജില്ലയിൽ ഉള്ളത് 22,000 തെരുവുനായ്ക്കൾ; ഇവ ഇല്ലാതായാൽ കുറുക്കനും കുറുനരിയും നാട്ടിലിറങ്ങും
കണ്ണൂർ ∙ 2019ലെ സെൻസസ് പ്രകാരം ജില്ലയിൽ 71,721 നായ്ക്കളുണ്ടെന്നാണു കണക്ക്. ഇതിൽ, 22,666 എണ്ണം തെരുവുനായ്ക്കളാണ്.
2024ൽ സെൻസസ് എടുത്തിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. തെരുവുനായ്ക്കൾ ഇല്ലാതായാൽ കുറുക്കനും കുറുനരിയും നാട്ടിലിറങ്ങും.
പക്ഷേ, തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ തടസ്സം പലത്:
1. വന്ധ്യംകരണ സംവിധാനം കുറവ്
ജില്ലയിലെ നായ്ക്കളുടെ എണ്ണത്തിനനുസരിച്ച് വന്ധ്യംകരണ സംവിധാനമില്ല.
പടിയൂരിലാണ് അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രമുള്ളത്. ഏപ്രിൽ–മേയ് മാസങ്ങളിൽ വന്ധ്യംകരണം നടത്തിയത് 266 നായ്ക്കളെയാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ എസ്.സന്തോഷ് പറഞ്ഞു.
പടിയൂരിൽ 55 ലക്ഷം രൂപ ചെലവിൽ ഒരു യൂണിറ്റ് കൂടി ഈ വർഷം തുടങ്ങും. ഇതു വരുന്നതോടെ പ്രതിദിനം വന്ധ്യംകരണം ചെയ്യുന്ന നായകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആകും. പാപ്പിനിശ്ശേരിയിലുണ്ടായിരുന്ന എബിസിയിൽ 8114 നായ്ക്കളെ വന്ധ്യംകരണം ചെയ്തിരുന്നു.
എന്നാൽ, കോവിഡിനു ശേഷം കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തി. 2.
മാലിന്യ സംസ്കരണം കാര്യക്ഷമമല്ല
വലിച്ചെറിയുന്ന മാലിന്യം നായ്ക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. നായ്ക്കൾ ചിലയിടങ്ങളിൽ കേന്ദ്രീകരിക്കാനും വഴിതെളിക്കും.
ഹോട്ടലുകൾ, വീടുകൾ, തട്ടുകടകൾ തുടങ്ങി എല്ലായിടത്തും പരിസര ശുചീകരണം സാധ്യമാക്കണം. അതിനു ഭരണകൂടത്തെ പഴിചാരിയിട്ടു മാത്രം കാര്യമില്ല.
പരിസരശുചീകരണം തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം.
3. വളർത്തുനായ്ക്കൾ തെരുവിൽ
പലപ്പോഴും വീട്ടിൽ വളർത്തുന്ന നായ്ക്കളാണു പിന്നീട് തെരുവിലേക്കു വലിച്ചെറിയപ്പെടുന്നത്.
മൃഗപരിപാലനം ഒരു കൗതുകത്തിനു തുടങ്ങേണ്ടതല്ല. അനാഥനായ്ക്കളെ ദത്തെടുക്കാനുള്ള അവസരങ്ങൾ വിപുലപ്പെടുത്തുകയും വേണം. 4.
ഡോഗ് ക്യാച്ചർമാർ കുറവ്
കുടുംബശ്രീ വനിതകളുൾപ്പെടെ ഡോഗ് ക്യാച്ചർമാരായുണ്ടായിരുന്നു. എന്നാൽ, നിലവിൽ, ആളെക്കിട്ടാനില്ല.
തദ്ദേശസ്ഥാപനങ്ങൾ തുക വകയിരുത്താത്തതും ആവശ്യത്തിന് ഡോഗ് ക്യാച്ചർമാരെ കിട്ടാത്തതും വന്ധ്യംകരണത്തെ പിന്നോട്ടടിക്കുന്നുണ്ട്. ഡോഗ് ക്യാച്ചർമാർക്കു പരിശീലനം നൽകണം.
തെരുവുനായ ആക്രമണം: കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വൻ പ്രതിഷേധം; മേയറുടെ മൈക്ക് തട്ടിപ്പറിച്ച് എൽഡിഎഫ് കൗൺസിലർമാർ
കണ്ണൂർ നഗരത്തിൽ തെരുവുനായശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ മേയറുടെ ഡയസിലെത്തി പ്രതിഷേധിച്ച എൽഡിഎഫ് കൗൺസിലർമാരെ യുഡിഎഫ് കൗൺസിലർമാർ തടയുന്നു.
ചിത്രം: മനോരമ
കണ്ണൂർ ∙ നഗരത്തിൽ 2 ദിവസത്തിനിടെ 75 പേരെ തെരുവുനായ ആക്രമിച്ച സംഭവത്തിൽ ഇന്നലെ നടന്ന കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വൻപ്രതിഷേധം. ഡയസിൽ കയറി മേയറുടെ മൈക്ക് തട്ടിപ്പറിച്ച് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
യുഡിഎഫ് കൗൺസിലർമാർ മേയർക്ക് വലയം തീർത്തു. ഹാളിനു പുറത്ത് നിലയുറപ്പിച്ച പൊലീസിനെ മറികടന്ന് കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രതിഷേധവുമായെത്തിയതോടെ 74 അജൻഡകളും പാസാക്കിയതായി അറിയിച്ച് മേയർ ചേമ്പറിലേക്കു മടങ്ങി.
തെരുവുനായ്ക്കളെ തടയാൻ കോർപറേഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച എൽഡിഎഫ് കൗൺസിലർമാർ പ്രകടനമായി കോർപറേഷൻ ഓഫിസിൽനിന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ.
ചിത്രം: മനോരമ
തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് എൽഡിഎഫ് കൗൺസിലർമാരും സിപിഎം പ്രവർത്തകരും കോർപറേഷനിലേക്ക് എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം കൗൺസിൽ ഹാളിനു പുറത്തും കോർപറേഷൻ കോംപൗണ്ടിലും എത്തിയിരുന്നു.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കൗൺസിൽ നടപടിയിലേക്ക് കടക്കുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചതോടെ എൽഡിഎഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി.
കണ്ണൂർ നഗരത്തിലെ തെരുവുനായശല്യം തടയാൻ കോർപറേഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ച സിപിഎം പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ
ഡയസിൽ കയറിയ എൽഡിഎഫ് കൗൺസിലർമാർ മേയറുടെ മൈക്ക് പിടിച്ചുവാങ്ങി.
ഇതോടെ യുഡിഎഫ് കൗൺസിലർമാർ മേയർക്ക് വലയംതീർത്തു. എൽഡിഎഫ്–യുഡിഎഫ് കൗൺസിലർമാർ തമ്മിൽ ഏറെനേരം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
പ്രതിഷേധത്തിനിടെ മുഴുവൻ അജൻഡകളും പാസാക്കിയതായി അറിയിച്ച് മേയർ മടങ്ങി. ഇതിനിടെ കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സിപിഎം പ്രവർത്തകരെ പൊലീസ് തടഞ്ഞു.
ഏറെനേരം പൊലീസുമായി പ്രവർത്തകർ ബലപ്രയോഗം തുടർന്നു. പിന്നീട് പുറത്തിറങ്ങിയ സിപിഎം പ്രവർത്തകരും എൽഡിഎഫ് കൗൺസിലർമാരും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് പ്രത്യേക കൗൺസിൽ തെരുവുനായ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കോർപറേഷനിൽ പ്രത്യേക കൗൺസിൽ യോഗം ചേരും.
തെരുവുനായ ശല്യം സംബന്ധിച്ച് ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ ആവശ്യമായ നടപടി ഇന്നത്തെ കൗൺസിൽ തീരുമാനിക്കുമെന്ന് മേയർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധവുമായി ബിജെപി
കണ്ണൂർ കോർപറേഷൻ ഓഫിസിൽ കയറി പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ
തെരുവുനായ ശല്യം പരിഹരിക്കാത്തതിനെതിരെ കോർപറേഷനിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.
കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബിനിൽ കണ്ണൂർ, ജനറൽ സെക്രട്ടറിമാരായ ജിജു വിജയൻ, എം.വി.ഷഗിൽ, ട്രഷറർ ഷിജോ സുന്ദർ, അക്ഷയ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. അറസ്റ്റിലേക്ക് നീങ്ങുമെന്ന് അറിയിച്ചതോടെ പ്രവർത്തകർ പിന്തിരിഞ്ഞു. തെരുവുനായശല്യം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൃത്യമായ സർക്കാർ നിർദേശങ്ങളില്ല: മേയർ കണ്ണൂർ ∙ തെരുവുനായശല്യം നിയന്ത്രിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്നു സർക്കാർ പറയുമ്പോഴും ഇതു സംബന്ധിച്ച് കൃത്യമായ നിർദേശങ്ങളില്ലെന്ന് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിട്ടില്ല. ഏതെങ്കിലും സാഹചര്യത്തിൽ തെരുവുനായ കൊല്ലപ്പെട്ടാൽ കേസെടുക്കുന്ന പ്രവണതയാണുള്ളത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമ നിർമാണം നടത്താൻ സാധ്യമല്ല. എന്നിരുന്നിട്ടും കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തെരുവുനായ വിഷയത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം പ്രഹസനമാണ്.
എബിസി പദ്ധതിക്കായി കോർപറേഷൻ വിഹിതം ജില്ലാ പഞ്ചായത്തിന് നൽകുന്നുണ്ട്. രണ്ട് വർഷങ്ങളിലായി 20 ലക്ഷം രൂപയും ഈ വർഷം 5 ലക്ഷവും എബിസി പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളതാണ്.
തെരുവുനായ്ക്കളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്നും മേയർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]