
പയ്യന്നൂർ ∙ കൃഷി വകുപ്പിന്റെ കർഷകദിനാചരണ പരിപാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധത്തെത്തുടർന്ന് സിപിഐ നേതാവ് ഇറങ്ങിപ്പോയി. കുഞ്ഞിമംഗലം പഞ്ചായത്തുതല കർഷകദിനാചരണ പരിപാടിയിലാണ് സംഭവം.
പരിപാടിയിൽ സിപിഐയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിപിഐ മുൻ ജില്ലാ കമ്മിറ്റി അംഗം പി.ലക്ഷ്മണനാണ് ഇറങ്ങിപ്പോയത്. പരിപാടിയിൽ കർഷകസംഘത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത മുൻ ഡിവൈഎഫ്ഐ നേതാവ് പ്രജീഷ് തന്റെ പ്രസംഗത്തിൽ വേദിയിലിരുന്ന ലക്ഷ്മണനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
‘കൃഷിയോഗ്യമായ സ്ഥലം മണ്ണിട്ടുനികത്തി സ്വാധീനമുപയോഗിച്ച് അന്യായമായി രേഖയുണ്ടാക്കിയ ആളാണ് ലക്ഷ്മണൻ.
അതിനെതിരെ പ്രതിഷേധമുയർത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരടക്കം ഇപ്പോൾ കേസിൽ പ്രതികളാണ്. ഇങ്ങനെയൊരാളെ ഇത്തരമൊരു വേദിയിൽ വിളിച്ചിരുത്തി കർഷകരെയും ജനങ്ങളെയും അപമാനിക്കാൻ പഞ്ചായത്തോ കൃഷിഭവനോ കൂട്ടുനിൽക്കാൻ പാടില്ല.
വലിയ പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്. ഇദ്ദേഹത്തെ ഈ വേദിയിൽ പ്രസംഗിക്കാൻ അനുവദിക്കാൻ പാടില്ല’.
പ്രജീഷ് പ്രസംഗത്തിൽ പറഞ്ഞു.
പ്രജീഷിന്റെ പ്രസംഗത്തിനുശേഷം, അധ്യക്ഷനായ വൈസ് പ്രസിഡന്റ് അടുത്തയാളെ പ്രസംഗിക്കാൻ വിളിച്ചപ്പോൾ ലക്ഷ്മണൻ പ്രസംഗിക്കാനില്ലെന്നു പറഞ്ഞു വേദിയിൽനിന്ന് ഇറങ്ങുകയായിരുന്നു. ഈസമയം, സ്റ്റേജിനു സമീപത്തുവച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.
വേദിവിട്ടു പോകുന്ന ലക്ഷ്മണനെ നോക്കി ‘ഇവരെയുംവച്ചല്ലേ നമ്മൾ ഇലക്ഷന് പോകേണ്ടത്. അവിടെയും ഇവിടെയും ഒറ്റുകൊടുത്തിട്ട് ഇവരെയുംവച്ച് എന്ത് വിശ്വസിച്ചിട്ടാ ഇലക്ഷനു പോകേണ്ടത്.’ എന്ന് പ്രവർത്തകർ ചോദിക്കുന്നുണ്ടായിരുന്നു.ലക്ഷ്മണൻ മകന് വീട് നിർമിക്കാൻ എന്ന പേരിൽ 10 സെന്റ് കൃഷി ഭൂമി തരം മാറ്റി തീയക്ഷേമ സമിതിക്ക് വിൽപന നടത്തിയിരുന്നു.
ഇതേചൊല്ലി പഞ്ചായത്തിൽ സിപിഎം – സിപിഐ പ്രശ്നം നിലനിൽക്കുന്നുണ്ട്.
അപലപനീയമെന്ന് സിപിഐ
∙ കർഷകദിനാചരണ പരിപാടി അലങ്കോലപ്പെടുത്തുകയും സിപിഐ പ്രതിനിധി പി.ലക്ഷ്മണനെ ആശംസ പ്രസംഗത്തിന് അനുവദിക്കാതിരുക്കുകയും ചെയ്തത് അപലപനീയമാണെന്ന് സിപിഐ പയ്യന്നൂർ മണ്ഡലം സെക്രട്ടറി വി.ബാലൻ പറഞ്ഞു. സർക്കാർ പരിപാടി അലങ്കോലപ്പെടുത്താൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ അതുതടയാൻ ശ്രമിക്കുന്നതിനുപകരം മൗനാനുവാദം നൽകിയ നേതാക്കൾ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കാൻ കൂട്ടുനിൽക്കുകയായിരുന്നു. കൃഷി വകുപ്പ് ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]