പ്രധാനവില്ലൻ പാമ്പ്; 5 വർഷത്തിനിടെ കണ്ണൂർ ജില്ലയിൽ പാമ്പുകടിയേറ്റ് മരിച്ചത് 31 പേർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ 5 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് പാമ്പുകടിയേറ്റ്. 31 മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ആനയുടെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ ഡിഎഫ്ഒ എസ്. വൈശാഖാണ് ഈ കണക്ക് അവതരിപ്പിച്ചത്.ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യമുണ്ട്. 90 ശതമാനം പഞ്ചായത്തുകളിലും കുരങ്ങിന്റെ ശല്യവും 85 ശതമാനം പഞ്ചായത്തുകളിലും പാമ്പിന്റെ ശല്യവും പുലിയുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൃഷി ചെയ്യുമ്പോൾ ഒാർക്കുക
∙ വനപ്രദേശത്തോട് ചേർന്ന് വാഴ, തെങ്ങ്, കമുക് പോലുള്ള കൃഷികൾ ചെയ്യുന്നത് വന്യമൃഗങ്ങളെ ആകർഷിക്കും. ഇത്തരം കൃഷികൾ ഒഴിവാക്കുന്നതിനു കർഷകർക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനും തേനീച്ച വളർത്തൽ പോലെയുള്ള കൃഷി രീതികൾ പരീക്ഷിക്കുന്നതിനും കൃഷി വകുപ്പിന് നിർദേശം നൽകി.
മനുഷ്യ – വന്യജീവി സംഘർഷം തടയാൻ പ്ലാൻ തയാർ
∙ മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാൻ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിന് യോഗത്തിൽ തീരുമാനമായി.തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിക്കാടുകൾ തെളിക്കുക, കാടുപിടിച്ചു കിടക്കുന്ന സ്വകാര്യഭൂമി വൃത്തിയാക്കുക, ഫെൻസിങ് സ്ഥാപിക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ വൊളന്റിയർമാർക്ക് പരിശീലനം നൽകുക, ലൈസൻസോടു കൂടിയ തോക്ക് കൈവശമുള്ള വ്യക്തികളുടെ പട്ടിക തയാറാക്കുക തുടങ്ങിയ നിർദേശങ്ങളാണ് യോഗത്തിൽ നൽകിയത്. പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കുന്നതിനു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആന്റിവെനം സൂക്ഷിക്കുന്നതിന് ആരോഗ്യവകുപ്പിന് യോഗം നിർദേശം നൽകി. വനപ്രദേശത്തോട് ചേർന്നു വാറ്റ് തടയുന്നതിന് എക്സൈസ് വകുപ്പിന്റെ പരിശോധന കർശനമാക്കുന്നതിനും തീരുമാനമായി. അടിയന്തര ഘട്ടങ്ങളിൽ വനം വകുപ്പിന് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി എടുക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനും കൂടു വച്ച് പിടിക്കുന്നവയെ നീക്കം ചെയ്യുന്നതിനും സാഹചര്യമൊരുക്കുന്നതിനു പൊലീസ് ഇടപെടൽ കാര്യക്ഷമമാക്കുക എന്നീ നിർദേശങ്ങൾ യോഗം അംഗീകരിച്ചു.
വനം വകുപ്പ് തയാറാക്കിയ മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ പ്ലാനിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അടങ്ങുന്ന സമിതി അംഗീകാരം നൽകി.അഗ്രികൾചർ ഡപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്.നായർ, സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി കൺസർവേറ്റർ ജോസ് മാത്യു, ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, പിഡബ്ല്യുഡി ബിൽഡിങ്സ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, കണ്ണൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് എസ്ഐ സി. വി ഗോവിന്ദൻ എന്നിവരും പങ്കെടുത്തു.