കണ്ണൂർ∙ കനത്തമഴയിൽ ദുരന്തമുണ്ടായ തളിപ്പറമ്പ് കപ്പണത്തട്ട് ദേശീയപാതയിലെ മണ്ണുനീക്കാൻ നടപടിയായില്ല. ഇടിഞ്ഞ മണ്ണും പാറയും റോഡിലേക്കു വീഴാതിരിക്കാൻ കരിങ്കല്ല് കൂട്ടിയിട്ടതിനു സമീപത്തു കൂടെയാണ് ഇപ്പോഴും യാത്ര.
ഈ റോഡിലെ ടാറിങ് തകർന്നതും യാത്ര പ്രയാസമാക്കുന്നു. മേയ് അവസാനമാണ് കപ്പണത്തട്ടിൽ മണ്ണിടിഞ്ഞ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടത്. ദേശീയപാത നിർമാണത്തിന് മണ്ണെടുത്ത സ്ഥലത്താണ് അപകടമുണ്ടായത്.
കനത്തമഴയിൽ ഇവിടെനിന്ന് മണ്ണ് ഇരച്ചെത്തി താഴെയുള്ള സിഎച്ച് നഗറിലെ ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതായിരുന്നു.
കപ്പണത്തട്ടിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ രൂക്ഷമായപ്പോൾ ഗതാഗതം വഴിതിരിച്ചുവിട്ടാണ് മണ്ണൊലിപ്പു തടയാൻ സംവിധാനമൊരുക്കിയത്. മണൽച്ചാക്ക് നിരത്തിവച്ചും കരിങ്കൽ കഷണങ്ങൾ കൂട്ടിയിട്ടുമാണ് മണ്ണൊലിച്ചെത്തുന്നത് തടഞ്ഞത്. എന്നാൽ മഴ മാറിയിട്ടും ഇതൊന്നും നീക്കം ചെയ്യാൻ ദേശീയപാത നിർമാണക്കമ്പനി തയാറായിട്ടില്ല. നിലവിലുള്ള റോഡിൽ ടാറിങ് തകർന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
പുളിമ്പറമ്പ്– കണികുന്ന് ഭാഗത്തും മണ്ണ് നീക്കിയില്ല
തളിപ്പറമ്പ്– പട്ടുവം റോഡിൽ പുളിമ്പറമ്പ്–കണികുന്ന് ഭാഗത്തും ഇതുതന്നെയാണ് അവസ്ഥ. ദേശീയപാത നിർമാണം നടക്കുന്ന ഇവിടെ 20 മീറ്ററോളം താഴ്ചയിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
ഇരുവശത്തുനിന്നും ഇടിഞ്ഞ മണ്ണ് ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതിലൂടെയും പേടിയോടെയാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്.
മൺതിട്ടയുടെ ഇരുഭാഗത്തും പൂശിയ സിമന്റ് മിശ്രിതം ആദ്യ മഴയിൽ തന്നെ ഇടിഞ്ഞുവീണിരുന്നു. ബൈപാസിന്റെ മേൽപാല നിർമാണത്തിനുള്ള തൂണുകൾ നിർമിക്കുന്നതിന്റെ കമ്പികൾ സ്ഥാപിച്ചതിന് മുകളിലേക്കാണ് മണ്ണും കോൺക്രീറ്റ് മിശ്രിതവും ഉൾപ്പെടെ ഇടിഞ്ഞുവീണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]