ഇരിട്ടി∙ മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 18 കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തനം ആരംഭിച്ചു. ആദ്യദിനം രേഖാമൂലം 7 പരാതികൾ ലഭിച്ചപ്പോൾ നിരവധി പേർ നേരിട്ടെത്തി വന്യമൃഗ ശല്യവും വിളനാശം വരുത്തിയതിന് നഷ്ടപരിഹാരം ലഭിക്കാത്തതും അറിയിച്ചു.
പരിഹാരം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും ഉണ്ടായി.
45 ദിവസം നീളുന്ന പ്രതിരോധ പ്രവർത്തന പദ്ധതിയുടെ ഭാഗമായി ആറളം, അയ്യൻകുന്ന്, കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്, ചിറ്റാരിപ്പറമ്പ്, ത്രിപ്പങ്ങോട്ടൂർ, പാട്യം, ചെറുപുഴ, ഉദയഗിരി, നടുവിൽ, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളിലും ആറളം വന്യജീവി സങ്കേതത്തിലെ വളയംചാൽ, കണ്ണൂർ വനം ഡിവിഷനിലെ കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് എന്നീ റേഞ്ചുകളിലും ആണ് ഹെൽപ് ഡെസ്കുകൾ തുറന്നു ബീറ്റ് ഫോറസ്റ്റ് ഓഫിസറെ ഫെസിലിറ്റേറ്റർ ആയി നിയോഗിച്ചു സ്ഥിരം സാന്നിധ്യത്തോടെ പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. ഹെൽപ് ഡെസ്ക്കുകൾ 30 വരെ പ്രവർത്തിക്കും.
ജില്ലയിൽ വന്യമൃഗശല്യം രൂക്ഷമായിട്ടുള്ള മേഖലകളെന്ന നിലയിലാണു ഈ 18 കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്.
വനംവകുപ്പിന്റെ സേവനങ്ങൾ, വിളനാശം, നഷ്ടപരിഹാരം വൈകുന്നത്, സുരക്ഷാഭീഷണി, സോളർവേലി, അതിർത്തി മതിൽ എന്നിവ സംബന്ധിച്ച പരാതികളും സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും ഹെൽപ് ഡെസ്കിൽ സമർപ്പിക്കാമെന്നും അവസരം പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഡിഎഫ്ഒ ജോസ് മാത്യു അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 31 ന് ഉദ്ഘാടനം ചെയ്ത തീവ്രയജ്ഞ പരിപാടി 3 ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.
ഘട്ടം – 1
ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്ന ഈ മാസം 30 വരെയുള്ള സമയം.
പഞ്ചായത്തുതല സമിതിയുടെ നേതൃത്വത്തിൽ ത്രിതല ജനപ്രതിനിധികളും പൊതുജനങ്ങളും ആശയ വിനിമയം നടത്തി വിവരശേഖരണം പൂർത്തിയാക്കണം.
ഘട്ടം – 2
ഒക്ടോബർ 1 മുതൽ 15 വരെ. ആദ്യ ഘട്ടത്തിൽ പ്രാദേശികമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പ്രദേശത്തെ എംഎൽഎമാരെ ഉൾപ്പെടെ പങ്കാളികളാക്കി ജില്ലാതല സമിതിയുടെ സഹകരണത്തോടെ പരിഹാരം ഉണ്ടാക്കുക.
ഘട്ടം – 3
ഒക്ടോബർ 16 മുതൽ 30 വരെ.
ജില്ലാതലത്തിലും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ സംസ്ഥാനതലത്തിൽ സർക്കാർ മുൻപാകെ അവതരിപ്പിച്ചു പരിഹാര മാർഗങ്ങൾ കണ്ടെത്തണം. മന്ത്രിമാർക്കും വകുപ്പ് മേധാവികൾക്കും പുറമേ പ്രദേശത്തെ എംഎൽഎമാരും ത്രിതല പഞ്ചായത്തുകളുടെ പ്രതിനിധികളും ഈ ഘട്ടത്തിൽ പങ്കാളികളാകും.
ലാൻഡ്സ്കേപ് അടിസ്ഥാനത്തിൽ വിവിധ ക്ലസ്റ്ററുകൾ രൂപീകരിച്ചാകും പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]